
കൊച്ചി: തപാല്‍ വകുപ്പില്‍ കത്തുകളും പാഴ്‌സലുകളും തരംതിരിക്കുന്നതിന് ഇനി എഐ സഹായവും. ഇത് ഉള്‍പ്പെടെയുള്ള വിപുലമായ ഡിജിറ്റല്‍ നവീകരണത്തിന് ഈ മാസം ഏഴിന് തുടക്കമാവും. മൂന്നുമാസത്തിനകം പരിഷ്‌കാരം പൂര്‍ത്തിയാകും. വേഗമേറിയ മികച്ച സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് 2022 ജനുവരിയില്‍ എട്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 5,785 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. തപാല്‍ -പാഴ്സല്‍ ഉരുപ്പടികള്‍ വേഗം ലഭിക്കും, ഇന്ത്യ പോസ്റ്റ് സേവിങ്‌സ് ബാങ്ക് സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാകും, അയച്ച രജിസ്റ്റേഡ്, സ്പീഡ് പോസ്റ്റ്, പാഴ്‌സല്‍ എന്നിവ എവിടെയെത്തിയെന്ന് കൃത്യമായി അറിയാം തുടങ്ങിയവ ഇതിന്റെ മേന്മകളാണ്.
കത്തുകളും മറ്റും തിരഞ്ഞെടുക്കുന്നതിലും കൃത്യമായ അഡ്രസിലേക്ക് നല്‍കുന്നതിനും നിര്‍മിതബുദ്ധി ഉപയോഗിക്കുന്ന രീതി വലിയ നഗരങ്ങളിലാണ് നടപ്പാക്കുന്നത്. ഒപ്റ്റിക്കല്‍ കാരക്ടര്‍ റെക്കഗ്‌നിഷന്‍ സംവിധാനം ഉപയോഗിച്ച് കൈയക്ഷരത്തിലുള്ള മേല്‍വിലാസങ്ങള്‍ മനസ്സിലാക്കാനാകും. പോസ്റ്റ്മാന്‍ സഞ്ചരിക്കുന്ന പ്രദേശത്തിന്റെ വിശദാംശങ്ങള്‍ കംപ്യൂട്ടറില്‍ ചേര്‍ത്താല്‍ ആ മേഖലയിലെ കത്തുകളും മറ്റും ഒന്നിച്ചാക്കും. അതേസമയം മനുഷ്യരുടെ ജോലി പൂര്‍ണമായും ഒഴിവാക്കുന്നില്ല. ചാറ്റ്‌ബോട്ട് പിന്തുണയും ഈ ഡിജിറ്റല്‍ പരിഷ്‌കാരത്തില്‍ ഉണ്ടാവും.
രാജ്യത്താകെ 1,54,965 പോസ്റ്റോഫീസുകളാണുള്ളത്. 87 ശതമാനവും ഗ്രാമീണമേഖലയിലാണ്. പോസ്റ്റല്‍ സാമ്പത്തിക ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി മൊബൈല്‍ സംവിധാനങ്ങള്‍ ഇവിടങ്ങളിലെ തപാല്‍ ഓഫീസുകളില്‍ എത്തിച്ചിട്ടുണ്ട്.
ജൂലായ് 7-ന് സേവനമില്ല
ഡിജിറ്റല്‍ മാറ്റത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനാല്‍ ഈ മാസം ഏഴിന് തിരുവനന്തപുരം ജനറല്‍ പോസ്റ്റോഫീസ്, എറണാകുളം ഹെഡ് പോസ്റ്റോഫീസ്, തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് എന്നിവിടങ്ങളില്‍ സേവനമുണ്ടാകില്ല. ഇവയ്ക്കു കീഴിലെ സബ് ഓഫീസുകളിലും ബ്രാഞ്ച് പോസ്റ്റോഫീസുകളിലും പോസ്റ്റോഫീസുകളിലും സേവനം ഉണ്ടാകില്ല. മറ്റ് ഓഫീസുകളിലും ഇതുപോലെ മറ്റൊരു ദിവസം ഇതിനായി മാറ്റിവെയ്ക്കും.
സ്പീഡ് പോസ്റ്റും പാഴ്‌സലും ബുക്ക് ചെയ്യാം; വീട്ടിലിരുന്ന്
ഉദുമ (കാസര്‍കോട്): രജിസ്‌ട്രേഡ് തപാലും സ്പീഡ് പോസ്റ്റും പാഴ്‌സലും ഇനി വീട്ടിലിരുന്ന് ബുക്ക് ചെയ്യാം. തപാല്‍വകുപ്പിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നുമാത്രം. ബുക്ക്ചെയ്ത് പണമടയ്ക്കുമ്പോഴേ ബന്ധപ്പെട്ട പോസ്റ്റ്മാന് സന്ദേശം ലഭിക്കും. പോസ്റ്റ്മാന്‍ വീട്ടിലെത്തി തപാല്‍ ഉരുപ്പടി ശേഖരിക്കും. ഇതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ ഉടന്‍ തപാല്‍വകുപ്പില്‍ നടപ്പാകും. നിലവില്‍ ഉപയോഗിക്കുന്ന ടിസിഎസിന്റെ സോഫ്റ്റ്വേര്‍ മാറ്റി തപാല്‍വകുപ്പുതന്നെ വികസിപ്പിച്ച സോഫ്റ്റ്വേര്‍ വരുന്നതോടെയാണിത്.
രജിസ്‌ട്രേഡ് തപാല്‍ ഉരുപ്പടികള്‍ മേല്‍വിലാസക്കാരന്‍ കൈപ്പറ്റിയെന്നതിന്റെ തെളിവായി ഉള്‍പ്പെടുത്തുന്ന അക്‌നോളഡ്ജ്‌മെന്റ് കാര്‍ഡ്(മടക്ക രസീത്) പുതിയ പരിഷ്‌കാരത്തോടെ ഇല്ലാതാകും. പകരം 10 രൂപ വിലയുള്ള പ്രൂഫ് ഓഫ് ഡെലിവറി (പിഒഡി) നടപ്പാക്കും. നിലവില്‍ സ്പീഡ് പോസ്റ്റിന് പിഒഡി ആണ് ഉപയോഗിക്കുന്നത്. ഒരു മണിയോര്‍ഡര്‍ ഫോമില്‍ അയക്കാവുന്ന തുക 5000-ത്തില്‍നിന്ന് പതിനായിരമായി ഉയര്‍ത്തിയിരുന്നു.
തപാല്‍ ഉരുപ്പടികള്‍ എത്തിയതായുള്ള സന്ദേശം മേല്‍വിലാസക്കാരനും കൈമാറിയതായുള്ള സന്ദേശം അയച്ചയാള്‍ക്കും കൃത്യമായി കൈമാറാനുള്ള സംവിധാനവുമുണ്ട്. ഇതിനായി രണ്ടുപേരുടെയും മൊബൈല്‍ നമ്പര്‍ ഇനിമുതല്‍ നിര്‍ബന്ധമാക്കും. തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്തില്ലെങ്കില്‍ 'വീട്, ഗേറ്റ് അടച്ചിട്ടിരിക്കുന്നു' തുടങ്ങിയ കാരണങ്ങള്‍ കാണിച്ചാല്‍ അതിന് തെളിവായി മേല്‍വിലാസക്കാരന്റെ അടഞ്ഞ വീടിന്റെ ഫോട്ടോ ഡെലിവറി സ്റ്റാഫ് അപ്ലോഡ് ചെയ്യണം. കടലാസില്‍ ഒപ്പിട്ട് ഉരുപ്പടി കൈപ്പറ്റുന്ന രീതി ഡിജിറ്റില്‍ സിഗ്‌നേച്ചര്‍ സംവിധാനത്തിലേക്കും മാറും.
മേല്‍വിലാസക്കാരന്‍ ചുമതലപ്പെടുത്തിയ ആളാണ് ഉരുപ്പടി കൈപ്പറ്റുന്നതെങ്കില്‍ ആ ആളിന്റെ ഫോട്ടോയെടുക്കുന്ന രീതിയും വൈകാതെ നടപ്പില്‍ വരും. ബാര്‍കോഡ് അടിസ്ഥാനമാക്കി സാധാരണ കത്തുകളുടെ സഞ്ചാരപാത കണ്ടെത്താനുള്ള (ട്രാക്കിങ്) സംവിധാനവും വരുന്നുണ്ട്. സ്പീഡ്, രജിസ്റ്റര്‍, പാഴ്‌സല്‍, മണിയോര്‍ഡര്‍ തുടങ്ങിയ തപാല്‍ ഉരുപ്പടികള്‍ ട്രാക്ക് ചെയ്ത് കണ്ടെത്താനുള്ള സംവിധാനം നിലവില്‍ ഇന്ത്യാ പോസ്റ്റിന്റെ വെബ്‌സൈറ്റിലുണ്ട്.
Content Highlights: India Post is upgrading with AI for faster mail delivery & improved services
Published: 06 Jul 2025, 07:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented