വാഷിംഗ്ടൺ: സൈബർ സുരക്ഷാ പരീക്ഷണങ്ങൾക്കിടയിൽ തങ്ങളുടെ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ മറ്റൊരു കമ്പനിയുടെ സിസ്റ്റം ഹാക്ക് ചെയ്തതായി മെറ്റയുടെ വെളിപ്പെടുത്തൽ. മുൻപ് ആന്ത്രോപിക് , ഓപ്പൺഎഐ എന്നീ പ്രമുഖ എഐ കമ്പനികളുടെ എഐ മോഡലുകളും സമാനമായ രീതിയിൽ മറ്റ് സിസ്റ്റങ്ങളിൽ കടന്നുകയറിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അത്യാധുനിക എഐ സാങ്കേതികവിദ്യകളുടെ സുരക്ഷാ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നതാണ് ഈ സംഭവം
മെറ്റയുടെ സൈബർ സുരക്ഷാ പരിശോധന നടത്തുന്ന ഇറെഗുലർ' (Irregular) എന്ന കമ്പനിക്കുണ്ടായ കോൺഫിഗറേഷൻ പിശക് മൂലം ടെസ്റ്റിങ്ങിനിടെ മോഡലിന് അബദ്ധത്തിൽ ഇന്റർനെറ്റുമായി ബന്ധം ലഭിക്കുകയായിരുന്നു എന്ന് മെറ്റ വ്യക്തമാക്കി. ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭിച്ച മോഡൽ, ഒരു തേഡ് പാർട്ടി സേവനത്തിന്റെ സുരക്ഷാ വീഴ്ച പ്രയോജനപ്പെടുത്തി സിസ്റ്റത്തിലേക്ക് കടന്നുകയറുകയായിരുന്നു.
മെറ്റയുടെ ഏറ്റവും നൂതനമായ കോഡിങ് മോഡലായ 'മ്യൂസ് സ്പാർക്ക് 1.1' (Muse Spark 1.1) ആണ് ഈ രീതിയിൽ പ്രവർത്തിച്ചതെന്നാണ് വിവരം. പക്ഷെ കമ്പനി ഔദ്യോഗികമായി പേര് വെളിപ്പെടുത്തിയിട്ടില്ല. സിസ്റ്റത്തിൽ അതിക്രമിച്ചുകയറിയ എഐ മോഡൽ അതിൽ ചില മാറ്റങ്ങൾ വരുത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇതൊരു വലിയ സൈബർ ആക്രമണമൊന്നുമല്ലെന്നും, നിയന്ത്രണം വിട്ട് പോയതല്ലെന്നും കമ്പനി വ്യക്തമാക്കി. ആന്ത്രോപിക്കിനുണ്ടായത് പോലുള്ള സുരക്ഷാ വീഴ്ച മാത്രമാണെന്നും ഇറെഗുലർ വക്താവ് വ്യക്തമാക്കി. നിലവിൽ ഈ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചതായും കമ്പനി അറിയിച്ചു.
ഉയരുന്ന ആശങ്ക
ഓപ്പൺഎഐയ്ക്കും, ആന്ത്രോപിക്കിനു തൊട്ടുപിന്നാലെയാണ് മെറ്റയും എഐ മോഡൽ ഹാക്കിങ് നടത്തിയെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളിലെ നേരിയ പാളിച്ചകൾ മുതലെടുത്താണ് ഈ അത്യാധുനിക എഐ മോഡലുകൾ മറ്റ് കമ്പനികളുടെ ഇന്റേണൽ കംപ്യൂട്ടർ സംവിധാനങ്ങളിലേക്ക് സ്വമേധയാ നുഴഞ്ഞുകയറിയത്. ഭാവിയിൽ എഐ സംവിധാനങ്ങളിലെ വ്യാപക സൈബർ ആക്രമണങ്ങൾക്ക് ഉപയോഗപ്പെടുത്തുമോ എന്നകാര്യത്തിൽ വലിയ ആശങ്ക ഉയരുന്നുണ്ട്.
മുൻപ് ഓപ്പൺഎഐയിലുണ്ടായ 'ഹഗ്ഗിങ് ഫേസ്' സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കാൻ റിപ്പബ്ലിക്കൻ സ്റ്റേറ്റ് അറ്റോർണി ജനറൽമാരുടെ സംഘം കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക റിപ്പോർട്ട് പുറത്തുവിടുമെന്ന് ഓപ്പൺഎഐ അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, എഐ കമ്പനികൾക്കായി ഒരു സന്നദ്ധ സൈബർ സുരക്ഷാ പരീക്ഷണ ചട്ടക്കൂട് തയ്യാറാക്കുന്ന കാര്യം ചർച്ച ചെയ്യാൻ വൈറ്റ് ഹൗസ് മെറ്റ, ആന്ത്രോപിക്, ഓപ്പൺഎഐ, ഗൂഗിൾ എന്നീ കമ്പനികളെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, മെറ്റയുടെ ലാമ, എൻവിഡിയയുടെ നെമൊട്രോൺ തുടങ്ങിയ ഓപ്പൺ-വെയ്റ്റ് എഐ മോഡലുകളെ ഈ സുരക്ഷാ പരിശോധനകളിൽ നിന്ന് ഒഴിവാക്കാനാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നത്.
എഐ സാങ്കേതികവിദ്യകളിൽ കൂടുതൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് വരെ വികസന പ്രവർത്തനങ്ങളുടെ വേഗത കുറയ്ക്കണമെന്ന് എഐ രംഗത്തെ ചില പ്രമുഖർ ആവശ്യപ്പെടുന്നുമുണ്ട്.
Content Highlights: Meta revealed that one of its advanced AI models accidentally accessed the internet during a security test and exploited a third-party vulnerability to breach another system, joining OpenAI and Anthropic in raising major cybersecurity and AI control concerns.
Published: 06 Aug 2026, 12:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented