മുൻനിര പ്രൊഫഷണൽ സോഷ്യൽ നെറ്റ്‌വർക്ക് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിന്റെ (LinkedIn) സി.ഇ.ഒ. സ്ഥാനത്തുനിന്നും റയാൻ റോസ്ലാൻസ്കി പടിയിറങ്ങി. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്ന (സി.ഒ.ഒ.) ഡാനിയേൽ ഷാപ്പിറോ പുതിയ സി.ഇ.ഒ. ആയി ചുമതലയേറ്റു. ഈ നേതൃമാറ്റം ഉടനടി പ്രാബല്യത്തിൽ വന്നതായി കമ്പനി അറിയിച്ചു.

To advertise here,

ബെയ്ൻ ആൻഡ് കമ്പനിയിലെ സേവനത്തിന് ശേഷം 2008 മേയ് മാസത്തിലാണ് ഡാനിയേൽ ഷാപ്പിറോ ലിങ്ക്ഡ്ഇന്നിൽ ജനറൽ മാനേജറായി ചേരുന്നത്. സെയിൽസ്, മാർക്കറ്റിങ്, പ്രൊഡക്റ്റ് തുടങ്ങിയ കമ്പനിയുടെ സുപ്രധാന മേഖലകളിൽ ഷാപ്പിറോ മികച്ച നേതൃപാടവം കാഴ്ചവെച്ചിട്ടുണ്ടെന്ന് റയാൻ റോസ്ലാൻസ്കി വ്യക്തമാക്കി.

നിർമിതബുദ്ധിയുടെ (AI) കടന്നുവരവോടെ ലോകം മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ലിങ്ക്ഡ്ഇന്നിന്റെയും സാമ്പത്തിക അവസരങ്ങളുടെയും പ്രസക്തി മുൻപത്തേക്കാൾ വർധിച്ചിരിക്കുകയാണെന്ന് പുതിയ സ്ഥാനമേറ്റെടുത്ത ശേഷം ഡാനിയേൽ ഷാപ്പിറോ പ്രതികരിച്ചു.

2009-ൽ പ്രൊഡക്റ്റ് ചീഫ് ആയി കമ്പനിയിലെത്തിയ റയാൻ റോസ്ലാൻസ്കി, 2020-ലാണ് ജെഫ് വെയ്നറിൽനിന്നും സി.ഇ.ഒ. സ്ഥാനം ഏറ്റെടുത്തത്. റോസ്ലാൻസ്കിയുടെ നേതൃത്വത്തിൽ ലിങ്ക്ഡ്ഇൻ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം ചുമതലയേൽക്കുമ്പോൾ 70 കോടി ഉപയോക്താക്കളും 800 കോടി ഡോളർ വാർഷിക വരുമാനവുമുണ്ടായിരുന്ന കമ്പനി, ഇന്ന് 130 കോടിയോളം അംഗങ്ങളും 1700 കോടി ഡോളർ വരുമാനവുമുള്ള പ്ലാറ്റ്‌ഫോമായി വളർന്നു. കേവലമൊരു തൊഴിലന്വേഷണ വെബ്സൈറ്റ് എന്നതിലുപരി പൂർണ്ണരൂപത്തിലുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാക്കി ലിങ്ക്ഡ്ഇന്നിനെ മാറ്റുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ലിങ്ക്ഡ്ഇൻ സി.ഇ.ഒ. സ്ഥാനം ഒഴിഞ്ഞെങ്കിലും, മാതൃകമ്പനിയായ മൈക്രോസോഫ്റ്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി റോസ്ലാൻസ്കി തുടരും. പുതിയ സി.ഇ.ഒ. ഡാനിയേൽ ഷാപ്പിറോ റോസ്ലാൻസ്കിക്ക് കീഴിലാവും പ്രവർത്തിക്കുക.