ദുബായ്: ആഗോള വിവരസാങ്കേതികമേളയായ ജൈറ്റക്‌സില്‍ സജീവമായി കേരള ഐ.ടി. പാര്‍ക്ക്. ജി.സി.സി.യിലെ അതിവേഗം വളരുന്ന ഡിജിറ്റല്‍ മേഖലയില്‍ കാര്യമായ സംഭാവനകള്‍ ലഭ്യമാക്കാന്‍ സാധ്യതകള്‍തേടുകയാണ് കേരളത്തില്‍നിന്നുള്ള കമ്പനികള്‍. 20 സ്റ്റാര്‍ട്ടപ്പുകളും 30 ഐ.ടി. കമ്പനികളുമാണ് മേളയില്‍ കേരള ഐ.ടി. പാര്‍ക്കിലൂടെ എത്തിയിരിക്കുന്നത്. 50 അംഗ പ്രതിനിധിസംഘമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

To advertise here,

'ഫ്യൂച്ചര്‍ പെര്‍ഫെക്റ്റ്' എന്ന ആശയത്തില്‍ ജി.സി.സി.യിലെ സ്വകാര്യ, പൊതുരംഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്നു. കേരള ഐ.ടി. പാര്‍ക്ക് സി.ഇ.ഒ. ജോണ്‍ എം. തോമസ്, കേരള ഐ.ടി. മിഷന്‍ ഡയറക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് എന്നിവരാണ് കേരളത്തില്‍നിന്നുള്ള സംഘത്തിന് നേതൃത്വം നല്‍കുന്നത്.

ഇന്ത്യയിലെ മികച്ച ഐ.ടി. സംവിധാനമാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജോണ്‍ എം. തോമസ് പറഞ്ഞു. പ്രതിവര്‍ഷം ഒന്നരലക്ഷത്തിലധികം ബിരുദധാരികളാണ് കേരളത്തിലെ ഐ.ടി. മേഖലയില്‍ പഠിച്ചിറങ്ങുന്നത്. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളെക്കാള്‍ മികച്ചരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ സാധ്യതയേറേയാണ്. ഇന്‍ഫോസിസ്, യു.എസ്.ടി. ഗ്ലോബല്‍, ടി.സി.എസ്., ഒറാക്കിള്‍ തുടങ്ങി ഏറ്റവും മികച്ച 900 ഐ.ടി. കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1000 സ്റ്റാര്‍ട്ടപ്പുകളും ഇവിടെയുണ്ട്. 120,000 പേര്‍ക്ക് നേരിട്ട് ഇവിടെ ജോലി ലഭ്യമാക്കുന്നതായും അദ്ദേഹം പറഞ്ഞു.