കൊല്ലം: കഴിഞ്ഞദിവസം രാത്രി 11-ന് പലർക്കും എസ്.എൻ.ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവന്റെ പേരിൽ വാട്‌സാപ്പ് സന്ദേശം. ബാങ്കിൽനിന്ന്‌ ഒരുദിവസം അയയ്ക്കാവുന്ന പണത്തിന്റെ പരിധി കഴിഞ്ഞു. ഒരു 30,000 രൂപ അയയ്ക്കാമോ. നാളെ രാവിലെ തിരികെയിടാം-ഇതായിരുന്നു സന്ദേശം. സംശയംതോന്നി പലരും അദ്ദേഹത്തെ വിളിച്ചു. തന്റെ വാട്‌സാപ്പ് ആരോ ഹാക്ക് ചെയ്തിരിക്കുന്നെന്ന് മനസ്സിലാക്കി, ഡോ. ജയദേവൻ സൈബർ സെല്ലിൽ പരാതി നൽകി.

To advertise here,

ഇതിന്റെ തലേദിവസം ആരോ വിളിച്ച്‌ സി.ബി.എസ്.ഇ. സ്കൂളുകളുടെ ഒരു ഓൺലൈൻ മീറ്റിങ് ഉണ്ടെന്നു പറഞ്ഞു. ലിങ്ക് വാട്‌സാപ്പ് വഴി അയയ്ക്കാമെന്നും പറഞ്ഞു. ലിങ്ക് എസ്.എം.എസ്. ചെയ്തിട്ടുണ്ട്, അതിലൊരു നമ്പർ വന്നിട്ടുണ്ടാകും. അതൊന്നു പറഞ്ഞുതരാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞുകൊടുത്തു. അത് ഒ.ടി.പി. ആയിരുന്നു. അങ്ങനെയാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ജയദേവൻ പറഞ്ഞു. ഹാക്ക് ചെയ്ത വാട്‌സാപ്പ് സൈബർ സെൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അടുത്തദിവസംമുതൽ വാട്‌സാപ്പ് അക്കൗണ്ട് തിരിച്ചുപിടിക്കാൻ കഴിയും.

പരാതികൾ 1930-ൽ

ഏതുതരം ഓൺലൈൻ തട്ടിപ്പും ഉടനടി 1930 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യണം. പണം കൈമാറിപ്പോകുന്നതിനുമുൻപ് തട്ടിപ്പുകാരുടെ അക്കൗണ്ട് മരവിപ്പിച്ച് പണം തിരിച്ചെടുക്കാൻ സാധിച്ചേക്കും. പണം കിട്ടിയാൽ കോടതിവഴി പരാതിക്കാരനു നൽകാനുള്ള സംവിധാനവും ഉണ്ടാകുമെന്ന് സൈബർ സെല്ലിൽനിന്ന്‌ അറിയിച്ചു.

വാട്സാപ്പ് ഹാക്ക് ചെയ്താൽ

ഉടൻതന്നെ അക്കൗണ്ട് ലോക്ക് ചെയ്യുക. വാട്സാപ്പിലെ സെറ്റിങ്‌സിൽ പോയി 'ലോക്ക്' ഓപ്ഷൻ ഓണാക്കുക. മൊബൈൽ സർവീസ് പ്രൊവൈഡറെ ബന്ധപ്പെട്ട് പുതിയ സിം കാർഡ് എടുക്കുക. വാട്സാപ്പ് സപ്പോർട്ടിലേക്ക് പരാതിപ്പെടുക. നിങ്ങളുടെ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെയും ഇ-മെയിൽ അക്കൗണ്ടിലെയും പാസ്‌വേഡുകൾ മാറ്റുക. പോലീസിൽ പരാതി നൽകുക.

ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ

വാട്സാപ്പിൽ രണ്ടുഘട്ട സ്ഥിരീകരണം ഓണാക്കുന്നത് അക്കൗണ്ട് സുരക്ഷിതമാക്കാൻ സഹായിക്കും. പൊതു വൈഫൈ നെറ്റ്‌വർക്കുകൾ സുരക്ഷിതമല്ലാത്തതിനാൽ അവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. വാട്സാപ്പ് അക്കൗണ്ടിന് ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക. വാട്സാപ്പ് അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് സുരക്ഷാപാളിച്ചകൾ അടയ്ക്കാൻ സഹായിക്കും. വാട്സാപ്പ് ഹെൽപ് സെന്റർ: https://faq.whatsapp.com/1131652977717250.