പൂര്‍ണമായും തദ്ദേശീയമായ വാണിജ്യ ഭൗമ നിരീക്ഷണ ഉപഗ്രഹ ശൃംഖല രൂപകല്‍പ്പന ചെയ്യാനും നിര്‍മിക്കാനും പ്രവര്‍ത്തിപ്പിക്കാനുമായി പിക്‌സല്‍സ്‌പേസ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തെ തിരഞ്ഞെടുത്തതായി ഇന്‍-സ്‌പേസ് (ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍). പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഈരംഗത്ത് രാജ്യത്തെ ആദ്യ സംരംഭമാണിത്. ചരിത്രത്തിലാദ്യമായി, ഒരു സ്വകാര്യ കണ്‍സോര്‍ഷ്യം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,200 കോടിയിലധികം രൂപ നിക്ഷേപിച്ച് പാന്‍ക്രോമാറ്റിക്, മള്‍ട്ടിസ്‌പെക്ട്രല്‍, ഹൈപ്പര്‍സ്‌പെക്ട്രല്‍, മൈക്രോവേവ് എസ്എആര്‍ സെന്‍സറുകള്‍ ഘടിപ്പിച്ച 12 നൂതന ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും.

To advertise here,

കാലാവസ്ഥാ നിരീക്ഷണം, ദുരന്തനിവാരണം, കൃഷി, സമുദ്ര നിരീക്ഷണം, നഗരാസൂത്രണം, അടിസ്ഥാന സൗകര്യ വികസനം, ദേശീയ സുരക്ഷ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഉയര്‍ന്ന റെസല്യൂഷനുള്ളതും വിശകലനത്തിന് തയ്യാറായതുമായ ഡാറ്റയും മൂല്യവര്‍ധിത സേവനങ്ങളും ഈ ഉപഗ്രഹ ശൃംഖല നല്‍കും. അതോടൊപ്പം ജിയോസ്‌പേഷ്യല്‍ ഇന്റലിജന്‍സിനായുള്ള ആഗോള ആവശ്യവും നിറവേറ്റും. തദ്ദേശീയമായി ഉപഗ്രഹ ഡാറ്റ നിര്‍മ്മിക്കുന്നതിലൂടെ, വിദേശ ഉറവിടങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും, ഇന്ത്യയുടെ ഡാറ്റാ പരമാധികാരം ഉറപ്പാക്കാനും, ബഹിരാകാശ അധിഷ്ഠിത ഡാറ്റാ സൊല്യൂഷനുകളില്‍ രാജ്യത്തെ ആഗോള നേതാക്കളുടെ നിരയിലേക്ക് ഉയര്‍ത്താനും ലക്ഷ്യമിടുന്നതാണ് സംരംഭം.

പിയര്‍സൈറ്റ് സ്‌പേസ്, സാറ്റ്ഷുവര്‍ അനലിറ്റിക്‌സ് ഇന്ത്യ, ധ്രുവ സ്‌പേസ് എന്നിവ ഉള്‍പ്പെടുന്നതാണ് കണ്‍സോര്‍ഷ്യം. കര്‍ശനമായ സാങ്കേതിക വിലയിരുത്തല്‍ നടത്തി മൂന്ന് വ്യാവസായിക ഗ്രൂപ്പുകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയശേഷം ഒരു മത്സര ലേല പ്രക്രിയയിലൂടെയാണ് കണ്‍സോര്‍ഷ്യത്തെ തിരഞ്ഞെടുത്തത്. സാമ്പത്തിക വിലയിരുത്തല്‍ അടക്കമുള്ളവയ്ക്ക് ശേഷമാണ് പിക്‌സല്‍സ്‌പേസ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്. സംരംഭം ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ വ്യവസായം വളര്‍ച്ചയുടെ പാതയിലാണെന്നതിന്റെ സൂചനയാണെന്ന് ഇന്‍-സ്‌പേസ് ചെയര്‍മാന്‍ ഡോ. പവന്‍ ഗോയങ്ക പറഞ്ഞു. ബഹിരാകാശ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള ഇന്ത്യന്‍ കമ്പനികളുടെ കഴിവും ആത്മവിശ്വാസവും പ്രകടമാക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.