മുംബൈ: ചാനല്‍നിരക്ക് വീണ്ടും കുറയ്ക്കാന്‍ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) കഴിഞ്ഞദിവസം കൊണ്ടുവന്ന നിയമഭേദഗതി ഫലത്തില്‍ ഉപഭോക്താക്കള്‍ക്ക് ഗുണംചെയ്യില്ല. ട്രായ് കൊണ്ടുവന്ന നിബന്ധനകളില്‍നിന്ന് മാറിനില്‍ക്കാന്‍ പ്രധാന ചാനല്‍ കമ്പനികളെല്ലാം തീരുമാനിച്ചതാണ് ഇതിനുകാരണം. ചില അപ്രധാന ചാനലുകളുടെ നിരക്കുകുറച്ച ഇവര്‍, പല പ്രധാന ചാനലുകളുടെയും ബൊക്കെകളുടെയും (ചാനല്‍ക്കൂട്ടം) നിരക്കുകൂട്ടുകയും ചെയ്തു. അതിനാല്‍ ജനപ്രിയ ചാനലുകളും സ്‌പോര്‍ട്സ് ചാനലുകളും മറ്റും കാണണമെങ്കില്‍ കഴിഞ്ഞമാസംവരെ നല്‍കിയതിനെക്കാള്‍ കൂടുതല്‍ പണം മാര്‍ച്ച് ഒന്നുമുതല്‍ നല്‍കേണ്ടിവരും.

To advertise here,

ബൊക്കെയില്‍ വരുന്ന പേ ചാനലുകളുടെ നിരക്ക് ഓരോന്നുമെടുത്ത് മൊത്തത്തില്‍ കൂട്ടിയാല്‍ ബൊക്കെ നിരക്കിന്റെ ഒന്നരമടങ്ങില്‍ കൂടാന്‍ പാടില്ലെന്നും ഇതില്‍പ്പെടുന്ന ഒരു ചാനലിന്റെയും നിരക്ക് ബൊക്കെ ചാനലുകളുടെ ശരാശരി നിരക്കിന്റെ മൂന്നിരട്ടിയില്‍ അധികമാകാന്‍ പാടില്ലെന്നും ട്രായ് നിഷ്‌കര്‍ഷിച്ചിരുന്നു. ബൊക്കെയില്‍ നല്‍കുന്ന സ്‌പോര്‍ട്സ് ചാനലുകളും മറ്റും ഒറ്റയ്ക്കുനല്‍കുമ്പോള്‍ വലിയ നിരക്ക് ഈടാക്കുന്നത് തടയാനായിരുന്നു ട്രായിയുടെ ഈ നീക്കം. പരമാവധി നിരക്ക് 12 രൂപയോ കുറവോ ഉള്ള ചാനലുകള്‍മാത്രമേ ബൊക്കെയില്‍ ഉള്‍പ്പെടുത്താന്‍പാടുള്ളൂ എന്നും പുതിയ നിയമത്തില്‍ പറഞ്ഞിരുന്നു. ബൊക്കെകളില്‍നിന്ന് പ്രധാന ചാനലുകളെ മാറ്റിയാണ് ചാനല്‍ കമ്പനികളായ സ്റ്റാറും സോണിയും സീ ഗ്രൂപ്പുമെല്ലാം ഈ പുതിയ നിയമത്തെ മറികടന്നത്. ഇവരെല്ലാം പുതിയ നിയമപ്രകാരം തങ്ങളുടെ ചാനല്‍നിരക്ക് പ്രഖ്യാപിക്കുകയുംചെയ്തു.

സോണി തങ്ങളുടെ സ്‌പോര്‍ട്സ് ചാനലുകളും എച്ച്.ഡി. ചാനലുകളുമടക്കം പ്രധാന ചാനലുകളുടെയെല്ലാം നിരക്ക് 19 രൂപയായി നിലനിര്‍ത്തി. ബി.ബി.സി. എര്‍ത്ത്, എ.എക്‌സ്.എന്‍. എന്നീ ചാനലുകളുടെ നിരക്കുമാത്രമാണ് കുറച്ചത്. പല ബൊക്കെകളുടെയും നിരക്കും വര്‍ധിപ്പിച്ചു. സീ ഗ്രൂപ്പും തങ്ങളുടെ പ്രധാന ചാനലുകളുടെ നിരക്ക് 19 രൂപയില്‍ നിലനിര്‍ത്തി. അവരുടെ ഹിന്ദി ഫാമിലി പായ്ക്കിന് 39 രൂപയില്‍നിന്ന് 43 രൂപയായി. ടിവി-18 തങ്ങളുടെ പ്രധാന ബൊക്കെകളുടെയെല്ലാം നിരക്കുയര്‍ത്തി. സ്റ്റാര്‍ ഗ്രൂപ്പും ഏഷ്യാനെറ്റ്, സ്‌പോര്‍ട്സ് ചാനലുകളടക്കം തങ്ങളുടെ പ്രധാനപ്പെട്ട 19 ചാനലുകളുടെയും നിരക്ക് 19 രൂപയില്‍ നിലനിര്‍ത്തി. സ്റ്റാര്‍ ഭാരത്, സ്റ്റാര്‍ സുവര്‍ണ തുടങ്ങി ചില ചാനലുകളുടെ നിരക്കുമാത്രമാണ് അല്പം കുറച്ചത്. എച്ച്.ഡി. ചാനലുകളുടെ നിരക്കും 19 രൂപയായി തുടരും. ബൊക്കെയില്‍നിന്ന് പ്രധാന ചാനലുകള്‍ പുറത്തുപോകുന്നതോടെ ഉപഭോക്താക്കള്‍ ഇവ ഓരോന്നും ഇനി പ്രത്യേകം വാങ്ങണം. നാലു പ്രധാന സ്‌പോര്‍ട്സ് ചാനലുകള്‍ക്കുമാത്രം 100 രൂപയോളമാകും.

ഡി.ടി.എച്ച്., കേബിള്‍ കമ്പനികളുടെ പ്ലാറ്റ്ഫോമിലെ മുഴുവന്‍ സൗജന്യ ചാനലും കാണാന്‍ 189 രൂപ (160 രൂപയും നികുതിയും) നല്‍കിയാല്‍ മതിയെന്നാണ് ട്രായ് കൊണ്ടുവന്ന മറ്റൊരു ഭേദഗതി. 153 രൂപയ്ക്കുതന്നെ പല കേബിള്‍, ഡി.ടി.എച്ച്. കമ്പനികളും ഇപ്പോള്‍ത്തന്നെ നല്‍കുന്നുണ്ടെന്നതിനാല്‍ ഇത് കാര്യമായി പ്രയോജനംചെയ്യില്ല.

Content Highlights: no reduction in channel price