മെറ്റയുടെ 145 ബില്യണ്‍ (14500 കോടി) ഡോളറിന്റെ എഐ പദ്ധതിക്ക് പണം കണ്ടെത്തേണ്ടതുണ്ട് എന്നതാണ് പിരിച്ചുവിടലിന് പിന്നിലുള്ള യഥാര്‍ഥ കാരണം.

കൂട്ടപ്പിരിച്ചുവിടലിന്റെ നടുക്കം വിട്ടുമാറാതെ മെറ്റ ജീവനക്കാർ. പിരിച്ചുവിടലിന്റെ ആദ്യ സൂചനകൾ കഴിഞ്ഞ ഏപ്രിലിൽ ലഭിച്ചതുമുതൽ ജീവനക്കാർ കടുത്ത ആശങ്കയിൽ ആയിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് പരാതികൾ നൽകുന്നത് അടക്കമുള്ള നടപടികളുമായി അവർ മുന്നോട്ടുപോയി. ഒടുവിൽ മെയ് 20-ന് കൂട്ടപ്പിരിച്ചുവിടൽ യാഥാർഥ്യമായി. പുലർച്ചെ നാലിനാണ് പിരിച്ചുവിടൽ സംബന്ധിച്ച ഇമെയിൽ ജീവനക്കാർക്ക് ലഭിച്ചത്.
8000-ത്തോളം ജീവനക്കാരെ ബാധിച്ച പിരിച്ചുവിടലിന് ശേഷവും മെറ്റയിൽ ആശങ്ക നിലനിൽക്കുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. എഐ മോഡലുകൾക്ക് പരിശീലനം നൽകുന്നതിനായി തങ്ങളുടെ കീസ്ട്രോക്കുകൾ, മൗസ് ചലനങ്ങൾ, സ്‌ക്രീൻ ആക്ടിവിറ്റി എന്നിവ ട്രാക്ക് ചെയ്യുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് 1,500 ലധികം ജീവനക്കാർ ഒപ്പുവെച്ച പരാതി അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ലഘുലേഖകൾ ന്യൂയോർക്കിലെ ഓഫീസ് ജനലുകളിൽ പതിച്ചിട്ടുണ്ട്. ട്രാക്കിങ്ങിൽ നിന്ന് ഒഴിവാകാൻ കഴിയുമോ എന്ന് ജീവനക്കാർ ആരാഞ്ഞുവെങ്കിലും സാധ്യമല്ല എന്ന മറുപടിയാണ് ലഭിച്ചത്.
അതിനിടെ, പിരിച്ചുവിടൽ ബാധിച്ചില്ലെങ്കിലും കടുത്ത ആശങ്കയിൽ തുടരുന്ന ജീവനക്കാർക്കുള്ള വാഗ്ദാനങ്ങളുമായി ഇമെയിൽ സന്ദേശം അയച്ചിരിക്കുകയാണ് മെറ്റ സിഇഓ മാർക്ക് സക്കർബെർഗ്. ഈ വർഷം ഇനി പിരിച്ചുവിടൽ ഉണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇമെയിൽ. ജീവനക്കാരുമായുള്ള മെറ്റയുടെ ആശയവിനിമയത്തിൽ വേണ്ടത്ര വ്യക്തത ഉണ്ടായിട്ടില്ലെന്നും അത് മെച്ചപ്പെടുത്തുമെന്നും സക്കർബർഗ് തുറന്ന് സമ്മതിച്ചിട്ടുമുണ്ട്.
ജോലി നഷ്ടപ്പെട്ട ഏകദേശം 8,000 ജീവനക്കാരോട് നടപടികളോട് സഹകരിച്ചതിന് മെറ്റാ സിഇഒ നന്ദി അറിയിച്ചുവെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അടുത്ത മാസം വീണ്ടും പിരിച്ചുവിടൽ ഉണ്ടാകുമോ എന്ന് ജീവനക്കാർ ആശങ്കപ്പെടുന്നതിനിടെയാണ് ഈ വർഷം ഇനി പിരിച്ചുവിടൽ ഉണ്ടാകില്ലെന്ന സക്കർബെർഗിന്റെ വാഗ്ദാനം.
അതിനിടെ പിരിച്ചുവിടൽ നടപടികൾ മെറ്റ മോശമായ രീതിയിൽ കൈകാര്യം ചെയ്തു എന്ന് തുറന്ന് സമ്മതിക്കുന്നതാണ് ആശയവിനിമയത്തിലെ വ്യക്തത സംബന്ധിച്ച പരാമർശമെന്ന് വിലയിരുത്തപ്പെടുന്നു. മെറ്റ ജീവനക്കാരിൽ ഏകദേശം 10 ശതമാനത്തോളം പേരെയാണ് പിരിച്ചുവിടൽ ബാധിച്ചത്. മെയ് 20 ന് പ്രാദേശിക സമയം പുലർച്ചെ 4-നാണ് വിവിധ മേഖലകളിൽ മൂന്ന് ഘട്ടങ്ങളായി പിരിച്ചുവിടൽ അറിയിപ്പുകൾ പുറത്തിറക്കിയത്. ആദ്യം ഏഷ്യ, പിന്നീട് യൂറോപ്പ്, തുടർന്ന് അമേരിക്ക എന്നീ ക്രമത്തിലാണ് ജീവനക്കാർക്ക് അറിയിപ്പ് ലഭിച്ചത്.
യുഎസിലെ പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് 16 ആഴ്ചത്തെ വേതനവും ജോലി ചെയ്ത ഓരോ വർഷവും കണക്കിലെടുത്ത് അധിക വേതനവും കൂടാതെ 18 മാസത്തെ ആരോഗ്യ ഇൻഷുറൻസും ലഭിക്കും. മെറ്റയുടെ 7,000 ജീവനക്കാരെ പുതിയ എഐ പ്രോജക്ടിലേക്ക് മാറ്റുകയും ചെയ്യും. ഏകദേശം 6,000 ജോലികൾ നിർത്തലാക്കും. മെറ്റയുടെ 145 ബില്യൺ (14500 കോടി) ഡോളറിന്റെ എഐ പദ്ധതിക്ക് പണം കണ്ടെത്തേണ്ടതുണ്ട് എന്നതാണ് പിരിച്ചുവിടലിന് പിന്നിലുള്ള യഥാർഥ കാരണം.
Content Highlights: Meta is cutting 8,000 jobs, approximately 10% of its workforce., Layoffs are driven by a $145 billion shift toward AI infrastructure and model training., Zuckerberg promised no further company-wide layoffs for the remainder of 2026., US employees receive 16 weeks of severance plus two weeks per year of service., Internal morale is at record lows due to AI-focused surveillance and forced team reassignments.
Published: 25 May 2026, 09:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented