2025 മേയിലെ പി.എസ്.എല്‍.വി-സി 61 വിക്ഷേപണവും ഈ വര്‍ഷം ജനുവരി 12-ന് നടന്ന പി.എസ്.എല്‍.വി. സി 62 വിക്ഷേപണവുമാണ് പരാജയപ്പെട്ടത്.

തിരുവനന്തപുരം: കടുത്ത സുരക്ഷാപരിശോധനകളും തുടർച്ചയായ സാങ്കേതികപ്രശ്നങ്ങളും കാരണം വൈകിയ വിക്ഷേപണങ്ങൾക്ക് ഐ.എസ്.ആർ.ഒ.ക്ക് അനുമതി. രാജ്യത്തിന്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ പരീക്ഷണവിക്ഷേപണം ഒക്ടോബറിലും ജി.എസ്.എൽ.വി. വിക്ഷേപണം സെപ്റ്റംബറിലും നടക്കും.
പി.എസ്.എൽ.വി. വിക്ഷേപണങ്ങളുടെ തുടർച്ചയായ പരാജയത്തിനുശേഷം കേന്ദ്രസർക്കാർ നിർദേശിച്ച കർശന സുരക്ഷാ മാനദണ്ഡങ്ങളാണ് പുതിയ ദൗത്യങ്ങളുടെ എട്ടുമാസത്തെ ഇടവേളയ്ക്കു കാരണം. രാജ്യാതിർത്തികളുടെയും ഭൂപ്രദേശങ്ങളുടെയും ചിത്രങ്ങൾ ലഭ്യമാക്കാൻ ശേഷിയുള്ള ജിയോ ഇമേജിങ് ഉപഗ്രഹമായ ഇ.ഒ.എസ്-05 ഉപഗ്രഹമായിരിക്കും ജി.എസ്.എൽ.വി. മാർക്ക് രണ്ട് റോക്കറ്റ് ഭ്രമണപഥത്തിലെത്തിക്കുക.
ശ്രീഹരിക്കോട്ടയിൽ വിക്ഷേപണത്തിനായി രണ്ട് ഉപഗ്രഹങ്ങൾ (ഗതി നിർണയ ഉപഗ്രഹമായ എൻവിഎസ്-03, ഇ.ഒ.എസ്-05 (ജിസാറ്റ്-1എ)ഒരുക്കിയിരുന്നെങ്കിലും വിക്ഷേപണ അനുമതി ലഭിച്ചിരുന്നില്ല.
സുരക്ഷ ഉറപ്പാക്കാതെ വിക്ഷേപണം വേണ്ടെന്ന നിലപാടിലായിരുന്നു കേന്ദ്രസർക്കാർ. വിക്ഷേപണത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി വാങ്ങുകയെന്നത് സാധാരണ നടപടിയാണെന്നാണ് വിശദീകരണം. 2025 മേയിലെ പി.എസ്.എൽ.വി-സി 61 വിക്ഷേപണവും ഈ വർഷം ജനുവരി 12-ന് നടന്ന പി.എസ്.എൽ.വി. സി 62 വിക്ഷേപണവുമാണ് പരാജയപ്പെട്ടത്. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നിയോഗിച്ച അന്വേഷണസമിതി റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.
ഗഗൻയാൻ ദൗത്യത്തിന്റെ ഗ്രൗണ്ട് പരീക്ഷണത്തിന്റെ 90 ശതമാനവും പൂർത്തിയായതായി ഐ.എസ്.ആർ.ഒ. അറിയിച്ചു. ഒക്ടോബറിൽനടക്കുന്ന ആദ്യ പരീക്ഷണദൗത്യത്തിൽ ക്രൂ മൊഡ്യൂളും സർവീസ് മൊഡ്യൂളും ബഹിരാകാശത്തെത്തിച്ച് തിരിച്ചിറക്കുകയാണ് ലക്ഷ്യം.
ഐ.എസ്.ആർ.ഒ. നിർമിച്ച വ്യോമമിത്ര എന്ന മനുഷ്യ റോബോട്ടിനേയും ബഹിരാകാശത്തേക്ക് അയക്കും. യാത്രികർക്ക് നേരിടേണ്ടിവരുന്ന സാഹചര്യങ്ങളും പേടകത്തിലെ സുരക്ഷയും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. രണ്ട് പരീക്ഷണ ദൗത്യങ്ങൾക്കുശേഷം 2028ലായിരിക്കും സഞ്ചാരികളെയും വഹിച്ചുള്ള ബഹിരാകാശദൗത്യം.
പി.എസ്.എൽ.വി. നിർമാണഘട്ടത്തിലെ ഗുണനിലവാരം മെച്ചപ്പെടുത്താനും മൂന്നാംഘട്ടത്തിലെ സോളിഡ് മോട്ടോറുകളിൽ സാങ്കേതിക മാറ്റങ്ങൾ വരുത്താനും നടപടിയായി. അന്വേഷണസമിതിയുടെ കർശന നിർദേശങ്ങളെത്തുടർന്ന് പി.എസ്.എൽ.വി. റോക്കറ്റുകളുടെ തുടർന്നുള്ള വിക്ഷേപണങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
Content Highlights: Gaganyaan test flight scheduled for October with Vyommitra humanoid robot., GSLV rocket launch carrying EOS-05 satellite planned for September., Strict safety protocols and PMO oversight implemented following recent PSLV failures.
Published: 11 Aug 2026, 10:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented