ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വംശജനായ സംരംഭകനും എഐ അധിഷ്ഠിത കോഡിങ് ടൂളുകള്‍ക്ക് പേരുകേട്ട സ്റ്റാര്‍ട്ടപ്പായ വിന്‍ഡ്‌സര്‍ഫിന്റെ സഹസ്ഥാപകനും സിഇഒയുമായ വരുണ്‍ മോഹനെ കമ്പനിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്പ് മൈന്റ്. എഐ രംഗത്തെ കിടമത്സരത്തില്‍ തന്ത്രപ്രധാനമായ നീക്കമാണ് ഗൂഗിള്‍ നടത്തിയത്. വിന്‍ഡ്‌സര്‍ഫിനെ ഏറ്റെടുക്കാനുള്ള ശ്രമവുമായി ഓപ്പണ്‍ എഐയും രംഗത്തുണ്ടായിരുന്നു. 

To advertise here,

240 കോടി ഡോളര്‍ മൂല്യമുള്ള കരാറില്‍ വിന്‍ഡ്‌സര്‍ഫിന്റെ നൂതന സാങ്കേതികവിദ്യകളുടെ ലോണ്‍ എക്‌സ്‌ക്ലൂസീവ് ലൈസന്‍സും ഗൂഗിളിന് ലഭിക്കും. വരുണ്‍ മോഹനൊപ്പം സഹസ്ഥാപകന്‍ ഡഗ്ലസ് ചെന്നും ഒപ്പം മറ്റ് ചില ജീവനക്കാരേയും ഗൂഗിള്‍ ഡീപ്പ്‌മൈന്‍ഡിലേക്കെടുത്തു. 

വിന്‍ഡ് സര്‍ഫ് തുടര്‍ന്നും സ്വതന്ത്ര സ്ഥാപനമായി പ്രവര്‍ത്തിക്കും വിന്‍ഡ്‌സര്‍ഫിന്റെ നിലവിലെ ബിസിനസ് മേധാവി ജെഫ് വാങ് ഇടക്കാല സിഇഓ ആയി സ്ഥാനമേല്‍ക്കും. 

ആരാണ് വരുണ്‍ മോഹന്‍?

കാലിഫോര്‍ണിയയിലെ സണ്ണിവെയിലില്‍ ഇന്ത്യന്‍ വംശജരായ മാതാപിതാക്കളുടെ മകനായാണ് വരുണ്‍ മോഹന്റെ ജനനം. ദി ഹാര്‍ക്കര്‍ സ്‌കൂളില്‍ പഠിച്ച അദ്ദേഹം എഐടിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും എഞ്ചിനീയറിങില്‍ ബിരുദാനന്തര ബിരുദവും നേടി. സിസ്റ്റംസ് ആന്റ് ഡീപ്പ് ലേണിങിലായിരുന്നു വരുണ്‍ മോഹന്റെ ശ്രദ്ധ. 

ലിങ്ക്ഡ്ഇനിലാണ് വരുണ്‍ മോഹന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ക്വോറ, ഡേറ്റബ്രിക്‌സ്, നൂറോ തുടങ്ങിയ സ്ഥാപനങ്ങളില്‍ എഐ അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. 

2021 ലാണ് വരുണ്‍ മോഹനും സഹപാഠിയുമായ ഡഗ്ലസ് ചെന്നും ചേര്‍ന്ന് വിന്‍ഡ്‌സര്‍ഫിന് തുടക്കമിട്ടത്. നേരത്തെ കോഡിയം എന്ന പേരിലാണ് സ്റ്റാര്‍ട്ടപ്പ് അറിയപ്പെട്ടിരുന്നത്. അതിവേഗം തന്നെ സ്റ്റാര്‍ട്ടപ്പിന് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ലഭിച്ചു. ഡെവലപ്പര്‍മാര്‍ക്ക് വേണ്ടിയുള്ള എഐ കോഡിങ് ഏജന്റായ കാസ്‌കേഡ് ആയിരുന്നു പ്രധാന ഉത്പന്നം. 

ഗൂഗിളിന്റെ ലക്ഷ്യം

കോഡിങ് ഏജന്റ് സാങ്കേതിക വിദ്യ ശക്തമാക്കാന്‍ തന്നെയാണ് വിന്‍ഡ്‌സര്‍ഫിലെ വിദഗ്ദരെ കമ്പനിയിലേക്ക് എടുക്കുന്നത് വഴി ഗൂഗിള്‍ ലക്ഷ്യമിടുന്നത്. വിന്‍ഡ്‌സര്‍ഫിനെ ഏറ്റെടുക്കാന്‍ 300 കോടി ഡോളറാണ് ഓപ്പണ്‍ എഐ വാഗ്ദാനം ചെയ്തത്. ഈ ശ്രമം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

എഐയുടെ വിവിധ സാധ്യതകളില്‍ ഒന്നാണ് കോഡിങ്. എഐ അധിഷ്ഠിത കോഡിങ് സംവിധാനങ്ങള്‍ വികസിപ്പിക്കാനും മികവുറ്റതാക്കാനുമുള്ള ശ്രമങ്ങള്‍ എഐ രംഗത്തെ മുന്‍നിരകമ്പനികളെല്ലാം നടത്തിവരുന്നുണ്ട്. മത്സരം ശക്തമാക്കാന്‍ എതിരാളികളായ കമ്പനികളില്‍ നിന്നുള്ള വിദഗ്ദരെ വന്‍തുക കൊടുത്ത് തട്ടിയെടുത്ത് പരസ്പരം വെല്ലുവിളിക്കുകയാണ് ഇപ്പോള്‍ കമ്പനികള്‍.