ചെന്നൈ: തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേബിള്‍ ടിവി ശൃംഖലയില്‍നിന്ന് പ്രമുഖ ടെലിവിഷന്‍ ചാനലായ 'പുതിയ തലമുറൈ' അപ്രത്യക്ഷമായി.

To advertise here,

സംസ്ഥാനസര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുകയാണെന്ന് നാഷണല്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷനും പ്രതിപക്ഷകക്ഷികളും കുറ്റപ്പെടുത്തി.

തമിഴ്നാട് സര്‍ക്കാരിന്റെ കീഴിലുള്ള തമിഴ്നാട് അരശു കേബിള്‍ ടിവി കോര്‍പ്പറേഷന്റെ (ടിഎസിടിവി) കേബിള്‍ ശൃംഖലയില്‍നിന്ന് ഒക്ടോബര്‍ മൂന്നുമുതലാണ് പലയിടത്തും 'പുതിയ തലമുറൈ' അപ്രത്യക്ഷമാകാന്‍ തുടങ്ങിയത്. ചൊവ്വാഴ്ചയോടെ 80 ശതമാനം വരിക്കാര്‍ക്കും ചാനല്‍ കിട്ടുന്നില്ലെന്ന് ചാനല്‍വൃത്തങ്ങള്‍ അറിയിച്ചു. പ്രത്യേകിച്ച് കാരണമൊന്നുംപറയാതെയാണ് നടപടി. അരശു കേബിളിന് സംസ്ഥാനമെമ്പാടുമായി 14.9 ലക്ഷം വരിക്കാരാണുള്ളത്.

തമിഴ്നാട്ടില്‍ ജനപ്രീതിയില്‍ മുന്‍നിരയിലുള്ള പുതിയ തലമുറൈ കരൂര്‍ ദുരന്തവാര്‍ത്ത കൈകാര്യംചെയ്ത രീതി ഡിഎംകെ സര്‍ക്കാരിന്റെ അനിഷ്ടത്തിന് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്.

തമിഴക വെട്രികഴകത്തിനെയും പാര്‍ട്ടിനേതാവ് വിജയ്യെയും അനുകൂലിക്കുന്ന വാര്‍ത്തകള്‍ നല്‍കിയിരുന്ന ചാനല്‍ കരൂര്‍ ദുരന്തത്തിന്റെ പേരില്‍ സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടുകള്‍ സംപ്രേഷണംചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കേബിള്‍ ടിവി വരിക്കാരില്‍ പലര്‍ക്കും ചാനല്‍ കിട്ടാതായത്.