എഐ സ്റ്റാര്‍ട്ടപ്പായ വിൻഡ് സര്‍ഫിനെ ഏറ്റെടുക്കാനുള്ള ശ്രമത്തിലായിരുന്നു ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ. 300 കോടി ഡോളറാണ് ഇതിനായി വിൻഡ് സർഫ് വാഗ്ദാനം ചെയ്തത്. എന്നാല്‍ ദി വെര്‍ജ് വെബ്‌സൈറ്റിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ ഏറ്റെടുക്കല്‍ ശ്രമം പരാജയപ്പെട്ടുവെന്നാണ് വിവരം. പകരം വിൻഡ് സർഫ് മേധാവി വരുണ്‍ മോഹനേയും സഹസ്ഥാപകന്‍ ഡഗ്ലസ് ചെന്നിനേയും ഒപ്പം സ്റ്റാര്‍ട്ടപ്പിലെ ഒരു സംഘം ആളുകളെയും ഏറ്റെടുത്തതായി സ്ഥിരീകരിച്ചിരക്കുകയാണ് ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്പ് മൈന്റ്. 

To advertise here,

വിൻഡ്സർഫ് സഹസ്ഥാപകരേയും ജീവനക്കാരേയും ഏറ്റെടുത്തെങ്കിലും വിൻഡ്സർഫിന്റെ ഓഹരികള്‍ ഗൂഗിള്‍ വാങ്ങുന്നില്ല. അതായത് വിൻഡ്സർഫിന്റെ നിയന്ത്രണം കൈക്കലാക്കും വിധം സ്റ്റാര്‍ട്ടപ്പിനെ ഗൂഗിള്‍ ഏറ്റെടുത്തിട്ടില്ല. ഇപ്പോഴുണ്ടാക്കിയിരിക്കുന്ന 240 കോടി ഡോളര്‍ കരാറിന്റെ ഭാഗമായി വിന്റസര്‍ഫ് വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ ലൈസന്‍സ് ഡീപ്പ്‌മൈന്റിന് ലഭിക്കും. 

വിൻഡ്സർഫിന്റെ ഇടക്കാല സിഇഓ ആയി ബിസിനസ് മേധാവി ജെഫ് വാങ് സ്ഥാനമേല്‍ക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തിലാവും വിൻഡ്സർഫിലെ മറ്റുള്ള 250 അംഗ ടീം തുടര്‍ന്ന് പ്രവര്‍ത്തിക്കുക. എഐ കോഡിങ് ആപ്ലിക്കേഷന്‍ രംഗത്ത് ശക്തമായ സാങ്കേതികവിദ്യകള്‍ സ്വന്തമായുള്ള സ്റ്റാര്‍ട്ടപ്പാണ് വിന്റസര്‍ഫ്. ഈ കരാറിലൂടെ ഡീപ്പ്‌മൈന്റിന്റെ എഐ കോഡിങ് സാങ്കേതിക വിദ്യാ ശേഷി ശക്തിപ്പെടുത്താന്‍ ഗൂഗിളിന് സാധിക്കും. 

എഐ വ്യവസായ മേഖലയില്‍ സമീപകാലത്തായി ശക്തമായ 'എഐ ടാലന്റ് വാര്‍' അഥവാ കഴിവുള്ള എഐ വിദഗ്ദര്‍ക്ക് വേണ്ടി കമ്പനികള്‍ തമ്മിലുള്ള യുദ്ധം ശക്തമായിരിക്കുകയാണ്. അതിന്റെ ഭാഗമാണ് വിൻഡ്സർഫിന് വേണ്ടി നടന്ന പോരാട്ടവും. അടുത്തിടെ ഓപ്പണ്‍ എഐയിലെ ഒരു സംഘം എഐ വിദഗ്ദരെ വന്‍ തുക വാഗ്ദാനം ചെയ്ത് സക്കര്‍ബര്‍ഗിന്റെ മെറ്റ തട്ടിയെടുത്തിരുന്നു. സ്‌കേല്‍ എഐ മേധാവിയും ഇപ്പോള്‍ മെറ്റയിലാണ്. ഇന്‍ഫ്‌ലെക്ഷന്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ സിഇഒയെ മാസങ്ങള്‍ക്ക് മുമ്പാണ് മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്.