2020-ല്‍ ട്വിറ്ററിനെ വെല്ലുവിളിച്ചെത്തിയ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ സ്റ്റാര്‍ട്ട്അപ്പ് ആയ 'കൂ' അടച്ചുപൂട്ടുന്നു. നാല് വര്‍ഷം മുമ്പ് അപ്രമേയ രാധാകൃഷ്ണ, മായങ്ക് ബിഡാവത്ക എന്നിവര്‍ ചേര്‍ന്നാണ് 'കൂ' ആരംഭിച്ചത്. മറ്റ് വന്‍കിട ടെക്ക് കമ്പനികള്‍ക്ക് നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ആരും ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് കമ്പനി അടച്ചുപൂട്ടാനൊരുങ്ങുന്നത്. 

To advertise here,

വിവിധ ഇന്റര്‍നെറ്റ് കമ്പനികളുമായും മാധ്യമ കമ്പനികളുമായും ഏറ്റെടുക്കല്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഒന്നും ഫലം കണ്ടില്ലെന്നും 'കൂ' സ്ഥാപകര്‍ പറയുന്നു. കണ്ടന്റ് അഗ്രഗേറ്റര്‍ സ്ഥാപനമായ ഡെയ്‌ലി ഹണ്ടിനും 'കൂ'വിനെ വില്‍ക്കാന്‍ സ്ഥാപകര്‍ ശ്രമിച്ചിരുന്നു. 2020-21 കാലഘട്ടത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് 'കൂ' ജനശ്രദ്ധ നേടിയത്. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തോട് വഴങ്ങാന്‍ അന്ന് ട്വിറ്റര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് സര്‍ക്കാരും അനുകൂല കേന്ദ്രങ്ങളും ട്വിറ്ററിനെതിരെ വ്യാപകമായ പ്രചാരണം നടത്തി.

ട്വിറ്ററിനെ ഉപേക്ഷിച്ച് 'കൂ'വിലേക്ക് മാറണമെന്ന രീതിയില്‍ പ്രചാരണം വ്യാപകമായി. സര്‍ക്കാരും അതിന് മുന്നില്‍ നിന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മന്‍കി ബാത്തില്‍ 'കൂ'വിനെ പ്രശംസിക്കുകയുണ്ടായി. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം, മൈ ഗവ്, ഡിജിറ്റല്‍ ഇന്ത്യ, ഇന്ത്യപോസ്റ്റ്, നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണകിസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കോമണ്‍ സര്‍വീസസ് സെന്റര്‍, ഡിജി ലോക്കര്‍, നാഷണല്‍ ഇന്റര്‍നെറ്റ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും 'കൂ'വില്‍ ഔദ്യോഗിക അക്കൗണ്ടുകള്‍ ആരംഭിച്ചിരുന്നു. ഈ പ്രചാരണങ്ങളെ തുടര്‍ന്ന് ഒരു കോടിയോളം പ്രതിമാസ സജീവ ഉപഭോക്താക്കള്‍ 'കൂ'വിനുണ്ടായിരുന്നു. പരമാവധി 21 ലക്ഷത്തോളം പ്രതിദിന ഉപഭോക്താക്കളെയും 'കൂ'വിന് ലഭിച്ചു. രൂപകൽപനയിൽ ട്വിറ്ററിന്റെ തനിപ്പകർപ്പായിരുന്നു 'കൂ'. 

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സാപ്പ് വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...https://mbi.page.link/Tech

ഫണ്ടിങ് കുറഞ്ഞതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്. ചെലവുകള്‍ക്ക് പണം തികയാത്ത സാഹചര്യമുണ്ടായെന്നും സ്ഥാപകര്‍ പറയുന്നു. ട്വിറ്ററിനെ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതോടെ ട്വിറ്ററും ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അയഞ്ഞു. ട്വിറ്റര്‍ പഴയ രീതികളില്‍നിന്ന് പല മാറ്റങ്ങളോടെ മാറി സഞ്ചരിക്കുകയും ഇലോണ്‍ മസ്‌കിന്റെ നിരന്തര ശ്രമത്തിലുടെ എക്‌സ് എന്ന പേരില്‍ പ്ലാറ്റ്‌ഫോം കൂടുതല്‍ ശക്തമായി നിലനില്‍ക്കുകയും ചെയ്തു. ഇത് സമാനമായ ഇന്ത്യന്‍ പതിപ്പുകളുടെ ആവശ്യവും ഇല്ലാതാക്കി. ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും അനുകൂലിക്കുന്നവരുടെ മാത്രം ഇടമെന്ന രീതിയിലും 'കൂ' വിലയിരുത്തപ്പെട്ടത് ഒരു പരിധിവിട്ടുള്ള സ്വീകാര്യത ലഭിക്കുന്നതിന് 'കൂ'വിന് തടസമായി.