വിക്കിലീക്‌സിന് രഹസ്യ ഹാക്കിങ് ടൂളുകള്‍ ചോര്‍ത്തി നല്‍കിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന് 40 വര്‍ഷം ജയില്‍ ശിക്ഷ. സിഐഎയുടെ 'വോള്‍ട്ട് 7' ടൂളുകള്‍ ചോര്‍ത്തിയതിനാണ് ജോഷ്വ ഷുള്‍ട്ടിന് ജയില്‍ ശിക്ഷ ലഭിച്ചത്. സ്മാര്‍ട്‌ഫോണുകള്‍ ഹാക്ക് ചെയ്ത് ശബ്ദം ചോര്‍ത്തുന്ന ഉപകരണമാക്കി മാറ്റുന്ന ടൂള്‍ ആണിത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ കൈവശം വെച്ചതിനും ഇയാള്‍ കുറ്റക്കാരനാണ്. 

To advertise here,

2017 ലാണ് 35 കാരനായ ഷുള്‍ട്ട് 8761 രേഖകള്‍ വിക്കിലീക്‌സിന് ചോര്‍ത്തി നല്‍കിയത്. സിഐഎയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ചയാണിതെന്ന് യുഎസ് നീതി വകുപ്പ് പറയുന്നു.

ഈ ആരോപണങ്ങള്‍ ഷൂള്‍ട്ട് നിഷേധിച്ചെങ്കിലും 2020, 2022, 2023 വര്‍ഷങ്ങളിലായി നടന്ന വിചാരണകളില്‍ ഷൂള്‍ട്ട് വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടു. വ്യാഴാഴ്ച, ചാരവൃത്തി, കമ്പ്യൂട്ടര്‍ ഹാക്കിംഗ്, കോടതിയലക്ഷ്യം, എഫ്ബിഐക്ക് തെറ്റായ മൊഴികള്‍ നല്‍കല്‍, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങള്‍ കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടു.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ ചാരപ്രവര്‍ത്തനം നടത്തി ജോഷ്വ ഷുള്‍ട്ട് തന്റെ രാജ്യത്തെ ഒറ്റിക്കൊടുത്തുവെന്ന് യുഎസ് അറ്റോര്‍ണി ഡാമിയന്‍ വില്യംസ് പറഞ്ഞു.

വിദേശ ഭരണകൂടങ്ങള്‍ക്കെതിരെയും ഭീകര സംഘടനങ്ങള്‍ക്കെതിരെയും സൈബര്‍ ചാര പ്രവര്‍ത്തനം നടത്തുന്ന വിഭാഗമായ സെന്റര്‍ ഫോര്‍ സൈബര്‍ ഇന്റലിജന്‍സിലെ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ ആയിരുന്നു ഷുള്‍ട്ട്. 2016 ല്‍ വിക്കിലീക്‌സിന് വിവരങ്ങള്‍ കൈമാറുകയും തന്റെ പങ്ക് എഫ്ബിഐ ഉദ്യോഗസ്ഥരില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്തു. 

ഓഫീസില്‍ ജോലികള്‍ ചെയ്തു തീര്‍ക്കുന്നതിന് കാലതാമസം വരുത്തുന്ന ഷൂള്‍ട്ടിന് ഡെഡ്‌ലൈനുകള്‍ പാലിക്കാന്‍ സാധിക്കാറില്ലെന്ന് അഭിഭാഷകര്‍ പറയുന്നു. ഇതേ തുടര്‍ന്ന് 'ഡ്രിഫ്റ്റിങ് ഡെഡ്‌ലൈന്‍' എന്ന വിളിപ്പേരും ഇയാള്‍ക്കുണ്ടായിരുന്നു. തന്നോട് തെറ്റ് ചെയ്തവരെ ശിക്ഷിക്കുന്നതിനാണ് ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നും അഭിഭാഷകര്‍ ആരോപിക്കുന്നു. 

2017 മുതലാണ് വിക്കിലീക്‌സ് രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ട് തുടങ്ങിയത്. വിവരങ്ങള്‍ പുറത്തുവന്നതോടെ രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനുള്ള സിഐഎയുടെ ശ്രമങ്ങള്‍ക്ക് കടുത്ത വെല്ലുവിളി നേരിടുകയും സിഐഎ ഉദ്യോഗസ്ഥര്‍ക്കും പ്രോഗ്രാമുകള്‍ക്കും അത് ഭീഷണി സൃഷ്ടിക്കുകയും ചെയ്തു. ഇത് വലിയ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കി. 

അന്ന് പലതവണ എഫ്ബിഐ ഉദ്യോഗസ്ഥര്‍ ഷൂള്‍ട്ടുമായി സംസാരിച്ചിരുന്നുവെങ്കിലും അയാള്‍ തന്റെ പങ്ക് വെളിപ്പെടുത്തിയില്ല. പിന്നീട് ഷൂള്‍ട്ടിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളുടെ ശേഖരം കണ്ടെത്തുകയും ചെയ്തു. 2018 മുതല്‍ ഇയാള്‍ ജയിലിലാണ്.