നത്തിങ്ങിന്റെ ഉപബ്രാന്റായ സി.എം.എഫ്. ഫോണ്‍ 1 പുറത്തിറക്കി. 50 എം.പി. സോണി റിയര്‍ ക്യാമറ 6.67 ഇഞ്ച് 120 ഹെര്‍ട്‌സ് ഡിസ്‌പ്ലേ, മീഡിയാടെക്ക് ഡൈമെന്‍സിറ്റി 7300 5ജി പ്രൊസസര്‍, 5000 എം.എ.എച്ച്. ബാറ്ററി എന്നിവയാണ് നത്തിങ് ഫോണ്‍ 1-ന്റെ പ്രധാന സവിശേഷതകള്‍.

To advertise here,

സ്മാര്‍ട്‌ഫോണുകളുടെ പതിവ് രൂപകല്‍പനയില്‍നിന്ന് വ്യത്യസ്തമായ രീതിയിലാണ് സി.എം.എഫ്. ഫോണ്‍ ഒരുക്കിയിട്ടുള്ളത്. ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ ബാക്ക് കേസ് ആണ്. വളരെ എളുപ്പം ഊരിയെടുക്കാനും ഘടിപ്പിക്കാനും കഴിയുന്ന ബാക്ക് പാനലാണിതിന്. ഇക്കാരണം കൊണ്ടുതന്നെ ഫോണ്‍ റിപ്പയറിങ് വളരെ എളുപ്പമാവുന്നു. പലനിറത്തിലുള്ള ബാക്ക് കേസുകള്‍ ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മാറ്റി ഉപയോഗിക്കുകയും ചെയ്യാം. പഴയ നോക്കിയ ഫോണുകളിലും റിമൂവബിള്‍ ബാറ്ററിയുണ്ടായിരുന്ന സ്മാര്‍ട്‌ഫോണുകളിലും സമാനമായ റിമൂവബിള്‍ പാനലുകള്‍ ഉപയോഗിക്കാനാകുമായിരുന്നു. 

പ്ലാസ്റ്റിക് നിര്‍മിതമാണ് ബാക്ക് പാനലും അനുബന്ധ ഭാഗങ്ങളും. ഫോണിനൊപ്പം ടൈപ്പ് സി കേബിളുണ്ട്. അഡാപ്റ്റര്‍ ഇല്ല. സിം ഇജ്ക്ടറിനൊപ്പം ഒരു സ്‌ക്രൂ ഡ്രൈവറും അടങ്ങുന്ന ഒരു ടൂള്‍ ഫോണിനൊപ്പമുണ്ട്. ബാക്ക് പാനല്‍ ഘടിപ്പിക്കുന്ന സ്‌ക്രൂകള്‍ അഴിക്കുന്നതിന് വേണ്ടിയാണിത്. ഫോണിന് താഴെയുള്ള വീലും ഈ ബാക്ക് പാനല്‍ മുറുക്കുന്നതിന് വേണ്ടിയാണ്. നേരത്തെ ഇത് വോളിയം ക്രമീകരിക്കുന്നതിനുള്ള വീല്‍ ആണെന്ന് അഭ്യൂഹമുണ്ടായിരുന്നു. 

ഫോണിനൊപ്പം കറുപ്പ്, നീല, ഓറഞ്ച്, ഇളം പച്ച നിറത്തിലുള്ള ബാക്ക് കവറുകള്‍ ലഭ്യമാണ്. കമ്പനി തന്നെ വില്‍ക്കുന്ന ബാക്ക് പാനലുകള്‍ക്ക് 1500 രൂപയോളം വിലയുണ്ടെങ്കിലും ഫോണ്‍ വിപണിയിലെത്തിയാല്‍ വിലകുറഞ്ഞ തേഡ്പാര്‍ട്ടി ബാക്ക് പാനലുകള്‍ വിപണിയിലെത്താനിടയുണ്ട്. ഐപി 52 വാട്ടര്‍ റെസിസ്റ്റന്‍സുള്ള ഫോണ്‍ ആണിത്. ഇത് ഒരു മികച്ച റേറ്റിങ് ആണെന്ന് പറയാനാവില്ല.  കാര്‍ഡ് കേയ്‌സും, സ്റ്റാന്റും, ഒരു ടാഗും കമ്പനി വില്‍ക്കുന്നുണ്ട്. 

