സൗരയൂഥത്തിലൂടെ കടന്നുപോകുന്ന നക്ഷത്രാന്തര വസ്തുമായ 3I/ATLAS ഭൂമിയോട് അടുക്കുന്നതിനനുസരിച്ച് തിളക്കമാര്‍ന്ന പച്ച നിറം കൈവരിക്കുകയും കൂടുതല്‍ തിളക്കമുള്ളതായി മാറുകയും ചെയ്യുന്നു. ലൈവ് സയന്‍സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 19-ന് ഭൂമിയില്‍ നിന്ന് 170 മില്യണ്‍ മൈല്‍ (27 കോടി കിലോമീറ്റര്‍) എന്ന ഏറ്റവും അടുത്ത ദൂരത്തിലൂടെ കടന്നുപോകാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍.

To advertise here,

അസാധാരണ സവിശേഷതകള്‍ കാരണം ശാസ്ത്രലോകം 3I/ATLAS-നെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനിടെയാണ് നിറംമാറ്റം അടക്കമുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ഹവായിയിലെ സജീവമല്ലാത്ത മൗന കിയാ അഗ്‌നിപര്‍വ്വതത്തിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന ജെമിനി നോര്‍ത്ത് ടെലിസ്‌കോപ്പിലെ ജെമിനി മള്‍ട്ടി-ഓബ്ജക്ട് സ്‌പെക്ട്രോഗ്രാഫ് (GMOS) ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഇതിന്റെ ഏറ്റവും പുതിയ ചിത്രം പകര്‍ത്തിയത്. സൂര്യനോട് ഏറ്റവും അടുത്തെത്തിയതിന് നാലാഴ്ചകള്‍ക്ക് ശേഷമായിരുന്നു ഇത്.

സൂര്യനോട് ഏറ്റവും അടുത്തെത്തിയതിന് ശേഷം അത് ടണ്‍ കണക്കിന് പൊടി പുറന്തള്ളുകയും തിളക്കമാര്‍ന്ന വാല്‍ രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അത് പകര്‍ത്തുന്നതിനായി ശാസ്ത്രജ്ഞര്‍ വിവിധ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് ഇതിനെ നിരീക്ഷിച്ചു. ഇപ്പോള്‍ അതൊരു നേര്‍ത്ത പച്ച നിറം പുറത്തുവിടുന്നുണ്ടെന്നും ഏതാനും ആഴ്ചകള്‍ക്ക് മുമ്പും ഇങ്ങനെ സംഭവിച്ചതായും അവര്‍ കണ്ടെത്തി. വാല്‍നക്ഷത്രത്തിലെ ഡയറ്റോമിക് കാര്‍ബണ്‍ (C2) തന്മാത്രകളാണ് ഇതിന്റെ പച്ച നിറത്തിന് കാരണമെന്നാണ് ശാസ്ത്രപജ്ഞര്‍ പറയുന്നത്. സൗരവികിരണമേല്‍ക്കുമ്പോള്‍ ഇവ പച്ച പ്രകാശം പുറത്തുവിടുന്നു. ധൂമകേതുക്കളില്‍ ഈ പ്രതിഭാസം അസാധാരണമല്ല. എന്നാല്‍ 3I/ATLAS ന്റെ നിറം ചുവപ്പില്‍ നിന്ന് പച്ചയിലേക്ക് മാറിയത് ചൂടേല്‍ക്കുമ്പോള്‍ പുതിയ തന്മാത്രകള്‍ പുറത്തുവിടുന്നു എന്നതിനെ സൂചിപ്പിക്കുന്നുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.