കൊച്ചി: നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യുടെ സാധ്യതകളും സമൂഹത്തിലെ സ്വാധീനവും ചര്‍ച്ച ചെയ്യുന്ന ദ്വിദിന ജെനറേറ്റീവ് എഐ കോണ്‍ക്ലേവിന് വ്യാഴാഴ്ച കൊച്ചിയില്‍ തുടക്കമാകും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡിവലപ്മെന്റ് കോര്‍പ്പറേഷന്‍ ഐ.ബി.എമ്മുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 10.15-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. കൊച്ചിയിലെ ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഉദ്ഘാടന സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനാവും. ചീഫ് സെക്രട്ടറി ഡോ. വി.വേണു, നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് എം.ഡി.യും ചെയര്‍മാനുമായ എം.എ. യൂസഫലി എന്നിവര്‍ പങ്കെടുക്കും.
ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവയുണ്ടാകും. എ.ഐ. സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കുന്ന സംവിധാനങ്ങളും ഒരുക്കും. ഡിവലപ്പര്‍മാര്‍, വ്യവസായ പ്രമുഖര്‍, സര്‍വകലാശാലകള്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഐ.ബി.എമ്മിന്റെ പങ്കാളികള്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവിന്റെ ഭാഗമാകും. ഡെമോകള്‍, ആക്ടിവേഷനുകള്‍, വ്യവസായ വിദഗ്ധരുമായുള്ള കൂടിക്കാഴ്ച എന്നിവ കോണ്‍ക്ലേവിലുണ്ട്. കോണ്‍ക്ലേവിനു മുന്നോടിയായി ഐ.ബി.എമ്മുമായി സഹകരിച്ച് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ ടെക് ടോക്ക് സംഘടിപ്പിച്ചിരുന്നു. കോളേജ് വിദ്യാര്‍ഥികള്‍ക്കും പ്രാദേശിക സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി വാട്‌സണ്‍-എക്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഹാക്കത്തണും സംഘടിപ്പിച്ചു. കോണ്‍ക്ലേവില്‍ രണ്ടു ദിവസങ്ങളിലായി 17 സെഷനുകളുണ്ട്. വിവരങ്ങള്‍ക്ക്: https://www.ibm.com/in-en/events/gen-ai-conclave.
കേരളത്തെ എ.ഐ. ഹബ്ബാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഐ.ബി.എം. വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മല്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍. ഹരികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു. നാസയിലെ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത് നയിക്കുന്ന 'ബഹിരാകാശ സഞ്ചാരിയായുള്ള അനുഭവ പാഠങ്ങള്‍' ആണ് വ്യാഴാഴ്ചത്തെ സെഷനുകളില്‍ ഏറ്റവും ശ്രദ്ധേയം.
Content Highlights: International Gen AI Conclave, Kochi, Artificial Intelligence
Published: 11 Jul 2024, 09:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented