സെലിബ്രിറ്റി വനിതകളുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ എഐ ചാറ്റ്‌ബോട്ടുകള്‍ നിര്‍മിച്ചെന്ന ആരോപണത്തില്‍ കുരുക്കിലായി മെറ്റ. ഗായികമാരായ ടെയ്‌ലര്‍ സ്വിഫ്റ്റ്, സെലീനാ ഗോമസ്, ഹോളിവുഡ് താരങ്ങളായ സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍, ആന്‍ ഹാതവേ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേരുടെ പേരിലുള്ള ചാറ്റ്‌ബോട്ടുകളാണ് അനുവാദമില്ലാതെ ഉണ്ടാക്കിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ശൃംഗാരരൂപത്തില്‍ ചാറ്റ് ചെയ്യാന്‍ കഴിയുന്ന എഐ ചാറ്റ്‌ബോട്ടുകള്‍ (Flirty Chatbots) ആണ് ഇവ.
ചാറ്റ്‌ബോട്ടുകളെ നിര്‍മിക്കാനുള്ള മെറ്റയുടെ എഐ ടൂള്‍ ഉപയോഗിച്ച് നിരവധി ഉപഭോക്താക്കളും ഇത്തരം ചാറ്റ്‌ബോട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. അതേസമയം മെറ്റയിലെ ഒരു ജീവനക്കാരന്‍ ഇത്തരത്തിലുള്ള മൂന്ന് ബോട്ടുകളെങ്കിലും നിര്‍മിച്ചുവെന്നാണ് റോയിട്ടേഴ്‌സിന്റെ കണ്ടെത്തല്‍. ഇതില്‍ രണ്ടെണ്ണം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ 'പാരഡി' ബോട്ടുകളാണ്.
കുട്ടികളായ സെലിബ്രിറ്റികളുടേ പേരിലും ആര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ എഐ ചാറ്റ് ബോട്ടുകള്‍ നിര്‍മിക്കാന്‍ മെറ്റ അനുവദിച്ചുവെന്നതാണ് റോയിട്ടേഴ്‌സിന്റെ മറ്റൊരു കണ്ടെത്തല്‍. ഇത്തരം വ്യാജ വെര്‍ച്വല്‍ സെലിബ്രിറ്റി ബോട്ടുകള്‍ മെറ്റയുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയിലെല്ലാം ലഭ്യമാക്കിയിട്ടുമുണ്ട്.
ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് റോയിട്ടേഴ്‌സ് മെറ്റയ്‌ക്കെതിരായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത്തരം ചാറ്റ്‌ബോട്ടുകളുടെ 'സ്വഭാവം' നിരീക്ഷിക്കുകയാണ് വാര്‍ത്താ ഏജന്‍സി ചെയ്തത്. താന്‍ യഥാര്‍ഥത്തില്‍ ആ സെലിബ്രിറ്റി തന്നെയാണ് എന്ന് ചാറ്റ്‌ബോട്ട് വാദിക്കുകയും ശഠിക്കുകയും ചെയ്തതായാണ് അവര്‍ കണ്ടെത്തിയത്. കൂടാതെ ഈ ബോട്ടുകള്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും നേരില്‍ കാണാന്‍ ക്ഷണിക്കുകയും ചെയ്തുവെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു.
വനിതാ സെലിബ്രിറ്റികളോട് ഉപഭോക്താവ് നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടാല്‍ മെറ്റയുടെ ചാറ്റ്‌ബോട്ട് അത് എഐ സാങ്കേതികവിദ്യയിലൂടെ വ്യാജമായി നിര്‍മിച്ച് നല്‍കുമെന്ന ഗുരുതരമായ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.
Content Highlights: Meta Created Flirty Chatbots Of Taylor Swift, Other Celebrities Without Permission: Report
Published: 30 Aug 2025, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented