ഒരു ട്രില്യണ്‍ പാരാമീറ്ററുകളോടെ നിര്‍മ്മിച്ച കിമി കെ2 തിങ്കിങ്ങ് കഴിഞ്ഞ ജൂലായില്‍ പുറത്തിറക്കിയ കിമി കെ2 മോഡലിന്റെ പിന്‍ഗാമിയാണ്. ഡെവലപ്പര്‍മാര്‍ക്ക് പരീക്ഷണങ്ങള്‍ക്കായി ഇത് ഇപ്പോള്‍ ഹഗ്ഗിംഗ് ഫേസ് വഴി ലഭ്യമാണ്.

1. ജെന്സന് ഹുവാങ് 2. പ്രതീകാത്മകചിത്രം | Photo - AP, AI
ഡീപ്സീക്കിന്റെ വരവിനുശേഷം ആഗോള എഐ കിടമത്സരത്തില്‍ ചൈനയ്ക്ക് വീണ്ടും വന്‍മുന്നേറ്റം. നിര്മിതബുദ്ധുയുടെ രംഗത്ത് ലോകത്തെ വമ്പന്‍ കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ചൈനയില്‍നിന്ന് പുതിയ എതിരാളി എത്തുന്നു. മൂണ്‍ഷോട്ടിന്റെ കിമി കെ2 തിങ്കിങ് എന്ന ഓപ്പണ്‍ സോഴ്സ് മോഡലാണ് വാര്‍ത്തകളില്‍ നിറയുന്നത്. പല പ്രധാന മാനദണ്ഡങ്ങളിലും ഓപ്പണ്‍എഐ-യുടെ ജിപിടി-5 നെയും ആന്ത്രോപിക്കിന്റെ ക്ലോഡ് സോനെറ്റ് 4.5 നെയും കിമി കെ2 തിങ്കിങ് മറികടന്നുവെന്നാണ് അതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. മികച്ചതെന്ന് അവകാശപ്പെടുന്ന ജിപിടി-5 ന് കടുത്ത വെല്ലുവിളിയാണിത്.
അപ്രതീക്ഷിത മുന്നേറ്റമാണ് ബീജിങ് ആസ്ഥാനമായ മൂണ്‍ഷോട്ട് എഐ ലാബ് കാഴ്ചവെച്ചിരിക്കുന്നത്. അമേരിക്കന്‍ എഐ ലാബുകള്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിക്കുമ്പോള്‍ വെറും 5 മില്യണ്‍ (50 ലക്ഷം) ഡോളറില്‍ താഴെ മാത്രം പരിശീലനച്ചെലവ് വരുന്ന കിമി കെ2 തിങ്കിംഗ് ചെറിയ കമ്പനികള്‍ക്കും ആഗോളതലത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണെന്ന് മൂണ്‍ഷോട്ട് അവകാശപ്പെടുന്നു.
തുടക്കം മുതല്‍ നിശബ്ദമായി മുന്നേറിക്കൊണ്ടിരുന്ന മൂണ്‍ഷോട്ട് വ്യാഴാഴ്ചയാണ് കിമി കെ2 തിങ്കിംഗ് പുറത്തിറക്കിയത്. യുക്തി, പ്രശ്നപരിഹാരം, ഓണ്‍ലൈനില്‍ കണ്ടെത്താന്‍ പ്രയാസമുള്ള വിവരങ്ങള്‍ കണ്ടെത്താനുള്ള എഐ-യുടെ കഴിവ് എന്നിവ പരീക്ഷിക്കുന്ന മൂന്ന് പ്രധാന മാനദണ്ഡങ്ങളില്‍ ജിപിടി-5 നെയും ക്ലോഡ് സോനെറ്റ് 4.5 നെയും ഈ മോഡല്‍ മറികടക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏറ്റവും വെല്ലുവിളി നിറഞ്ഞ അക്കാദമികവും വിശകലനപരവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നൂറുകണക്കിന് ഘട്ടങ്ങളിലൂടെ ആസൂത്രണം ചെയ്യാനും യുക്തി ഉപയോഗിക്കാനും നടപ്പാക്കാനും പൊരുത്തപ്പെടാനും കെ2 തിങ്കിംഗിന് കഴിവുണ്ടെന്ന് കമ്പനി വെബ്സൈറ്റില്‍ പറയുന്നു.
കാര്യങ്ങള്‍ മുന്‍കൂട്ടി ചിന്തിക്കാനും പ്രവര്‍ത്തനത്തിനിടയില്‍ മാറ്റങ്ങള്‍ വരുത്താനും സ്വന്തം ഉത്തരങ്ങള്‍ പരിശോധിക്കാനും വേണ്ടി വെബ് ബ്രൗസറുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാനും ഇതിന് കഴിയും. വ്യക്തതയില്ലാത്ത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി അതിനെ ഘട്ടങ്ങളായി വിഭജിക്കാനും കഴിയും. മികച്ച ചാറ്റ്ബോട്ടുകള്‍ പോലും ഇപ്പോഴും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു ട്രില്യണ്‍ പാരാമീറ്ററുകളോടെ നിര്‍മ്മിച്ച കിമി കെ2 തിങ്കിങ്ങ് കഴിഞ്ഞ ജൂലായില്‍ പുറത്തിറക്കിയ കിമി കെ2 മോഡലിന്റെ പിന്‍ഗാമിയാണ്. ഡെവലപ്പര്‍മാര്‍ക്ക് പരീക്ഷണങ്ങള്‍ക്കായി ഹഗ്ഗിംഗ് ഫേസ് വഴി ലഭ്യമാണ്. പണം നല്കി ഉപയോഗിക്കേണ്ടതും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ മോഡലുകള്‍ ആധിപത്യം സ്ഥാപിക്കുന്ന എഐ ലോകത്ത് ഇത് കിമി കെ2 തിങ്കിങ്ങിനെ വ്യത്യസ്തമാക്കുന്നു.
ജിപിടി-5, ക്ലോഡ് സോനെറ്റ് 4.5 എന്നിവയെ പരിശീലിപ്പിക്കാന്‍ ചെലവഴിച്ച തുകയുടെ ഒരു ചെറിയ അംശം മാത്രമായ 4.6 മില്യണ്‍ ഡോളറിനാണ് ഇതിനെ പൂര്‍ണ്ണമായും പരിശീലിപ്പിച്ചതെന്ന് മൂണ്‍ഷോട്ട് പറയുന്നു. ഈ അവകാശവാദം ശരിയാണെന്ന് തെളിഞ്ഞാല്‍ അത് എഐ നവീകരണത്തിന്റെ സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം ആദ്യം ചൈനയില്‍നിന്നുള്ള ഡീപ്സീക്ക് ആര്1-ന്റെ വരവ് ലോകത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് കിമി കെ2 തിങ്കിങ്ങും എത്തുന്നത്. ചൈനയില്‍നിന്നുള്ള കടുത്ത മത്സരത്തിനിടയില്‍ നിര്‍മിതബുദ്ധിയിലെ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ അമേരിക്കയ്ക്ക് കഴിയുമോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ പുതിയ മോഡലിന്റെ വരവ് വീണ്ടും തിരികൊളുത്തിയിട്ടുണ്ട്.
എഐ മത്സരത്തില്‍ ചൈന വിജയിക്കുമെന്ന് ലോകത്തെ മുന്‍നിര ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ സിഇഒ ജെന്സന് ഹുവാങ് അടുത്തിടെ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പരാമര്‍ശം വിവാദമായതോടെ ഹുവാങ് പിന്നീട് പ്രസ്താവന മയപ്പെടുത്തി. എഐ-യില്‍ അമേരിക്കയെക്കാള്‍ നാനോ സെക്കന്‍ഡുകള്‍ മാത്രം പിന്നിലാണ് ചൈനയെന്ന് അദ്ദേഹം തിരുത്തിപ്പറഞ്ഞു. മുന്നോട്ട് കുതിച്ചും ലോകമെമ്പാടുമുള്ള ഡെവലപ്പര്‍മാരെ ഒപ്പം നിര്‍ത്തിയും അമേരിക്ക വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content Highlights: Moonshot`s Kimi K2 Thinking AI, trained for under $5M, claims to outperform GPT-5 & Claude 4.5. Discover China`s open-source AI challenger. Learn more
Published: 08 Nov 2025, 09:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented