ആഴ്ചകള്‍ നീണ്ട കഠിനാധ്വാനത്തിനൊടുവില്‍ തന്റെ എഞ്ചിനീയര്‍മാര്‍ക്ക് അത്യാവശ്യമായിരുന്ന ഒരു ഇടവേള ലഭ്യമാക്കിയതായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. കമ്പനിയുടെ 'ഗൂഗിള്‍ എഐ: റിലീസ് നോട്ട്‌സ്' എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെമിനി 3 പുറത്തിറക്കാനുള്ള തീവ്രമായ ശ്രമം ടീമുകളെ ക്ഷീണിതരാക്കിയെന്നും ചിലര്‍ക്ക് കുറച്ച് ഉറക്കം ആവശ്യമാണെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും അല്‍പം വിശ്രമം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം പറഞ്ഞു.
ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ മോഡലായ ജെമിനി 3 പുറത്തിറക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സുന്ദര്‍ പിച്ചൈയുടെ ഈ പ്രതികരണം. ഗൂഗിളിന്റെ അതിശക്തമായ ഈ പുതിയ എഐ മോഡല്‍ എഐ വിപണിയില്‍ ഗൂഗിളിന്റെ സ്ഥാനം ശക്തമാക്കിയിരിക്കുകയാണ്. കമ്പനിയുടെ ഓഹരിയിലും ഇത് കാര്യമായ നേട്ടമുണ്ടാക്കി. ഗൂഗിളിന്റെ വിപണി വിഹിതം ഇപ്പോള്‍ 4 ലക്ഷം കോടിയോടടുത്തുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഓഹരിയില്‍ 70 ശതമാനം വളര്‍ച്ചയാണ് കമ്പനിയുണ്ടാക്കിയത്. ജെമനി 3 പുറത്തിറക്കിയതിന് ശേഷം മാത്രം 12 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.
ജെമിനി 3 യിൽ മുന്നേറി ഗൂഗിൾ
ഓപ്പണ്‍ എഐയ്ക്ക് മുന്നില്‍ ഗൂഗിളിന് അടിപതറുമെന്നായിരുന്നു ചാറ്റ് ജിപിടിയുടെ തുടക്കകാലത്തെ പ്രവചനം. ജിപിടിയെ നേരിടാന്‍ ഗൂഗിള്‍ അവതരിപ്പിച്ച ബാര്‍ഡ് എന്ന എഐ മോഡലിന് നേട്ടമുണ്ടാക്കാനായിരുന്നില്ല. ഇതോടെ എഐ രംഗത്ത് ഓപ്പണ്‍ എഐയുടെയും മറ്റ് കമ്പനികളുടേയും ആധിപത്യമായിരിക്കുമെന്ന വിലയിരുത്തല്‍ ശക്തമായി. എന്നാല്‍ ബാര്‍ഡിന് പകരം ജെമിനി അവതരിപ്പിക്കുകയും തുടര്‍ന്നിങ്ങോട്ടുള്ള ചിട്ടയോടെയുള്ള മുന്നേറ്റവും എഐ രംഗത്തും ഗൂഗിളിനെ മുന്‍നിരയിലെത്തിച്ചു. ജെമിനി 3 അപ്‌ഗ്രേഡ് കൂടി എത്തിയതോടെ ഇന്ന് നിലവിലുള്ള എഐ മോഡലുകളോടെല്ലാം കിടപിടിക്കുന്നതും പലകാര്യങ്ങളിലും മറികടക്കുന്നതുമായ എഐ മോഡല്‍ സ്വന്തമായുള്ള കമ്പനിയായി ഗൂഗിള്‍ മാറി.
ഒരു ടെക്ക് കമ്പനിയെന്ന നിലയിലുള്ള അടിത്തറയും കംപ്യൂട്ടര്‍, മൊബൈല്‍, സ്മാര്‍ട് ഉപകരണങ്ങളിലുടനീളം ഗൂഗിള്‍ സേവനങ്ങള്‍ക്കുള്ള സ്വാധീനവും ജെമിനി ഐയുടെ വ്യാപനത്തിന് ഗൂഗിളിന് ശക്തിപകരും. ജെമിനി 3 ഉപയോഗിച്ച സെയില്‍സ് ഫോഴ്‌സ് സിഇഒ പറഞ്ഞത് അതിന്റെ പ്രകടനം വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇനി ചാറ്റ് ജിപിടിയിലേക്ക് ഒരു മടക്കമില്ലെന്നുമാണ്. എഐ രംഗത്ത് ചാറ്റ് ജിപിടിയോട് നഷ്ടമായ കിരീടം തിരിച്ചുപിടിക്കാന്‍ പുതിയ അപ്‌ഗ്രേഡിലൂടെ കമ്പനി സാധിച്ചുവെന്നും വിലയിരുത്തപ്പെടുന്നു.
Content Highlights: Google CEO Sundar Pichai announces a much-needed break for his engineers after the intense Gemini 3 launch. Learn more about the impact of Gemini 3 on Google`s AI dominance.
Published: 27 Nov 2025, 09:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented