ഇന്‍സ്റ്റഗ്രാമില്‍ നിങ്ങള്‍ക്ക് താത്പര്യമില്ലാത്ത റീലുകള്‍ വരുന്നത് ചിലപ്പോള്‍ വലിയ ശല്യമായിത്തോന്നാം. ഇഷ്ടപ്പെടാത്ത വിഷയങ്ങളിലേക്കും ഇഷ്ടപ്പെടാത്ത ക്രിയേറ്റര്‍മാരിലേക്കുമെല്ലാം നിങ്ങളെ ഇന്‍സ്റ്റഗ്രാം  വഴിതെറ്റിച്ചുകൊണ്ടുപോവുന്നുമുണ്ടാകും. 

To advertise here,

ഇങ്ങനെ കുഴഞ്ഞുമറിഞ്ഞ റീല്‍സ് ഫീഡ് വീണ്ടും പഴയപടിയാക്കാന്‍ കണ്ടന്റ് പ്രിഫറന്‍സ് റിഫ്രഷ് ചെയ്യാനുള്ള സൗകര്യം ഇന്‍സ്റ്റഗ്രാം ഒരുക്കിയിട്ടുണ്ട്. പക്ഷെ അപ്പോഴും നിങ്ങള്‍ എന്ത് കാണമെന്നതില്‍ തീരുമാനം എടുക്കുന്നത് അല്‍ഗൊരിതം തന്നെ.

എന്നാല്‍ ഇങ്ങനെ ഒരവസ്ഥ ഒഴിവാക്കാനൊരുങ്ങുകയാണ് കമ്പനി. ഇന്‍സ്റ്റഗ്രാം ഫീഡില്‍ എന്ത് കാണണം എന്ന് തീരുമാനിക്കാന്‍ ഉപഭോക്താവിന് കൂടുതല്‍ നിയന്ത്രണാധികാരങ്ങള്‍ നല്‍കുന്ന പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി.

'യുവര്‍ അല്‍ഗൊരിതം' എന്ന ഈ ഫീച്ചര്‍ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം റീല്‍സിന്റെ അല്‍ഗൊരിതം നിങ്ങള്‍ക്ക് നിശ്ചയിക്കാം. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം എന്തെല്ലാം വിഷയങ്ങളാണെന്ന് ഇതില്‍ നല്‍കാം. ഉദാഹരണത്തിന്, വ്‌ലോഗ്‌സ്, സിനിമ, വര്‍ക്കൗട്ട്‌സ്, ഫോട്ടോഗ്രഫി പോലെ ഇഷ്ടമുള്ള വിഷയങ്ങള്‍ ഏതും നല്‍കാം. അത് മാത്രമല്ല. നിങ്ങള്‍ക്ക് കാണാന്‍ ഇഷ്ടമില്ലാത്തവ എന്തെല്ലാം ആണെന്നും നല്‍കാം. ഇങ്ങനെ ചേര്‍ക്കുന്നവ പിന്നീട് നീക്കം ചെയ്യാനും സാധിക്കും.

യുഎസില്‍ വളരെ കുറച്ച് ഉപഭോക്താക്കളില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുകയാണെന്ന് ആദം മൊസേരി പറഞ്ഞു. നിങ്ങള്‍ക്കിത് ഇഷ്ടമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.