മുംബൈ: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) ആദ്യമായി സ്‌പേസ് എക്‌സിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനൊരുങ്ങുന്നു. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ഈ വര്‍ഷം പകുതിയോടെ വിക്ഷേപണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

To advertise here,

ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായിക്കും. 4700 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ എല്‍വിഎം-3 യുടെ പരമാവധി വാഹന ശേഷിയേക്കാള്‍ കൂടുതലാണ്. 4000 കിലോഗ്രാം വരെ ഭാരമുള്ള പേലോഡാണ് എല്‍വിഎം3 റോക്കറ്റിന് വഹിക്കാനാവുക. 

യൂറോപ്യന്‍ കമ്പനിയായ ഏരിയന്‍ സ്‌പേസിനെ ഇന്ത്യ വിക്ഷേപണങ്ങള്‍ക്കായി ആശ്രയിക്കാറുണ്ടെങ്കിലും ഏരിയന്‍ സ്‌പേസിന്റെ ശക്തിയേറിയ വിക്ഷേപണ വാഹനമായ ഏരിയന്‍-5 കഴിഞ്ഞ വര്‍ഷം ജൂലായില്‍ സേവനം അവസാനിപ്പിച്ചു. പിന്‍ഗാമിയായ ഏരിയന്‍-6 റോക്കറ്റ് ഇതുവരെ രംഗപ്രവേശം നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ സ്‌പേസ് എക്‌സിലേക്ക് തിരിയുന്നത്. 

പുനരുപയോഗിക്കാന്‍ കഴിയുന്ന ഫാല്‍ക്കണ്‍-9 റോക്കറ്റിന് ജിയോ സ്‌റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് ജിസാറ്റ്-20 യുടെ ഇരട്ടി ഭാരം വഹിച്ചുകൊണ്ടുപോവാന്‍ ശേഷിയുണ്ട്. 2010 ല്‍ സേവനം ആരംഭിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റുകള്‍ ഉപയോഗിച്ച് ഇതുവരെ 296 തവണ വിക്ഷേപണങ്ങള്‍ നടന്നിട്ടുണ്ട്. 

ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും സ്‌പേസ് എക്‌സും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ജിസാറ്റ്-20 വിക്ഷേപണത്തിനായി ഫാല്‍ക്കണ്‍-9 ഉപയോഗിക്കുന്നത്. എന്‍എസ്‌ഐഎല്‍ തന്നെയാണ് ബുധനാഴ്ച ഈ വിവരം പുറത്തുവിട്ടത്. 

ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും. ആന്‍ഡമാന്‍ നികോബാര്‍, ലക്ഷദ്വീപ്, എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും. 2018 ല്‍ ആണ് ഇത് ആദ്യം വിക്ഷേപിക്കാനിരുന്നത് എന്നാല്‍ പിന്നീട് 2020 ലേക്ക് നീട്ടിവെച്ചു. പിന്നീട് അത് വീണ്ടും വൈകുകയായിരുന്നു.