ഹോളിവുഡില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെയുള്ള (എഐ) സൃഷ്ടിച്ച 'നടി' ടിലി നോര്‍വുഡിന്റെ രംഗപ്രവേശം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. എല്ലാ മേഖലകളിലും മനുഷ്യർക്ക് എഐ പകരക്കാരാകുമെന്ന പ്രവചനങ്ങള്‍ നിലനില്‍ക്കെ, പൂര്‍ണമായും എഐ ഉപയോഗിച്ച് നിര്‍മിച്ച ടിലി നോര്‍വുഡ് എന്ന വ്യക്തിത്വം ചലച്ചിത്രലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ബ്രിട്ടീഷ് എഴുത്തുകാരിയും നടിയും നിര്‍മാതാവുമായ എലൈന്‍ വാന്‍ ഡെര്‍ വെല്‍ഡന്റെ പ്രൊഡക്ഷന്‍ കമ്പനിയായ പാര്‍ട്ടിക്കിള്‍6-ന്റെ കീഴിലുള്ള സിക്കോയ (Xicoia) എന്ന എഐ ടാലന്റ് സ്റ്റുഡിയോയാണ് ടിലിയെ സൃഷ്ടിച്ചത്.
സെപ്റ്റംബറില്‍ സൂറിച്ച് ചലച്ചിത്രമേളയില്‍ വച്ച് എലൈന്‍ ടിലി നോര്‍വുഡിനെ അവതരിപ്പിച്ചിരുന്നു. ടിലിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഏറെയാണെന്നും മറ്റ് സ്റ്റുഡിയോകള്‍ ഇത്തരം പരീക്ഷണങ്ങള്‍ രഹസ്യമായി നടത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. വരുംമാസങ്ങളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാമെന്നും ടിലി ഭാവിയില്‍ സ്‌കാര്‍ലെറ്റ് ജോണ്‍സനോ നതാലി പോര്‍ട്ട്മാനോ ആയി മാറുമെന്നും എലൈന്‍ അവകാശപ്പെട്ടു.
പാര്‍ട്ടിക്കിള്‍6 നിര്‍മിച്ച 'എഐ കമ്മീഷണര്‍' എന്ന രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ടിലി ആദ്യമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ടിലിയുടെ പേര് വഹിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സജീവമാണ്.
എന്നാല്‍, ടിലിയെ 'നടി' എന്ന് വിളിക്കാനാവില്ലെന്നും അവള്‍ ചിന്തിക്കാനോ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനോ ശേഷിയുള്ള ഒരു വ്യക്തിയല്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. യഥാര്‍ഥ മനുഷ്യരുടെ ചലനങ്ങളും പരിശീലനവും ഉപയോഗിച്ച് എഐ വഴി സൃഷ്ടിക്കപ്പെട്ട ഒരു ആനിമേറ്റഡ് അവതാറാണ് ടിലി. ഇതിന് മനുഷ്യന്റെ സര്‍ഗാത്മക മേല്‍നോട്ടം ആവശ്യമാണെന്നും വിമര്‍ശകര്‍ വാദിക്കുന്നു.
ഹോളിവുഡിലെ അഭിനേതാക്കളുടെ സംഘടനയായ സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ്-അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ്‌സ് (SAG-AFTRA) എഐ സൃഷ്ടിക്കെതിരെ നേരത്തെ തന്നെ രംഗത്തുണ്ട്. അഭിനേതാക്കളുടെ ശബ്ദവും ചിത്രങ്ങളും അനുവാദമില്ലാതെ പകര്‍ത്തുന്നതിനെതിരെ സംഘടന പ്രതിഷേധിച്ചിരുന്നു. എമിലി ബ്ലണ്ട്, സോഫി ടര്‍ണര്‍, കാമറോണ്‍ കൂപ്പര്‍തൈ്വറ്റ്, റാള്‍ഫ് ഇനെസണ്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ടിലിയുടെ സൃഷ്ടിക്കെതിരെ പ്രതികരിച്ചു.
പ്രതിഷേധം ശക്തമായതോടെ, ടിലിയുടെ സ്രഷ്ടാക്കള്‍ വിശദീകരണവുമായി രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച പ്രസ്താവനയില്‍, ടിലി മനുഷ്യന് പകരമല്ലെന്നും മറിച്ച് ഒരു സര്‍ഗാത്മക ഉപകരണമാണെന്നും എലൈന്‍ വാന്‍ ഡെര്‍ വെല്‍ഡന്‍ വ്യക്തമാക്കി. എഐ മനുഷ്യരെ മാറ്റിസ്ഥാപിക്കില്ല, മറിച്ച് അനിമേഷനോ സിജിഐ പോലുള്ള ഒരു പുതിയ ഉപകരണമായാണ് താന്‍ ഇതിനെ കാണുന്നതെന്ന് അവര്‍ പറഞ്ഞു. എഐ അഭിനേതാക്കളെ ഇല്ലാതാക്കില്ല, പകരം കഥകള്‍ പുതിയ രീതിയില്‍ ആവിഷ്‌കരിക്കാന്‍ സഹായിക്കുമെന്നും മനുഷ്യന്റെ പ്രകടനത്തിന്റെ കൗശലവും ആനന്ദവും എഐ കഥാപാത്രത്തിന് പകരം വയ്ക്കാനാവില്ലെന്നും ഒരു നടി എന്ന നിലയില്‍ തനിക്ക് ഇക്കാര്യം ഉറപ്പാണെന്നും എലൈന്‍ വ്യക്തമാക്കി.
Content Highlights: The introduction of Tilly Norwood, an entirely AI-generated "actress" created by Xicoia, has sparked significant controversy in Hollywood
Published: 06 Oct 2025, 03:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented