ആലപ്പുഴ: നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) തൊഴിൽമേഖലയിൽ പരിവർത്തനമുണ്ടാക്കുമെങ്കിലും കൂടുതൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സംസ്ഥാന തൊഴിൽ വകുപ്പിന്റെ പഠനറിപ്പോർട്ട്. തൊഴിൽമേഖലയിൽ നിർമിതബുദ്ധിയുണ്ടാക്കാവുന്ന പ്രത്യാഘാതം സംബന്ധിച്ചായിരുന്നു പഠനം.

To advertise here,

ബാങ്കിങ്, ഇൻഷുറൻസ് പോലുള്ള പരമ്പരാഗത മേഖലകളിൽ തൊഴിൽ കുറയുമെങ്കിലും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് തൊഴിൽസാധ്യത കൂടും. പഴയ പല തൊഴിലും ഇല്ലാതാകുമ്പോൾ എഐ എൻജിനിയർ, ഡേറ്റാ സയന്റിസ്റ്റ്, പ്രോംപ്റ്റ് എൻജിനിയർ, എഐ എത്തിസിസ്റ്റ് (ധാർമികത ഉറപ്പാക്കുന്നവർ), സൈബർസുരക്ഷാ വിദഗ്ധർ, എഐ പരിശീലകർ തുടങ്ങി പല പുതിയ മേഖലകളും തുറക്കപ്പെടും.

വൈദഗ്ധ്യമുള്ള പ്രൊഫണലുകൾക്ക് കൂടുതൽ വരുമാനം കിട്ടുമെന്നും വീട്ടിലിരുന്നു തൊഴിലെടുക്കുന്നവരും ഏതെങ്കിലും പ്രധാന തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് സ്വതന്ത്രമായി ജോലി ചെയ്യുന്നവരും കൂടുമെന്നും പഠനം പറയുന്നു. എംഎൽഎമാരായ എൽദോസ് കുന്നപ്പള്ളിൽ, റോജി എം. ജോൺ, ടി.ജെ. വിനോദ്, സനീഷ്‌കുമാർ ജോസഫ് എന്നിവരുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി വി. ശിവൻകുട്ടി നിയമസഭയിലും ഇക്കാര്യം അറിയിച്ചിരുന്നു.

ആവർത്തന സ്വഭാവമുള്ളതും വിവരം ശേഖരിക്കുന്നതുമായ ജോലി നിർമിതബുദ്ധി കൂടുതൽ കാര്യക്ഷമമായി ചെയ്യും. ഇത് മനുഷ്യനു കൂടുതൽ സർഗാത്മകവും സങ്കീർണവുമായ ജോലികളിൽ ഏർപ്പെടാൻ അവസരമൊരുക്കും. ഡേറ്റാ എൻട്രി പോലുള്ള തൊഴിലിൽ കുറവുണ്ടാകും. എന്നാൽ, എഐയുമായി ചേർന്നു പ്രവർത്തിക്കാൻ കഴിയുന്നവർക്ക് കൂടുതൽ അവസരം ലഭിക്കും. ബാങ്കിങ്, ഇൻഷുറൻസ്, അഡ്മിനിസ്ട്രേഷൻ, ഡേറ്റാ പ്രോസസിങ് മേഖലകളിൽ തൊഴിൽ കുറയുമെങ്കിലും എഐ വരുന്നതോടെ ഈ മേഖലകളിലെ കാര്യക്ഷമത കൂടുകയും മനുഷ്യസഹജമായ തെറ്റ് ഇല്ലാതാകുകയും ചെയ്യുമെന്നും പഠനത്തിലുണ്ട്.

തൊഴിലവസരം കൂടുന്ന മേഖലകൾ 

ഡേറ്റാ സയൻസ്, മെഷീൻ ലേണിങ്, എഐ മോഡൽ വികസനം, സൈബർ സുരക്ഷ എന്നീ മേഖലകളിൽ പുതിയ തൊഴിലവസരങ്ങളുണ്ടാകും. എഐയുടെ സഹായത്തോടെയുള്ള തീരുമാനമെടുക്കൽ, കൺസൾട്ടൻസി, പരിശീലനം, സൃഷ്ടിപരമായ തൊഴിലുകൾ എന്നിവയിൽ എഐയും മനുഷ്യനും ചേർന്നുള്ള തൊഴിൽസംസ്കാരം രൂപപ്പെടും.

പരമ്പരാഗതമേഖലയിൽ കുതിപ്പ്

എഐ അധിഷ്ഠിത പ്രവചനവിശകലനം, ഡ്രോൺ അധിഷ്ഠിത നിരീക്ഷണം, കൃത്യത എന്നിവ കാർഷികമേഖലയ്ക്കു ഗുണം ചെയ്യും. ആരോഗ്യസംരക്ഷണം, രോഗനിർണയം, വിദൂര കൺസൾട്ടേഷൻ എന്നിവ ആരോഗ്യമേഖലയ്ക്ക് ഗുണകരമാകും. എഐ അധിഷ്ഠിത ഉത്പാദനം, ലോജിസ്റ്റിക്സ്, റീട്ടെയിൽ ഓട്ടമേഷൻ എന്നിവ നിർമാണമേഖലയിലും മാറ്റമുണ്ടാക്കും.

എഐ ക്രിയാത്മകമായി ഉപയോഗപ്പെടുത്തും

നിർമിതബുദ്ധി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുംവിധമുള്ള പ്രവർത്തനമാണ് തൊഴിൽനൈപുണീ വികസന വകുപ്പ് (കെഎഎസ്ഇ) നടത്തുന്നത്. തൊഴിൽ നഷ്ടപ്പെടുന്ന പരമ്പരാഗത തൊഴിലാളികളെ റീസ്കിൽ (പുനർപരിശീലനം) ചെയ്തും നിലനിൽക്കുന്ന മേഖലകളിലുള്ളവരെ അപ്‌സ്കിൽ (നൈപുണിവികസനം) ചെയ്തും ഇതു ഫലപ്രദമാക്കും. പുതിയ തൊഴിൽമേഖലകൾക്ക് പരമാവധി സൗകര്യമൊരുക്കുകയും ചെയ്യും.

-ടി.വി. വിനോദ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ, കെഎഎസ്ഇ