വലിയ വിമാനങ്ങള്‍ക്ക് ഹെലികോപ്റ്ററുകളെപ്പോലെ പറന്നുയരാനാവുമെന്നുവന്നാല് വ്യോമയാന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാവുമെന്ന് പ്രൊഫ. രാമകൃഷ്ണ

ചെന്നൈ: റോക്കറ്റ് ത്രസ്റ്ററുകള്‍ ഉപയോഗിച്ച് വിമാനങ്ങളെ കുത്തനെ പറന്നുയരാനും ഇറങ്ങാനും സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ മദ്രാസ് ഐഐടിയിലെ ഗവേഷകര്‍ നിര്‍ണായകനേട്ടം കൈവരിച്ചു. ദൈര്‍ഘ്യമേറിയ റണ്‍വേയില്ലാതെതന്നെ പറന്നുയരുന്ന വിമാനങ്ങള്‍ യാഥാര്‍ഥ്യമാവുന്നതോടെ വ്യോമയാനരംഗത്തിന്റെ മുഖച്ഛായ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബഹിരാകാശ വിക്ഷേപണ വാഹനങ്ങളില്‍ കുതിപ്പു നല്കുന്നതിനുപയോഗിക്കുന്ന ത്രസ്റ്ററുകള്‍ യഥാര്‍ഥത്തില്‍ ജ്വലിപ്പിച്ചും അതിന്റെ വേഗവും ശേഷിയും കംപ്യൂട്ടര്‍ സാങ്കേതികവിദ്യയിലൂടെ നിയന്ത്രിച്ചും കണക്കുകൂട്ടിയുമാണ് ഐഐടിയിലെ എയ്റോ സ്പെയ്സ് എന്‍ജിനിയറിങ് വിഭാഗത്തിലെ ഗവേഷകര്‍ പരീക്ഷണം നടത്തിയത്.
ത്രസ്റ്ററുകള്‍ ഘടിപ്പിച്ച തട്ടിനെ തീരേ കുറഞ്ഞവേഗത്തില്‍ താഴെയിറക്കുന്നതില്‍ ഗവേഷകര്‍ വിജയം വരിച്ചു. സെക്കന്‍ഡില്‍ ഒരു മീറ്റര്‍ എന്ന സുരക്ഷിതവേഗത്തിലാണത് നിലം തൊട്ടത്. സുരക്ഷിതമായ ഉയരം കൈവരിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ക്കൂടി വിജയിച്ചാല്‍ ഈ സാങ്കേതികവിദ്യ യാഥാര്ഥ്യത്തോടടുക്കും.
എയ്റോസ്പെയ്സ് എന്‍ജിനിയറിങ് വകുപ്പിലെ പ്രൊഫ. പി.എ. രാമകൃഷ്ണയും ഡോ. ജോയല്‍ ജോര്‍ജ് മണത്തറയും അനന്ദു ഭദ്രനും ചേര്‍ന്നു നടത്തിയ ഗവേഷണത്തെക്കുറിച്ചുള്ള പ്രബന്ധം ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എയ്റോനോട്ടിക്കല്‍ ആന്‍ഡ് സ്പെയ്സ് സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വലിയ റണ്‍വേ ഇല്ലാത്ത സ്ഥലങ്ങളില്‍ കുത്തനെ പറന്നുയരുകയും ഇറങ്ങുകയും ചെയ്യേണ്ട ഘട്ടങ്ങളില്‍ ഹെലികോപ്റ്ററുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.
വേഗം കുറവാണെന്നതും അധികം ഭാരം വഹിക്കാന്‍ കഴിയില്ലെന്നതുമാണ് ഹെലികോപ്റ്ററുകളുടെ പരിമിതി. വലിയ വിമാനങ്ങള്‍ക്ക് ഹെലികോപ്റ്ററുകളെപ്പോലെ പറന്നുയരാനാവുമെന്നുവന്നാല് വ്യോമയാന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാവുമെന്ന് പ്രൊഫ. രാമകൃഷ്ണ പറഞ്ഞു.
യഥാര്‍ഥ ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് കംപ്യൂട്ടര്‍ സിമുലേഷനിലൂടെ അതിന്റെ വേഗം നിര്‍ണയിക്കുന്നതിന് ഐഐടി ആവിഷ്കരിച്ച സംവിധാനം കൃത്യതയാര്‍ന്ന നിരീക്ഷണത്തിന് സഹായിക്കുമെന്ന് ഡോ. ജോയല്‍ ജോര്‍ജ് പറഞ്ഞു. റോക്കറ്റ് ത്രസ്റ്ററുകളില്‍ ദ്രവ ഇന്ധനമോ ഖര ഇന്ധനമോ ഉപയോഗിക്കാം. ഓക്സീകാരകമായി അന്തരീക്ഷ വായുവിനെ ഉപയോഗിക്കുന്നത് സുരക്ഷ വര്‍ധിപ്പിക്കും. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കുശേഷം ഇതിന്റെ വാണിജ്യാവശ്യത്തിലേക്കു കടക്കാനാണ് ഗവേഷകരുടെ പദ്ധതി.
Content Highlights: IIT Madras researchers develop rocket thruster tech for vertical takeoff/landing. Revolutionize aviation, eliminate long runways. Learn more!
Published: 31 Oct 2025, 03:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented