
ചെന്നൈ: ഇന്ത്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഗവേഷണസ്ഥാപനങ്ങൾ സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാർ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് ബുധനാഴ്ച വിക്ഷേപിക്കും. വ്യോമമിത്ര എന്ന റോബോട്ടിനെയും വഹിച്ചുകൊണ്ടുള്ള ഗഗൻയാൻ പദ്ധതിയുടെ പരീക്ഷണ വിക്ഷേപണം ഈവർഷം ഡിസംബറിൽ നടക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു.
ഭൗമോപരിതലത്തിലെ ചെറിയമാറ്റങ്ങൾപോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് നിസാറിന്റെ (നാസ-ഐഎസ്ആർഒ സിന്തറ്റിക് ആപ്പർച്ചർ റഡാർ) പ്രധാന ദൗത്യം. ഐഎസ്ആർഒയും നാസയും സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹവിക്ഷേപണമാണിത്. ജൂലായ് 30-ന് വൈകീട്ട് 5.40-നാണ് നിസാറിനെയും വഹിച്ച് ഇന്ത്യയുടെ ജിഎസ്എൽവി-എഫ് 16 റോക്കറ്റ് കുതിക്കുക. 743 കിലോമീറ്റർ അകലെയുള്ള സൗര-സ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാർ ഭൂമിയെ ചുറ്റുക.
ഗഗൻയാൻ മുന്നൊരുക്കം
ബഹിരാകാശ പേടകത്തിൽ മൂന്നു സഞ്ചാരികളെ ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ പ്രധാന വിക്ഷേപണങ്ങളിലൊന്ന് ഈ വർഷം ഡിസംബറിൽ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. ആളില്ലാത്ത ക്രൂ മൊഡ്യൂളാണ് ഭ്രമണപഥത്തിലെത്തിക്കുക. വ്യോമമിത്ര എന്ന റോബോട്ടിനെയും വഹിച്ചാവും യാത്ര. ഇതിനുശേഷം രണ്ട് ആളില്ലാ വിക്ഷേപണങ്ങൾകൂടി നടത്തിയശേഷം 2027 മാർച്ചിലായിരിക്കും മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശയാത്ര.
സവിശേഷതകൾ
- നാസയും ഐഎസ്ആർഒയും വികസിപ്പിച്ച രണ്ടു വ്യത്യസ്ത ആവൃത്തികളിൽ പ്രവർത്തിക്കുന്ന ഓരോ റഡാറുകളാണ് 2,392 കിലോഗ്രാം ഭാരമുള്ള നിസാറിന്റെ സവിശേഷത.
- 12 ദിവസത്തെ ഇടവേളകളിൽ ഭൂമിയിലെ ഓരോ സ്ഥലത്തിന്റെയും സുവ്യക്ത വിവരങ്ങൾ രാപകൽ ഭേദമന്യേ ശേഖരിക്കും
- പ്രകൃതിദുരന്ത സാധ്യതകൾ കണ്ടെത്താനും കാരണങ്ങൾ വിലയിരുത്താനുമുള്ള വിവരങ്ങൾ ലഭിക്കും. നിരീക്ഷണ വിവരങ്ങൾ രണ്ടോ മൂന്നോ ദിവസത്തിനകം സൗജന്യമായി ലഭ്യമാകും.
Content Highlights: NASA & ISRO`s NISAR Earth observation satellite launches July 30th from Sriharikota
Published: 29 Jul 2025, 07:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented