'കൃത്രിം' എന്ന പേരില്‍ എഐ ചാറ്റ്‌ബോട്ട് അവതരിപ്പിച്ച് ഒല. കഴിഞ്ഞ ദിവസം ഒല സിഇഒ ഭവിഷ് അഗര്‍വാളാണ് 'ഇന്ത്യയുടെ സ്വന്തം എഐ' എന്ന വിശേഷണത്തോടെ കൃത്രിം എഐ പബ്ലിക്ക് ബീറ്റ പുറത്തിറക്കിയത്. https://chat.olakrutrim.com എന്ന യുആര്‍എലില്‍ ഇത് ഉപയോഗിക്കാം. ചാറ്റ്‌ബോട്ട് നിരവധി അപ്‌ഗ്രേഡുകള്‍ക്ക് വിധേയമാവുമെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,

കൃത്രിമം എന്നര്‍ത്ഥം വരുന്ന സംസ്‌കൃത വാക്കാണ് 'കൃത്രിം'. പ്രാദേശികമായ ഇന്ത്യന്‍ അറിവുകളിലും, ഭാഷകളിലും ഡേറ്റയിലുമാണ് കൃത്രിം എഐയെ പരിശീലിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 20 ഭാഷകള്‍ മനസിലാക്കാന്‍ കഴിവുള്ള എഐ ചാറ്റ്‌ബോട്ടിന് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, മറാത്തി, കന്നട, ഗുജറാത്തി ഉള്‍പ്പടെ 10 ഭാഷകളില്‍ എഴുതാന്‍ കഴിവുണ്ട്. 

'ഇത് ഞങ്ങളെ സംബന്ധിച്ച് തുടക്കമാണ്. ഞങ്ങളുടെ ആദ്യ തലമുറ ഉല്പന്നമാണ്. ഇനിയും ഏറെ കാര്യങ്ങള്‍ വരാനുണ്ട്. ഇതില്‍ ഇനിയും ഗണ്യമായ മാറ്റങ്ങള്‍ വരും. നിങ്ങളുടെ അഭിപ്രായം അറിയിക്കുക',  അഗര്‍വാള്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. അതേസമയം വസ്തുതാപരമായി പിശകുകളുള്ള മറുപടികള്‍ ചാറ്റ്‌ബോട്ടില്‍ നിന്ന് ലഭിച്ചേക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

അതേസമയം, ഇതിനകം ഒട്ടേറെ പിഴവുകള്‍ ചാറ്റ്‌ബോട്ടിന് സംഭവിച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ഹിലരി ക്ലിന്റണ്‍ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടുവെന്നും 1983 ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയത് വെസ്റ്റ് ഇന്‍ഡീസ് ടീം ആണെന്നുമെല്ലാം ചാറ്റ്‌ബോട്ട് മറുപടി നല്‍കി. ഒല പുറത്തിറക്കിയ ചാറ്റ്‌ബോട്ട് ഇന്ത്യയിലെ മികച്ച ഇ-സ്‌കൂട്ടര്‍ ഏതെന്ന ചോദ്യത്തിന് എതര്‍ ഇവി എന്നാണ് മറുപടി നല്‍കിയത്.