നിര്‍മിതബുദ്ധിയുടെ മേഖലയിലെ ആധിപത്യത്തിനായുള്ള മത്സരത്തില്‍ സെര്‍ച്ച് ഭീമനായ ഗൂഗിള്‍ പിന്നിലായിപ്പോകും എന്ന് പലരും പ്രവചിച്ചിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് ചാറ്റ്ജിപിടി രംഗത്തെത്തിയതോടെയാണ് അനലിസ്റ്റുകളും, സാങ്കേതിക വിദഗ്ദ്ധരുമടക്കം പലരും ഈ മുന്നറിയിപ്പ് നല്‍കിയിരുന്നത്.

To advertise here,

എന്നാല്‍ പ്രവചനങ്ങളെല്ലാം തെറ്റിച്ചുകൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്. ജെമിനി 3 മോഡല്‍ പുറത്തിറക്കിയതിന് പിന്നാലെ ആല്‍ഫബെറ്റിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നിരുന്നു. ഒക്ടോബര്‍ പകുതി മുതല്‍ ഏകദേശം 1 ട്രില്യണ്‍ (ഒരു ലക്ഷം കോടി) ഡോളര്‍ വിപണി മൂല്യത്തില്‍ വര്‍ധനവുണ്ടായി. കമ്പനി ഇപ്പോള്‍ ആദ്യമായി 4 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം കൈവരിക്കുന്നതിനുള്ള പാതയിലാണ്.

വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേയുടെ പിന്തുണയാണ് ഈ കുതിപ്പിന് ഊര്‍ജ്ജം പകര്‍ന്നത്. ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേ മൂന്നാം പാദത്തില്‍ കമ്പനിയില്‍ 4.9 ബില്യണ്‍ ഡോളറിന്റെ ഓഹരിയെടുത്തിരുന്നു. അതിനിടെ, ഗൂഗിളിന്റെ സ്വന്തം ചിപ്പുകള്‍ എന്‍വിഡിയയുടെ ആധിപത്യത്തിന് ഭീഷണി ഉയര്‍ത്തുമെന്ന എന്ന ഭയത്താല്‍ എഐ ഹാര്‍ഡ്വെയറര്‍ രംഗത്ത് ദീര്‍ഘകാലമായി തുടരുന്ന നിര്‍ണായക ശക്തിയായ എന്‍വിഡിയ കോര്‍പ്പറേഷന്റെ വിപണിമൂല്യം 5.51 ശതമാനംവരെ വരെ ഇടിഞ്ഞു.

വിതരണക്കാരെ ആശ്രയിക്കുന്ന ഓപ്പണ്‍എഐയില്‍ നിന്ന് വ്യത്യസ്തമായി ഗൂഗിള്‍ അതിന്റെ മുഴുവന്‍ വിതരണ ശൃംഖലയും നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ആപ്പുകള്‍ (പുതിയ നാനോ ബനാന ഇമേജ് ജനറേറ്റര്‍ പോലുള്ളവ), സെര്‍ച്ചില്‍ നിന്നും യൂട്യൂബില്‍ നിന്നും ശേഖരിക്കുന്ന ഡാറ്റ, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയെല്ലാം ഗൂഗിളിന്റെ നിയന്ത്രണത്തിലാണ്.

ഗൂഗിള്‍ സ്വന്തം ഉപയോഗത്തിനായി ടെന്‍സര്‍ പ്രോസസ്സിംഗ് യൂണിറ്റുകള്‍ (TPU-കള്‍) വികസിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ആ ഹാര്‍ഡ്വെയര്‍ മറ്റുള്ളവര്‍ക്കായും നല്‍കുുകയാണ്. ഗൂഗിള്‍ TPU-കള്‍ ഉപയോഗിക്കുന്നതിനായി പതിനായിരക്കണക്കിന് കോടി ഡോളര്‍ മൂല്യമുള്ള ഒരു കരാര്‍ അടുത്തിടെ ആന്ത്രോപിക് പിബിസി പ്രഖ്യാപിച്ചിരുന്നു.

ചാറ്റ്ജിപിടിക്ക് ഭീഷണി ഉയര്‍ത്തി ഗൂഗിളിന്റെ ജെമിനി 3

ജെമിനി 3 എന്ന പുതിയ എഐ മോഡല്‍ ഗൂഗിള്‍ പുറത്തിറക്കിയ്ക്ക് ഭീഷണി ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സോഫ്റ്റ്വെയര്‍ പ്രോഗ്രാമുകള്‍ നിര്‍മ്മിക്കാനും, ഇമെയിലുകള്‍ ക്രമീകരിക്കാനും, ഡോക്യുമെന്റുകള്‍ വിശകലനം ചെയ്യാനുമുള്ള കഴിവുകള്‍ മെച്ചപ്പെടുത്തിയാണ് ജെമിനി 3 എത്തിയിട്ടുള്ളത്. യാത്രാവിവരണങ്ങള്‍, ചരിത്രം, അല്ലെങ്കില്‍ കല എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ ഗ്രാഫിക്‌സുകളും ടെക്സ്റ്റും അടക്കം ചേര്‍ക്കാന്‍ ഇതിന് കഴിയും. ഗൂഗിളിന്റെ വലുപ്പവും, നിലവിലെ സ്ഥാനവും, സെര്‍ച്ചിലെ മുന്‍തൂക്കവും കണക്കിലെടുക്കുമ്പോള്‍ ജെമിനിക്ക് വിപണി കീഴടക്കാനും ഓപ്പണ്‍എഐ അടക്കനമുള്ളവയെ മറികടന്ന് മുന്നേറാനും സാധിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ജെമിനി വിപണിയില്‍ അലയൊലികള്‍ സൃഷ്ടിക്കുമെന്നും ഓപ്പണ്‍എഐക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ഒറാക്കിള്‍, മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.