NEET-UG പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാം ഇന്ത്യയിൽ താത്കാലികമായി നിരോധിച്ച സർക്കാർ നടപടിയെ വിമർശിച്ച് സൈബർ സുരക്ഷാ ഗവേഷകനായ നിസാർഗ അധികാരി രംഗത്ത്. മെസേജിങ് പ്ലാറ്റ്‌ഫോം ബ്ലോക്ക് ചെയ്യുന്നതുകൊണ്ട് മാത്രം ചോർച്ച തടയപ്പെടില്ലെന്നും ചോർച്ചയ്ക്ക് വഴിതെളിക്കുന്ന സംവിധാനത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

To advertise here,

സിബിഎസ്ഇയുടെ ഓൺ-സ്‌ക്രീൻ മാർക്കിങ് (OSM) പോർട്ടലിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തിയതിലൂടെ ശ്രദ്ധ നേടിയ യുവ സൈബർ സുരക്ഷാ ഗവേഷകനാണ് നിസർഗ അധികാരി. പിന്നാലെ ഐഐടി കാൺപുർ അദ്ദേഹത്തിന് ത്രെട്ട് ഇന്റലിജൻസ് എൻജിനിയറായി നിയമനം നൽകിയിരുന്നു. ഐഐടിയുടെ ഭാഗമായ ഇന്ത്യയിലെതന്നെ പ്രമുഖ സൈബർ സുരക്ഷാ ഗവേഷണ കേന്ദ്രങ്ങളിലൊന്നായ C3iHub-ലാണ് നിസർഗയ്ക്ക് നിയമനം ലഭിച്ചത്.

ജൂൺ 21-നാണ് NEET-UG പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. തട്ടിപ്പ് നടത്തുന്നവരും പേപ്പർ ചോർത്തുന്ന സംഘങ്ങളും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു എന്ന ആശങ്കകളെത്തുടർന്നാണ് സർക്കാർ ടെലിഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ആഴ്ചകൾ നീണ്ട നിരീക്ഷണങ്ങൾക്കും വിലയിരുത്തലിനും ശേഷമാണ് ഈ താത്കാലിക നടപടി. പുനഃപരീക്ഷയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനും ചോദ്യപേപ്പർ ചോർച്ചയുടെ വിവരങ്ങളും വ്യാജ അവകാശവാദങ്ങളും ഓൺലൈനിൽ പ്രചരിക്കുന്നത് തടയാനും വേണ്ടിയാണ് ഈ നീക്കം എന്ന് അധികൃതർ പറയുന്നു.

എന്നാൽ പ്രോക്‌സികളും മറ്റ് ടൂളുകളും വഴി നിയന്ത്രണങ്ങൾ മറികടക്കാൻ അനുവദിക്കുന്നതാണ് ടെലിഗ്രാമിന്റെ ഘടനയെന്ന് നിസർഗ ചൂണ്ടിക്കാട്ടുന്നു. അതിനാൽ താത്കാലിക നിരോധനം പ്രായോഗികമായി നടപ്പിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. ഏതെങ്കിലും മെസേജിങ് പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനു പകരം പരീക്ഷയുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ചോർച്ചയുടെ ഉറവിടങ്ങൾ കണ്ടെത്താനും സുരക്ഷാ പഴുതുകൾ അടയ്ക്കാനും ശ്രമിക്കണമെന്നും നിസർഗ അധികാരി ആവശ്യപ്പെടുന്നു.

സിബിഎസ്ഇയുടെ ഓൺ-സ്‌ക്രീൻ മാർക്കിംഗ് (OSM) പോർട്ടലിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്ത നിസർഗയുടെ നടപടി ദേശീയ ശ്രദ്ധ നേടിയിരുന്നു. 19 വയസുള്ള ഈ യുവാവ് ഇതിനകം രാജ്യത്തെ സൈബർ സുരക്ഷാ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി മാറിയിട്ടുണ്ട്. ശക്തമായ ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തിയാണ് അദ്ദേഹം.

പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിന് പ്ലാറ്റ്‌ഫോം തലത്തിലുള്ള ഇത്തരം നിരോധനങ്ങൾ ഫലപ്രദമാണോ എന്നതിനെക്കുറിച്ചുള്ള ചർച്ച സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. ഇത്തരം നിയന്ത്രണങ്ങൾ അനായാസം മറികടക്കാൻ കഴിയുമെന്നും എന്നാൽ ഇതിന്റെ പേരിൽ ലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളുടെ ആശയവിനിമയം തടസപ്പെടുമെന്നും വിമർശകർ വാദിക്കുന്നു. അതേസമയം ചോർന്ന വിവരങ്ങൾ പ്രചരിക്കുന്നതിന്റെ വ്യാപ്തിയും വേഗതയും കുറയ്ക്കാൻ താത്കാലിക നിയന്ത്രണങ്ങൾക്ക് സാധിക്കുമെന്ന് ഈ നീക്കത്തെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.