എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സംവേദനാത്മക ലോകങ്ങൾ (ഇന്ററാക്ടിവ് വേൾഡ്) നിർമിക്കാൻ കഴിയുന്ന പുതിയ എഐ വെബ് ആപ്പ് പദ്ധതിയായ പ്രോജക്ട് ജീനി അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ എക്സ് പോസ്റ്റ് വഴിയാണ് ഈ പ്രഖ്യാപനം നടത്തിയത്. താൻ ഈ ടൂൾ ഉപയോഗിച്ചുനോക്കിയതായും അവിശ്വസനീയമാണിതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

കഴിഞ്ഞ വർഷം ഒരു ലിമിറ്റഡ് റിസർച്ച് പ്രിവ്യൂ ആയി പുറത്തിറക്കിയ 'ജീനി 3' എന്ന എഐ വേൾഡ് ജനറേഷൻ മോഡലിന്റെ പിൻബലത്തിലാണ് പ്രോജക്ട് ജീനി പ്രവർത്തിക്കുന്നത്. ജീനി 3, നാനോ ബനാന പ്രോ+, ജെമിനി എന്നിവ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരു പ്രോട്ടോടൈപ്പ് വെബ് ആപ്പാണ് നിലവിൽ പ്രോജക്ട് ജീനി. ഈ സംവിധാനം ഉപയോഗിച്ചു നിർമിച്ച സ്പേസ് വാക്ക് നടത്തുന്ന ഒരു ബഹിരാകാശസഞ്ചാരിയുടെ ദൃശ്യം സുന്ദർ പിച്ചൈ എക്സിൽ പങ്കുവെച്ചു.

എങ്ങനെ പ്രോജക്ട് ജീനി ഉപയോഗിക്കാം?

മറ്റ് എഐ ടൂളുകളെപ്പോലെതന്നെ വിവിധ ഘട്ടങ്ങളിലൂടെ പ്രോജക്ട് ജീനി ഉപയോഗിക്കാം. ഇതിൽ ആദ്യ ഘട്ടം 'വേൾഡ് സ്കെച്ചിങ്' ആണ്. ടെക്സ്റ്റ് പ്രോംറ്റുകളോ ചിത്രങ്ങളോ നൽകിയാൽ പശ്ചാത്തലങ്ങളും കഥാപാത്രങ്ങളും ഉൾപ്പെടുന്ന ഒരു 360 ലോകം സൃഷ്ടിച്ചെടുക്കാൻ എഐയ്ക്ക് സാധിക്കും. ഇങ്ങനെ സൃഷ്ടിച്ചെടുക്കുന്ന ലോകത്തേക്ക് ഒരു ഫസ്റ്റ് പേഴ്സണായോ തേഡ് പേഴ്സണായോ പ്രവേശിക്കാനാവും. ഫസ്റ്റ് പേഴ്സൺ വ്യൂപോയിന്റിലൂടെ നമ്മുടെ കണ്ണുകളിലൂടെ കാണുന്നതുപോലെ നമ്മൾ സൃഷ്ടിച്ച എഐ ലോകം ചുറ്റിക്കാണാം. തേഡ് പേഴ്സൺ വ്യൂ ദൃശ്യത്തിന് ഉദാഹരണമാണ് പിച്ചൈ പങ്കുവെച്ച വീഡിയോ. കഥാപാത്രത്തിനൊപ്പം നമ്മളും ആ ലോകത്തേക്ക് പ്രവേശിക്കുന്നു. ഇങ്ങനെ സൃഷ്ടിക്കുന്ന പശ്ചാത്തലങ്ങളിൽ മാറ്റം വരുത്താനും സാധിക്കും. നിലവിൽ 60 സെക്കൻഡ് മാത്രമേ സൃഷ്ടിക്കപ്പെട്ട ലോകം ചുറ്റിക്കാണാനാവൂ.

സക്കർബർഗിനുള്ള വെല്ലുവിളി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മത്സരം ശക്തമായതോടെ ദുർബലമായിപ്പോയ മെറ്റ പ്ലാറ്റ്ഫോംസിന്റെ പദ്ധതിയാണ് മെറ്റാവേഴ്സ്. വിആർ ഹെഡ്സെറ്റ് പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ഒരു പ്രതീകാത്മക ലോകത്ത് ആളുകൾക്ക് പ്രവേശിക്കാനും ഇടപഴകാനും സാധിക്കുന്ന ഇടം. ചാറ്റ്ജിപിടിയുടെ വരവോടെ മെറ്റാവേഴ്സ് പദ്ധതികൾ മാറ്റിവെച്ച് എഐ രംഗത്തുണ്ടായ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ മെറ്റ നിർബന്ധിതരായി.

മെറ്റ നിർത്തിയിടത്തുനിന്ന് തുടങ്ങാനാണ് ഗൂഗിളിന്റെ പദ്ധതിയെന്ന് തോന്നുന്നു. അടിമുടി സക്കർബർഗിന്റെ മെറ്റാവേഴ്സ് ആശയത്തോട് സാമ്യമുള്ളതാണ് പ്രോജക്ട് ജീനിയുടെ ഉദ്ദേശ്യം. എഐ ഉപയോഗിച്ച് ആർക്കും സൃഷ്ടിച്ചെടുക്കാനാവുന്ന പ്രതീകാത്മക ലോകം എന്ന ആശയം മെറ്റ പോലും ചിന്തിച്ചിട്ടുണ്ടാവില്ല.

പ്രോജക്ട് ജീനി ഭാവിയിൽ വിർച്വൽ റിയാലിറ്റി, മിക്സഡ് റിയാലിറ്റി സാങ്കേതികവിദ്യകൾക്കുവേണ്ടി പ്രയോജനപ്പെടുത്തിയേക്കാം. ആർക്കും വളരെ എളുപ്പം യഥാർത്ഥമെന്ന് തോന്നുന്ന പ്രതീകാത്മക ലോകങ്ങൾ സൃഷ്ടിക്കാൻ ഈ സാങ്കേതികവിദ്യ സഹായിച്ചേക്കാം. ഒപ്പം എഐ അധിഷ്ഠിത റോബോട്ടുകളുടെ സഞ്ചാരത്തിനും വിനോദരംഗത്തുമെല്ലാം ഇത് ഉപയോഗപ്പെട്ടേക്കാം.

നിലവിൽ ഗൂഗിൾ അത്തരം ഉദ്ദേശ്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ജനങ്ങൾ എങ്ങനെയെല്ലാം ഈ സാങ്കേതികത പ്രയോജനപ്പെടുത്തുന്നുണ്ട് എന്നറിയാനാണ് ഗൂഗിളിന്റെ നിലവിലെ താത്പര്യം. അതുകൊണ്ടാണ് പരീക്ഷണാടിസ്ഥാനത്തിൽ പ്രോജക്ട് ജീനി അവതരിപ്പിച്ചിരിക്കുന്നത്.