കഴിഞ്ഞവർഷം നടത്തിയ പിഎസ്എൽവി-സി 61 ദൗത്യവും മൂന്നാം ഘട്ടത്തിലാണ് പരാജയപ്പെട്ടത്

പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടതിന്റെ ഞെട്ടലിലും നിരാശയിലുമാണ് ഐഎസ്ആർഒ. പുതുവർഷത്തിൽ പുതിയ പ്രതീക്ഷകളോടെയാണ് ഡിആർഡിഒയുടെ ചാര ഉപഗ്രഹം 'അന്വേഷ' (ഇഒഎസ്-എൻ1) ഉൾപ്പെടെ 16 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി-സി 62 ദൗത്യം തിങ്കളാഴ്ച രാവിലെ 10:17-ന് ആകാശത്തേക്ക് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ ദൗത്യം വിക്ഷേപിച്ചത്. എന്നാൽ വിക്ഷേപിച്ച് 380 സെക്കൻഡിന് ശേഷം പ്രശ്‌നങ്ങളുണ്ടാകുകയും ദൗത്യം പരാജയപ്പെടുകയുമായിരുന്നു.
ചെയർമാൻ വി. നാരായണന്റെ ഹ്രസ്വമായ വാർത്താസമ്മേളനം മാത്രമാണ് ഐഎസ്ആർഒയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായുണ്ടായ പ്രതികരണം. മൂന്നാം ഘട്ടത്തിൽ പ്രശ്‌നങ്ങൾ നേരിട്ടുവെന്നും ദൗത്യത്തിന്റെ സഞ്ചാരപാതയിൽ വ്യതിചലനമുണ്ടായെന്നുമാണ് അദ്ദേഹം പറഞ്ഞത്.
Also Read: പിഎസ്എൽവി-സി 62 ദൗത്യം പരാജയം; പ്രശ്നം നേരിട്ടത് മൂന്നാം ഘട്ടത്തിൽ | VIDEO
വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണത്തിൽ ബഹിരാകാശവാഹനം മുന്നോട്ടുനീങ്ങുന്നതിന്റെ ഗ്രാഫിക്കൽ ദൃശ്യങ്ങളുണ്ടായിരുന്നു. മൂന്നാം ഘട്ടത്തിൽ 380-ാം സെക്കൻഡിന് ശേഷം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ബഹിരാകാശത്ത് വട്ടംകറങ്ങുന്നത് തത്സമയ വീഡിയോയിൽ കാണാം. ഈ ഭാഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
മൂന്നാം ഘട്ടം വരെയുള്ള പിഎസ്എൽവി-സി 62-ന്റെ പ്രകടനം പ്രതീക്ഷിച്ചതുപോലെ തന്നെയാണ് മുന്നോട്ടുപോയതെന്ന് ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. എന്നാൽ മൂന്നാം ഘട്ടത്തിന്റെ അവസാനത്തോടടുത്ത് വാഹനം ചില പ്രശ്‌നങ്ങൾ നേരിട്ടു. കൂടാതെ വാഹനം സഞ്ചാരപാതയിൽ നിന്ന് വ്യതിചലിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇത്രയും വിവരങ്ങളാണ് ലഭ്യമായതെന്നും ഗ്രൗണ്ട് സ്‌റ്റേഷനുകളിൽ നിന്നുൾപ്പെടെ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചുവരികയാണെന്നും പറഞ്ഞാണ് അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിച്ചത്.
എന്താകാം പരാജയ കാരണം?
ഐഎസ്ആർഒയുടെ വിശ്വസ്തനായ വിക്ഷേപണവാഹനമായ പിഎസ്എൽവിയുടെ തുടർച്ചയായ രണ്ടാമത്തെ പരാജയമാണ് തിങ്കളാഴ്ച സംഭവിച്ചത്. ഇതിന് മുമ്പ് കഴിഞ്ഞവർഷം മേയിലാണ് പിഎസ്എൽവി പരാജയം രുചിച്ചത്. ശ്രീഹരിക്കോട്ടയിൽ നിന്ന് 100 വിക്ഷേപണങ്ങൾ പൂർത്തിയാക്കിയശേഷമുള്ള 101-ാമത് ദൗത്യമാണ് അന്ന് പരാജയപ്പെട്ടത്.
തിങ്കളാഴ്ചത്തേതിന് സമാനമായി മൂന്നാം ഘട്ടത്തിലാണ് അന്നും പിഎസ്എൽവിയിൽ പ്രശ്‌നങ്ങളുണ്ടായത്. സോളിഡ് മോട്ടോർ ചേംബറിലെ മർദത്തിൽ അസാധാരണമായ കുറവുണ്ടായതാണ് അന്ന് ദൗത്യം പരാജയപ്പെടാൻ കാരണമായത്.
റോക്കറ്റിലെ ഖര ഇന്ധനം (സോളിഡ് പ്രൊപ്പലന്റ്) സൂക്ഷിക്കുന്നതും അത് ജ്വലിക്കുന്നതുമായ ഇടമാണ് സോളിഡ് മോട്ടോർ ചേംബർ. ഇന്ധനം ജ്വലിക്കുമ്പോഴുള്ള അതിശക്തമായ താപനിലയും മർദവും താങ്ങാൻ ശേഷിയുള്ള ചേംബറാണ് ഇത്. ഇവിടെ മർദം കുറയുന്നത് റോക്കറ്റിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും.
സോളിഡ് മോട്ടോർ ചേംബറിൽ മർദം കുറഞ്ഞാൽ ഇന്ധനം കത്തുന്ന നിരക്കും അതുവഴി റോക്കറ്റിന്റെ 'കുതിപ്പും' (ത്രസ്റ്റ്) കുറയും. ഇങ്ങനെ സംഭവിച്ചാൽ അത് റോക്കറ്റിന്റെ സഞ്ചാരപാതയിൽ വ്യതിചലനമുണ്ടാകും. ഇതോടെ സ്ഥിരത നഷ്ടമാകുകയും റോക്കറ്റ് നിയന്ത്രണമില്ലാതെ കറങ്ങാൻ തുടങ്ങുകയും ചെയ്യും.
പരാജയം സംഭവിച്ചത് മൂന്നാം ഘട്ടത്തിലായതിനാലും വാഹനം വട്ടംകറങ്ങുന്നതിന്റെ ഗ്രാഫിക്കൽ ദൃശ്യങ്ങൾ പുറത്തുവന്നതിനാലും കഴിഞ്ഞ വർഷത്തേതിന് സമാനമായി സോളിഡ് മോട്ടോർ ചേംബറിലെ മർദം കുറഞ്ഞത് തന്നെയാകാം പിഎസ്എൽവി-സി 62 ദൗത്യവും പരാജയപ്പെടാൻ കാരണം എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ഐഎസ്ആർഒ ഔദ്യോഗികമായി പറഞ്ഞാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനും എന്താണ് സംഭവിച്ചത് എന്നറിയാനും സാധിക്കൂ.
Content Highlights: ISRO's PSLV-C62 mission failed after spinning out of control during its third stage, leading to the loss of 16 satellites. Experts suspect an abnormal drop in solid motor chamber pressure caused the rocket to deviate from its flight path.
Published: 12 Jan 2026, 02:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented