ഇന്നത്തെ ലോകത്ത് തട്ടിപ്പുകാര്‍ കണ്ണുവെക്കുന്നവയില്‍ പ്രധാനപ്പെട്ടതാണ് സിം കാര്‍ഡുകള്‍. ബാങ്കിങ്, തിരിച്ചറിയല്‍ രേഖകള്‍, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയുമായെല്ലാം സിം കാര്‍ഡുകള്‍ ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ് ഇതിന് കാരണം. തട്ടിപ്പുകാര്‍ക്ക് മോഷ്ടിച്ച വ്യക്തിവിവരങ്ങള്‍ ഉപയോഗിച്ച് മൊബൈല്‍ നമ്പറുകള്‍ എടുക്കാന്‍ സാധിച്ചേക്കും. അതേസമയം ഇത്തരത്തിലുള്ള വ്യാജ കണക്ഷനുകള്‍ സ്വന്തം പേരിലുണ്ടെന്ന കാര്യം പലരും അറിഞ്ഞിരിക്കണമെന്നില്ല. ഈ സാഹചര്യത്തിലാണ് വര്‍ധിച്ചുവരുന്ന ഭീഷണികള്‍ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ള സഞ്ചാര്‍ സാഥി പ്ലാറ്റ്‌ഫോം പ്രധാനപ്പെട്ടതാകുന്നത്. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്) വികസിപ്പിച്ച ഈ ഡിജിറ്റല്‍ സംരംഭം മൊബൈല്‍ ഐഡന്റിറ്റികള്‍ സംരക്ഷിക്കാനും ടെലികോം സംബന്ധമായ തട്ടിപ്പുകള്‍ തടയാനുമുള്ളതാണ്.

To advertise here,

നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകള്‍ റിപ്പോര്‍ട്ട് ചെയ്യുക, ബ്ലോക്ക് ചെയ്യുക, IMEI നമ്പറുകള്‍ ഉപയോഗിച്ച് ഉപകരണങ്ങള്‍ ട്രാക്ക് ചെയ്യുക, ഒരാളുടെ പേരില്‍ എടുത്തിട്ടുള്ള എല്ലാ മൊബൈല്‍ നമ്പറുകളും പരിശോധിക്കാന്‍ കഴിയുക, വ്യാജ - സ്പാം കോളുകളും സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യുക, മൊബൈല്‍ ഹാന്‍ഡ്സെറ്റുകളുടെ ആധികാരികത പരിശോധിക്കുക എന്നിവ ഉള്‍പ്പെടെ നിരവധി വിലപ്പെട്ട സേവനങ്ങള്‍ അത് നല്‍കുന്നുണ്ട്.

ഈ സംവിധാനത്തിലൂടെ ഇതുവരെ 33.5 ലക്ഷത്തിലധികം വ്യാജ ഫോണുകളോ നഷ്ടപ്പെട്ട ഫോണുകളോ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലധികം മോഷ്ടിച്ച ഉപകരണങ്ങള്‍ കണ്ടെത്താനും കഴിഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയം വ്യക്തമാക്കുന്നത്. കണ്ടെത്തിയ ഈ ഫോണുകളില്‍ ഏകദേശം 4.64 ലക്ഷം എണ്ണം യഥാര്‍ഥ ഉടമകള്‍ക്ക് തിരികെ നല്‍കി. വ്യാജ മൊബൈല്‍ കണക്ഷനുകള്‍ നേടാന്‍ ആരുടെയെങ്കിലും വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് സഞ്ചാര്‍ സാഥി പ്ലാറ്റ്‌ഫോമില്‍ പരിശോധിക്കാണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ പേരില്‍ എടുത്തിട്ടുള്ള മൊത്തം സിം കാര്‍ഡ് കണക്ഷനുകള്‍ സഞ്ചാര്‍ സാഥി പ്ലാറ്റ്‌ഫോമില്‍ പരിശോധിക്കാന്‍ കഴിയും. അത് ഇങ്ങനെയാണ്: 

sancharsaathi.gov.in സന്ദര്‍ശിക്കുക. 'Citizen Centric Services' എന്ന വിഭാഗത്തില്‍ പോയി 'Know Your Mobile Connections' എന്നതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ 10 അക്ക മൊബൈല്‍ നമ്പറും ക്യാപ്ച കോഡും നല്‍കുക. നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ഒരു ഒറ്റത്തവണ പാസ്വേഡ് (OTP) ലഭിക്കും. ലോഗിന്‍ ചെയ്യാന്‍ OTP നല്‍കുക. നിങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ (ആധാര്‍ പോലുള്ളവ) ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ മൊബൈല്‍ നമ്പറുകളുടെയും ഒരു ലിസ്റ്റ് പോര്‍ട്ടല്‍ കാണിക്കും. ലിസ്റ്റില്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത നമ്പറുകള്‍ ഉണ്ടെങ്കില്‍ പരിഭ്രാന്തരാകരുത്. ആ നമ്പര്‍ വിച്ഛേദിക്കാന്‍ ചെയ്യേണ്ടത് ഈ കാര്യങ്ങളാണ്: സംശയാസ്പദമായ നമ്പറുകള്‍ സെലക്ട് ചെയ്യുക. 'Not My Number' എന്ന് തിരഞ്ഞെടുക്കുക. കണ്‍ഫര്‍മേഷന്‍ നല്‍കി സബ്മിറ്റ് ചെയ്യുക. ഒരു റിക്വസ്റ്റ് ഐഡി ലഭ്യമാകുന്നത് ട്രാക്കിങ് ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക. ഈ നമ്പറുകള്‍ പിന്നീട് ടെലികോം സേവനദാതാവ് വീണ്ടും പരിശോധിക്കുന്നതിനായി അയയ്ക്കും. അംഗീകാരമില്ലാത്തതായി കണ്ടെത്തിയാല്‍, കണക്ഷനുകള്‍ നിര്‍ജ്ജീവമാക്കും, അതുവഴി നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാം.