വാഷിങ്ടൺ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ആർട്ടെമിസ് ദൗത്യത്തിൽ നാസ മാറ്റങ്ങൾ വരുത്തി. ചൈനയുമായുള്ള ബഹിരാകാശമത്സരവും സുരക്ഷാവിദഗ്ധരുടെ മുന്നറിയിപ്പുകളും കണക്കിലെടുത്താണ് ഈ പുതിയ പരിഷ്കാരങ്ങൾ. 2027-ൽ പുതിയ ആർട്ടെമിസ് ദൗത്യം നടത്തുമെന്ന് നാസ കൂട്ടിച്ചേർത്തു. ചന്ദ്രനിൽ ഇറങ്ങുന്നതിന് മുൻപായി ഭൂമിയുടെ ഭ്രമണപഥത്തിൽ പേടകങ്ങൾ തമ്മിൽ ഘടിപ്പിക്കുന്ന പരീക്ഷണവും നടക്കും. ആർട്ടെമിസ്-നാല് ദൗത്യം ഇപ്പോൾ 2028-ലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഇത് ആർട്ടെമിസ്- മൂന്ന് ദൗത്യത്തിലൂടെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

To advertise here,

സ്‌പെയ്‌സ് ലോഞ്ച് സിസ്റ്റം (എസ്.എൽ.എസ്.) റോക്കറ്റിന്റെ ശേഷി വർധിപ്പിക്കാനുള്ള പദ്ധതി നാസ ഉപേക്ഷിച്ചു. പകരം നിലവിലുള്ള റോക്കറ്റുകളുടെ നിർമാണവേഗം വർധിപ്പിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇലോൺ മസ്കിന്റെ സ്‌പെയ്‌സ് എക്സ്, ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ എന്നീ കമ്പനികളാണ് നാസയ്ക്കുവേണ്ടിയുള്ള ചാന്ദ്രപേടകങ്ങൾ നിർമിക്കുന്നത്.

2022-ൽ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. 2026 ഏപ്രിലിൽ നാല് ബഹിരാകാശസഞ്ചാരികളുമായി ചന്ദ്രനെ ചുറ്റിവരുന്ന ആർട്ടെമിസ്-രണ്ട് ദൗത്യം നടക്കും. 2030-ഓടെ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാനുള്ള ചൈനയുടെ നീക്കവും സുരക്ഷാപരിശോധനകൾ വർധിപ്പിക്കണമെന്ന വിദഗ്ധരുടെ ആവശ്യവുമാണ് ദൗത്യം പുനഃക്രമീകരിക്കാൻ നാസയെ പ്രേരിപ്പിച്ചത്.