വിക്ഷേപണം നടന്ന് എട്ട് മാസത്തിനുശേഷം സുരക്ഷിതമായി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തി ഇന്ത്യയുടെ എൽ.വി.എം.3 (LVM3) റോക്കറ്റിന്റെ ഉപേക്ഷിക്കപ്പെട്ട അപ്പർ‌സ്റ്റേജ്. ഭാരമേറിയ പേലോഡ് വഹിക്കാനുള്ള ശേഷിയും അസാമാന്യ കരുത്തും കാരണം ബാഹുബലി റോക്കറ്റ് എന്ന് മാധ്യമങ്ങളടക്കം വിശേഷിപ്പിക്കുന്ന റോക്കറ്റാണിത്. ജൂലായ് 30-നാണ് LVM3-M5 റോക്കറ്റിന്റെ ഇ25 അപ്പർ സ്റ്റേജ് ദീർഘകാലം ബഹിരാകാശത്ത് ചെലവഴിച്ചശേഷം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ചതെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചിട്ടുണ്ട്.

To advertise here,

2025 നവംബർ 2-ന് ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു ഈ റോക്കറ്റിന്റെ വിക്ഷേപണം. CMS-03 ആശയവിനിമയ ഉപഗ്രഹത്തെ വിജയകരമായി ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിൽ (GTO) എത്തിച്ചത് ഈ റോക്കറ്റാണ്. കൃത്യതയോടെയുള്ള മിഷൻ പ്ലാനിങ്ങിന്റെ ഫലമായാണ് റോക്കറ്റ് അന്തരീക്ഷത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയതെന്ന് ഐഎസ്ആർഓ വൃത്തങ്ങൾ പറയുന്നു. ബഹിരാകാശ അവശിഷ്ടങ്ങൾ എങ്ങനെ കുറയ്ക്കാൻ സാധിക്കും എന്ന വിഷയത്തിൽ ഇന്ത്യയുടെ വൻമുന്നേറ്റമാണിതെന്നും അവർ വ്യക്തമാക്കുന്നു.

റോക്കറ്റിന് പിന്നീട് എന്തുസംഭവിച്ചു?

ഉപഗ്രഹം വിക്ഷേപിച്ചതിനുശേഷം, C25 അപ്പർ സ്റ്റേജിനെ ഐഎസ്ആർഓ ഭ്രമണപഥത്തിൽ ഉപേക്ഷിച്ചു. അപകടകരമായ രീതിയിൽ പൊട്ടിത്തെറിക്കാനുള്ള സാധ്യത കുറയ്ക്കുന്ന 'പാസിവേഷൻ' പ്രക്രിയയ്ക്ക് വിധേയമാക്കിയ ശേഷമായിരുന്നു ഇത്. തുടർന്ന് യു.എസ് സ്‌പേസ് കമാൻഡും ഐഎസ്ആർഒയുടെ സിസ്റ്റം ഫോർ സേഫ് ആൻഡ് സസ്റ്റെയ്‌നബിൾ സ്‌പേസ് ഓപ്പറേഷൻസ് മാനേജ്‌മെന്റും (IS4OM) ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ചു. ശ്രീഹരിക്കോട്ടയിലെ മൾട്ടി ഒബ്ജക്റ്റ് ട്രാക്കിങ് റഡാറും ഇതിനെ പിന്തുടർന്നിരുന്നു.

ജൂലായ് 30-ന് ഇന്ത്യൻ സമയം വൈകുന്നേരം 5:38-ഓടെ റോക്കറ്റിന്റെ അപ്പർ‌സ്റ്റേജ് അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കാനാണ് സാധ്യതയെന്നും ഈ ഭാഗം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലേക്ക് വീഴുമെന്നും ഐഎസ്ആർഒ കണക്കാക്കിയിരുന്നു. കഠിനമായ ചൂട് കാരണം അന്തരീക്ഷത്തിലേക്ക് പുനഃപ്രവേശിക്കുമ്പോൾ തന്നെ ഇതിന്റെ ഭൂരിഭാഗവും കത്തിനശിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. വാതക സിലിണ്ടറുകൾ, നോസിൽ, ടാങ്കുകൾ തുടങ്ങിയ കടുത്ത ചൂട് പ്രതിരോധിക്കാൻ കഴിയുന്ന വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഘടകങ്ങൾ മാത്രമാണ് അവശേഷിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെട്ടത്. ഈ കണക്കൂട്ടലുകളെല്ലാം കൃത്യമായി.

റോക്കറ്റിന്റെ തിരിച്ചുവരവിന്റെ പ്രാധാന്യമെന്ത്?

ഒരു റോക്കറ്റിന്റെ അപ്പർ സ്റ്റേജ് ദൗത്യം പൂർത്തിയാക്കിയ ഉടൻ തന്നെ ഭൂമിയിലേക്ക് തിരികെ വീഴണമെന്നില്ല. അതിന്റെ ഭ്രമണപഥവും വിക്ഷേപണ സമയവും അനുസരിച്ച് അത് മാസങ്ങളോ വർഷങ്ങളോ അല്ലെങ്കിൽ പതിറ്റാണ്ടുകളോ ബഹിരാകാശത്ത് തുടർന്നേക്കാം.

LVM3-M5 -യുടെ C25 സ്റ്റേജ് ഒരു വർഷത്തിൽ താഴെ മാത്രമേ ഭ്രമണപഥത്തിൽ ഉണ്ടാകൂ എന്ന് വിക്ഷേപണത്തിന് മുമ്പ് തന്നെ ഐഎസ്ആർഒ കണക്കാക്കിയിരുന്നു. ഈ വിലയിരുത്തൽ കൃത്യമായി. ഒൻപത് മാസത്തിൽ താഴെ മാത്രമാണ് അത് ഭ്രമണപഥത്തിൽ തുടർന്നത്.

ഭൂമിയോട് ചേർന്നുള്ള ഭ്രമണപഥങ്ങളിലെ വസ്തുക്കളുടെ ദൗത്യാനന്തര ആയുസ്സ് പരിമിതപ്പെടുത്തുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം 25 വർഷമാണ് സമയ പരിധി. താഴ്ന്ന ഭ്രമണപഥത്തിലൂടെ കടന്നുപോകുന്ന റോക്കറ്റ് സ്റ്റേജുകളുടെ ആയുസ്സ് അഞ്ച് വർഷമായി പരിമിതപ്പെടുത്തണമെന്ന് ഇന്ത്യയുടെ കർശനമായ 'ഡെബ്രിസ് ഫ്രീ സ്‌പേസ് മിഷൻ' (Debris Free Space Mission) ശുപാർശ ചെയ്യുന്നുണ്ട്. ഇവയെല്ലാം കൃത്യമായി പാലിക്കാൻ ഐഎസ്ആർഓയ്ക്ക് കഴിയുന്നു എന്നതാണ് റോക്കറ്റിന്റെ തിരിച്ചുവരവിന്റെ പ്രാധാന്യം.