ന്യൂഡല്‍ഹി: പകര്‍പ്പാവകാശലംഘനം ആരോപിച്ച് നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഭീമന്മാരായ 'ഓപ്പണ്‍ എ.ഐ.'ക്കെതിരേ ഇന്ത്യയിലെ പുസ്തകപ്രസാധകര്‍ കോടതിയെ സമീപിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സിന്റെ നേതൃത്വത്തിലാണ് പ്രസാധകര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഓപ്പണ്‍ എ.ഐ.ക്കെതിരേ ഹര്‍ജി ഫയല്‍ചെയ്തത്. നേരത്തെ സമാന ആരോപണവുമായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യും ഓപ്പണ്‍ എ.ഐ.ക്കെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തിരുന്നു. ഈ ഹര്‍ജിയിലാണ് പുസ്തകപ്രസാധകരും കക്ഷിചേരുന്നത്. രണ്ട് ഹര്‍ജികളും ജനുവരി 28-ന് കോടതി പരിഗണിക്കും.
പകര്‍പ്പാവകാശമുള്ള തങ്ങളുടെ ഉള്ളടക്കം എ.ഐ. ചാറ്റ് ബോട്ടിനെ ട്രെയിന്‍ ചെയ്യിക്കാനായി ഓപ്പണ്‍ എ.ഐ. ഉപയോഗിക്കുന്നതായാണ് ഹര്‍ജിയിലെ ആരോപണം. ലോകവ്യാപകമായി വിവിധ പ്രസാധകരും എഴുത്തുകാരും സംഗീതജ്ഞരും മാധ്യമസ്ഥാപനങ്ങളും സമാന ആരോപണവുമായി ഓപ്പണ്‍ എ.ഐ.ക്കെതിരേ കോടതികളെ സമീപിച്ചിട്ടുണ്ട്. ഇതേ പരാതിതന്നെയാണ് ഇന്ത്യയിലെ പുസ്തകപ്രസാധകരും ഓപ്പണ്‍ എ.ഐ.ക്കെതിരേ ഉന്നയിക്കുന്നത്.
പകര്‍പ്പാവകാശമുള്ള തങ്ങളുടെ ഉള്ളടക്കങ്ങള്‍ ഉപയോഗിക്കുന്നത് ഓപ്പണ്‍ എ.ഐ. അവസാനിപ്പിക്കണമെന്നാണ് പുസ്തകപ്രസാധകരുടെ ആവശ്യം. തങ്ങളുമായി കരാറിലേര്‍പ്പെടാന്‍ താത്പര്യമില്ലെങ്കില്‍ ഈ ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ട്രെയിന്‍ ചെയ്‌തെടുത്ത ഡേറ്റസെറ്റുകള്‍ ഓപ്പണ്‍ എ.ഐ. നീക്കം ചെയ്യണമെന്നും ഇതിന് എങ്ങനെ നഷ്ടപരിഹാരം നല്‍കുമെന്ന് വിശദീകരിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. എ.ഐ. ഉപയോഗിച്ച് തയ്യാറാക്കുന്ന പുസ്തകങ്ങളുടെ സംക്ഷിപ്തരൂപങ്ങള്‍ പുസ്തകവില്‍പ്പനയ്ക്കും വ്യവസായത്തിനും ഭീഷണിയാണെന്നും പ്രസാധകര്‍ വാദിക്കുന്നു.
അതേസമയം, ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് ഓപ്പണ്‍ എ.ഐ. ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും ഇത്തരത്തിലുള്ള ആരോപണങ്ങളെല്ലാം അവര്‍ നിഷേധിക്കുകയാണ് ചെയ്തത്. തങ്ങളുടെ എ.ഐ. സംവിധാനം പൊതുഇടത്തില്‍ ലഭ്യമായ ഡേറ്റകളാണ് ഉപയോഗിക്കുന്നതെന്നും കമ്പനി പറയുന്നു. നേരത്തെ എ.എന്‍.ഐ. സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ത്യയിലെ കോടതികള്‍ക്ക് തങ്ങള്‍ക്കെതിരായ പകര്‍പ്പാവകാശലംഘന കേസുകള്‍ പരിഗണിക്കാനുള്ള അവകാശമില്ലെന്നായിരുന്നു ഓപ്പണ്‍ എ.ഐ.യുടെ പ്രതികരണം. കമ്പനിയുടെ സെര്‍വറുകളെല്ലാം വിദേശത്തായതിനാലാണ് ഇത്തരമൊരും വാദം ഓപ്പണ്‍ എ.ഐ. ഉന്നയിച്ചത്. ട്രെയിനിങ് ഡേറ്റ നീക്കംചെയ്യാന്‍ ഉത്തരവുണ്ടായാല്‍ അത് യു.എസ്. നിയമങ്ങളുടെ ലംഘനമാകുമെന്നും ഓപ്പണ്‍ എ.ഐ. പറഞ്ഞിരുന്നു. അതേസമയം, ഓപ്പണ്‍ എ.ഐ. ഇന്ത്യയില്‍ സേവനം നല്‍കുന്നതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ നിയമത്തിന് കീഴിലാകണമെന്നായിരുന്നു ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സിന്റെ പ്രതികരണം.
Content Highlights: indian book publishers filed copyright lawsuit against open ai
Published: 26 Jan 2025, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented