തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ തയ്യാറെടുപ്പിലാണ് രാജ്യം. ഇന്ത്യൻ മണ്ണിൽനിന്ന് തദ്ദേശീയ റോക്കറ്റിൽ ബഹിരാകാശത്തെത്തുന്ന മൂന്നുയാത്രികർക്ക് ഇന്ത്യയിലും വിദേശത്തുനിന്നുമായാണ് പരിശീലനം ലഭിച്ചത്. എന്നാൽ, ഭാവി ദൗത്യങ്ങളിൽ വിദേശ ബഹിരാകാശ ഏജൻസികളുടെ സഹായമില്ലാതെത്തന്നെ യാത്രികർക്ക് പരിശീലനം തദ്ദേശീയമായി നൽകും.

To advertise here,

ബഹിരാകാശയാത്ര മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മെഡിക്കൽ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിക്കും. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, ഐ.എസ്.ആർ.ഒ, ഹ്യൂമൻ സ്പെയ്സ് ഫ്‌ലൈറ്റ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണിത്.

ബഹിരാകാശ യാത്രയ്ക്കിടെ മനുഷ്യശരീരത്തിലെ കോശങ്ങളിലടക്കം വലിയ മാറ്റങ്ങളുണ്ടാകും. അസുഖങ്ങൾക്ക് ഭൂമിയിൽനിന്ന് ചികിൽസ നിർദേശിക്കേണ്ടിവരും. തിരിച്ചു ഭൂമിയിലെത്തുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരം കാണണം. ഇതിനായി ബയോ ആസ്ട്രോനോട്ടിക്സിൽ രാജ്യത്തെ ആദ്യ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ തുടങ്ങി.

ശ്രീചിത്രയിലെ സെന്റർ ഫോർ സ്പെയ്സ് മെഡിസിൻ റിസർച്ചിനാണ് നേതൃത്വം. രണ്ടുവർഷത്തെ ഫെലോഷിപ്പിലൂടെ മൈക്രോഗ്രാവിറ്റി, കോസ്മിക് റേഡിയേഷൻ, ഏകാന്തത, ബഹിരാകാശ സാഹചര്യങ്ങൾ എന്നിവ മനുഷ്യശരീരത്തിലുണ്ടാക്കുന്ന ശാരീരികമാറ്റങ്ങളും വെല്ലുവിളികളും ഗവേഷകർക്ക് പഠിക്കാനാകും.വർഷത്തിൽ തിരഞ്ഞെടുക്കുന്ന രണ്ടുപേർക്കായിരിക്കും ഫെലോഷിപ്പ്.

ബഹിരാകാശയാത്രികരുടെ തിരഞ്ഞെടുപ്പും പ്രത്യേക പരിശീലനങ്ങളും ബെംഗളൂരുവിലെ ഹ്യൂമൻ സ്പെയ്സ് ഫ്‌ളൈറ്റ് സെന്ററിലാണ് നടക്കുന്നത്.

നിർണായകദൗത്യം

തദ്ദേശീയമായ പരിശീലനവും പിന്തുണയും ബഹിരാകാശയാത്രികരുടെ ആത്മവിശ്വാസം ഉയർത്തും. മെഡിക്കൽ സാങ്കേതികവിദ്യയിലെ സ്വയംപര്യാപ്തത നമ്മുടെ ബഹിരാകാശയാത്രാ ദൗത്യങ്ങളുടെ ചെലവ് കുറയ്ക്കാൻ വഴിയൊരുക്കും.

ഡോ.എസ്. മണികണ്ഠൻ

(ഡെപ്യൂട്ടി ഡയറക്ടർ, ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്)