ന്ത്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്‍ സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ (നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് ആപ്പര്‍ച്ചര്‍ റഡാര്‍) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൗമോപരിതലത്തിലെ ചെറിയ മാറ്റങ്ങള്‍പോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് നിസാറിന്റെ പ്രധാനദൗത്യം.

To advertise here,

ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹവിക്ഷേപണമാണിത്. ഇന്ത്യയുടെ ജിഎസ്എല്‍വി-എഫ് 16 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 743 കിലോമീറ്റര്‍ അകലെയുള്ള സൗര-സ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാര്‍ ഭൂമിയെ ചുറ്റുക. ഭൗമോപരിതലത്തിലെ ഓരോ സ്ഥലത്തിന്റെയും വിവരങ്ങള്‍ 12 ദിവസത്തെ ഇടവേളയില്‍ രേഖപ്പെടുത്താന്‍ നിസാറിലെ നിരീക്ഷണ ഉപകരണങ്ങള്‍ക്ക് കഴിയും.

ലോകത്തുതന്നെ ഏറ്റവും ചെലവേറിയ ഉപഗ്രഹവിക്ഷേപണങ്ങളിലൊന്നാണ് നിസാറിന്റേത്. 150 കോടി ഡോളറാണ് (13,000 കോടി രൂപ) ചെലവ്. ഇതില്‍ 788 കോടി രൂപയാണ് ഇന്ത്യ മുടക്കുന്നത്. ഏറ്റവും വലിയ ഇൻഡോ-യുഎസ് ഉപഗ്രഹ ദൗത്യങ്ങളില്‍ ഒന്നാണിത്. ഭൂമിയുടെ അഭൂതപൂര്‍വമായ വിശദാംശങ്ങളോടുകൂടിയ ത്രിമാനദൃശ്യം നല്‍കുന്ന ആദ്യത്തെ ഉപഗ്രഹമാണിത്.

ഓരോ 12 ദിവസത്തിലും രണ്ടു തവണ ഭൂമിയിലെ പ്രദേശങ്ങള്‍ പൂര്‍ണമായി സ്‌കാന്‍ ചെയ്യുകയും, ഉയര്‍ന്ന റെസല്യൂഷനുള്ള ചിത്രങ്ങളിലൂടെ ഒരു സെന്റിമീറ്റര്‍ വരെയുള്ള ചെറിയ മാറ്റങ്ങള്‍ പോലും നിരീക്ഷിക്കുകയും ചെയ്യും. മുന്‍പ് നാസയുടെ ഒരു ഉപഗ്രഹത്തിനും സാധിക്കാത്ത തരത്തില്‍ ഇത് ഭൗമ നിരീക്ഷണ വിവരങ്ങള്‍ ശേഖരിക്കും. കാലക്രമേണ ഭൂമിയിലെ കരയും സമുദ്രങ്ങളും എങ്ങനെ മാറുന്നു എന്നതിന്റെ വിശദമായ രേഖ ഉപഗ്രഹം നല്‍കും, ഇത് കാലാവസ്ഥാ ഗവേഷണത്തിന് ഊര്‍ജം  പകരും.

മണ്ണിടിച്ചില്‍, ഭൂകമ്പം, അഗ്നിപര്‍വ്വത സ്ഫോടനം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ മുന്നോടിയായുള്ള ലക്ഷണങ്ങള്‍ കണ്ടെത്താന്‍ ഈ വിവരങ്ങള്‍ ശാസ്ത്രജ്ഞരെ സഹായിക്കും. അതുവഴി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാനും തയ്യാറെടുപ്പുകള്‍ നടത്താനും സാധിക്കും.

ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ഭൗമ-നിരീക്ഷണ ഉപഗ്രഹങ്ങളില്‍ ഒന്നാണിത്. ഇതിനായി എല്‍-ബാന്‍ഡ് സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍, ഒരു ഹൈ-റേറ്റ് ടെലികമ്മ്യൂണിക്കേഷന്‍ സബ്സിസ്റ്റം, ജിപിഎസ് റിസീവറുകള്‍, വിന്യസിക്കാവുന്ന 12 മീറ്റര്‍ ആന്റിന എന്നിവ നാസയാണ് നല്‍കിയത്. ഐഎസ്ആര്‍ഒ ആകട്ടെ, എസ്-ബാന്‍ഡ് എസ്എആര്‍ പേലോഡ്, രണ്ട് പേലോഡുകളും ഉള്‍ക്കൊള്ളാനുള്ള ബഹിരാകാശ പേടകം, ജിഎസ്എല്‍വി റോക്കറ്റ്, വിക്ഷേപണവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ എന്നിവയാണ് നല്‍കിയത്. ഈ ബഹിരാകാശ പേടകം ഭൂമിയുടെ ഉപരിതലത്തിലേക്ക് മൈക്രോവേവ് സിഗ്നലുകള്‍ അയക്കുകയും 12 മീറ്റര്‍ വിസ്താരമുള്ള റഡാര്‍ ആന്റിന റിഫ്ലക്ടറില്‍ അവയുടെ പ്രതിഫലനങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. ഇതിന്റെ ഫലമായി, നിസാറിന്റെ പ്രധാന ദൗത്യകാലയളവില്‍ പ്രതിദിനം ഏകദേശം 80 ടെറാബൈറ്റ് ഡാറ്റ ലഭിക്കും. ഈ വിവരങ്ങള്‍ ക്ലൗഡ് വഴി പ്രോസസ്സ് ചെയ്യുകയും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യാം.

''ഭൂമിയിലെ ഏതാനും മില്ലിമീറ്ററുകളുടെ ചലനം പോലും നിസാറിന് നിരീക്ഷിക്കാന്‍ സാധിക്കും. മറ്റൊരു ഭൗമ-നിരീക്ഷണ ദൗത്യത്തിനും ഇത്രയും സൂക്ഷ്മതയും ആവൃത്തിയും നല്‍കാന്‍ കഴിയില്ല, - നാസയിലെ നിസാര്‍ പ്രോഗ്രാം സയന്റിസ്റ്റ് ജെറാള്‍ഡ് ബൗഡന്‍ പറഞ്ഞു.