വില

6 ജിബി റാം+128 ജിബി - 15,999 രൂപ
8 ജിബി റാം+128 ജിബി -17,999 രൂപ

ഫ്‌ളിപ്കാര്‍ട്ടിലൂടെയാണ് വില്‍പന. വിവിധ ഓഫറുകളും ലഭ്യമാവും. ഇതുവഴി വില ഇനിയും കുറയ്ക്കാം

ഫോണിന് വേണ്ടി നീല, കറുപ്പ്, ഓറഞ്ച്, ഇളം പച്ച നിറങ്ങളില്‍ സിഎംഎഫ് ബാക്ക് കേസുകള്‍ ലഭ്യമാണ്. 1499 രൂപയാണ് ഇതിന് വില. ഫോണ്‍ വാങ്ങുന്നവര്‍ക്ക് 799 രൂപയ്ക്ക് ചാര്‍ജര്‍ വാങ്ങാം. 

സവിശേഷതകള്‍

6.67 ഇഞ്ച് സൂപ്പര്‍ അമോലെഡ് എല്‍ടിപിഎസ് ഡിസ്‌പ്ലേയാണിതിന്. 2000 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് ലഭിക്കും. 120 ഹെര്‍ട്‌സ് റിഫ്രശ് റേറ്റുണ്ട്. അണ്ടര്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറാണിതില്‍

8 കോര്‍ 2 ഗിഗാഹെര്‍ട്‌സ് മീഡിയ ടെക്ക് ഡൈമെന്‍സിറ്റി 7300 5ജി പ്രൊസസറില്‍ എട്ട് ജിബിറാം ഉണ്ട്. ഇന്റേണല്‍ സ്റ്റോറേജ് ഉപയോഗിച്ച് ഇത് 16 ജിബി വരെ ആയി ഉയര്‍ത്താനാവും. 6 ജിബി+128 ജിബി, 8ജിബി+128 ജിബി ഓപ്ഷനുകള്‍ ലഭ്യമാണ്. 2 ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. 

50 എംപി പ്രൈമറി ക്യാമറയും ഒരു പോര്‍ട്രെയ്റ്റ് ക്യാമറയും അടങ്ങുന്നതാണ് റിയര്‍ ക്യാമറ മോഡ്യൂള്‍. 16 എംപി ആണ് സെല്‍ഫി ക്യാമറ. 30 എഫ്പിഎസില്‍ 4കെ വീഡിയോ ചിത്രീകരിക്കാന്‍ ഇതിലാവും. 60 എഫ്പിഎസിലും 30 എഫ്പിഎസിലും 1080 പിക്‌സല്‍ വീഡിയോയും ചിത്രീകരിക്കാം. ലൈവ് എച്ച്ഡിആര്‍, 120എഫ്പിഎസ് സ്ലോമോഷന്‍, നൈറ്റ് മോഡ്, ആക്ഷന്‍ മോഡ്, ഇഐഎസ് ഇമേജ് സ്‌റ്റെബിലൈസേഷന്‍, ടൈം ലാപ്‌സ് തുടങ്ങിയ സൗകര്യങ്ങളും ക്യാമറയില്‍ ലഭ്യമാണ്. 

ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.6 ല്‍ ആണ് ഫോണിന്റെ പ്രവര്‍ത്തനം. 2 വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റും 3 വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

5000 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. 5 വാട്ട് റിവേഴ്‌സ് ചാര്‍ജിങ് സൗകര്യം ലഭ്യമാണ്. 197 ഗ്രാം ആണ് ഫോണിന് ഭാരം.