വാട്‌സ്ആപ്പ് വെബ് പോലുള്ള സേവനങ്ങള് കുറഞ്ഞത് ഓരോ ആറ് മണിക്കൂറിലും സ്വയം ലോഗ് ഔട്ട് ചെയ്യപ്പെടും. എന്നിരുന്നാലും സിം ഇട്ടിട്ടുള്ള ഡിവൈസിലുള്ള ആപ്പിന് ഇത് ബാധകമല്ല.

മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്ന വാട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവ അടക്കമുള്ള പ്ലാറ്റ്ഫോമുകൾ ടെലികോം വകുപ്പ് പുറത്തിറക്കിയ പുതിയ സിം-ബൈൻഡിങ് ചട്ടം മാർച്ച് ഒന്ന് മുതൽ പാലിക്കേണ്ടി വരും. രജിസ്റ്റർ ചെയ്ത സിം കാർഡ് മൊബൈൽ ഫോണിൽ ഉണ്ടെങ്കിൽ മാത്രമെ ഇത്തരം മെസേജിങ് ആപ്പുകൾ ഇനി പ്രവർത്തിക്കൂ. കമ്പനികൾ ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് നിയമം അനുശാസിക്കുന്നു. ഈ നിർദേശം പാലിക്കാത്ത പക്ഷം ടെലികോം, സൈബർ സുരക്ഷാ നിയമങ്ങൾ പ്രകാരം കമ്പനികൾ നടപടി നേരിടേണ്ടിവരും.
ഓൺലൈൻ തട്ടിപ്പുകളും മൊബൈൽ നമ്പറുകളുടെ ദുരുപയോഗവും തടയാനാണ് നീക്കം. നിലവിൽ മെസേജിങ് ആപ്പുകൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത് മൊബൈൽ നമ്പറിലേക്ക് അയയ്ക്കുന്ന വൺ-ടൈം പാസ്വേഡ് (OTP) വഴിയാണ് ഉപയോക്താവ് ആരാണെന്ന് സ്ഥിരീകരിക്കുന്നത്. ഇതിനുശേഷം സിം നീക്കുകയോ മാറ്റുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്താലും ആപ്പ് പ്രവർത്തിക്കും. വെബ് പതിപ്പുകൾ ഉപയോഗിക്കുന്നതിന് ഡിവൈസിൽ സിം ആവശ്യമില്ല. QR കോഡ് വഴിയോ വെബിലൂടെയുള്ള OTP സ്ഥിരീകരണം വഴിയോ പ്ലാറ്റ്ഫോം ലഭ്യമാകും. പുതിയ സിം-ബൈൻഡിങ് ചട്ടങ്ങൾ പ്രകാരം ഇത് സാധ്യമാകില്ല. രജിസ്റ്റർ ചെയ്ത സിം ഡിവൈസിൽനിന്ന് നീക്കം ചെയ്താൽ ആപ്പ് പ്രവർത്തിക്കില്ല.
ഫോണിൽ സിം ഇല്ലാത്തപക്ഷം ഉപയോക്താക്കൾക്ക് മെസേജിങ് ആപ്പുകളിലെ സ്വന്തം അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ കഴിയില്ല. നവംബർ 28-നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കമ്പനികൾക്ക് ഇത് പാലിക്കാൻ 90 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. മാർച്ച് ഒന്ന് മുതൽ സിം-ബൈൻഡിങ് ചട്ടങ്ങൾ പ്രാബല്യത്തിൽ വരും. ഇതോടെ മെസേജിങ് ആപ്പുകൾ ഉപയോക്താക്കളുടെ സിമ്മുമായി എപ്പോഴും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മെസ്സേജിങ് പ്ലാറ്റ്‌ഫോമുകൾ ഉറപ്പാക്കേണ്ടിവരും. ഇതിന്റെ ഭാഗമായി വാട്‌സ്ആപ്പ് വെബ് പോലുള്ള സേവനങ്ങൾ കുറഞ്ഞത് ഓരോ ആറ് മണിക്കൂറിലും സ്വയം ലോഗ് ഔട്ട് ചെയ്യപ്പെടും. എന്നിരുന്നാലും സിം ഇട്ടിട്ടുള്ള ഡിവൈസിലുള്ള ആപ്പിന് ഇത് ബാധകമല്ല. യാത്രയിലോ റോമിങ്ങിലോ ആയാലും സിം ഡിവൈസിൽ ഉണ്ടെങ്കിൽ ഇത്തരം വിഷയങ്ങൾ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
സിം ഇല്ലാതെ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ച് സൈബർ കുറ്റവാളികൾ മെസേജിങ് ആപ്പുകൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പിന്റെ ഇടപെടൽ. ആൾമാറാട്ടം, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ നടത്താൻ കുറ്റവാളികൾ ഇത്തരം പഴുതുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് അധികൃതർ പറയുന്നത്.
പുതിയ നിയമം പാലിക്കുന്നതിനായി മെസേജിങ് ആപ്പുകൾ അപ്‌ഡേറ്റുകൾ കൊണ്ടുവരികയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. വാട്ട്സ്ആപ്പ് ബീറ്റ പതിപ്പുകളിൽ ഉപയോക്താക്കളോട് രജിസ്റ്റർ ചെയ്ത സിം ഉപകരണത്തിൽ ഉണ്ടോ എന്ന് സ്ഥിരീകരിക്കാൻ ആവശ്യപ്പെടും എന്നാണ് വിവരം.
Content Highlights: New SIM-binding rule for messaging apps like WhatsApp and Telegram effective March 1.
Published: 28 Feb 2026, 04:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented