ജെമിനി 3യുടെ വരവിന് പിന്നാലെ ഓപ്പണ്‍ എഐയില്‍ കോഡ് റെഡ് പ്രഖ്യാപിച്ചിരിക്കുകയാണ് സാം ഓള്‍ട്ട്മാന്‍. കമ്പനിയുടെ സര്‍വ സന്നാഹങ്ങളും ജിപിടിയുടെ അടുത്ത പതിപ്പിന് വേണ്ടി ഉപയോഗിക്കാനും ജെമിനിയെ വെല്ലുവിളിക്കുന്ന പതിപ്പ് അവതരിപ്പിക്കുകയുമാണ് ലക്ഷ്യം. അതേസമയം വിവിധ കാര്യങ്ങളില്‍ ജെമിനി ഇതിനകം ചാറ്റ് ജിപിടിയെ വെല്ലുവിളിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആഗോള തലത്തിലുള്ള ഡൗണ്‍ലോഡുകളുടെ എണ്ണത്തിലും പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണത്തിലും ഉപഭോക്താക്കള്‍ ആപ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കാര്യത്തിലും ജെമിനി വലിയ മുന്നേറ്റമാണുണ്ടാക്കുന്നത്. ജിപിടിയുടെ നിലനില്‍പ്പിന് ഇത് ഭീഷണിയാണ്. പെര്‍പ്ലെക്‌സിറ്റിയുടെ മുന്നേറ്റവും ജിപിടിയ്ക്ക് സമാനമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

To advertise here,

ആഗോളതലത്തില്‍ മൊബൈല്‍ ഫോണുകളിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ 50 ശതമാനവും പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 55 ശതമാനവുമെന്ന നിരക്കില്‍ ചാറ്റ് ജിപിടി മുന്നില്‍ തന്നെയാണെങ്കിലും ഗവേഷണ സ്ഥാപനമായ സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിനും നവംബറിനും ഇടയില്‍ സജീവ ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വളര്‍ച്ച വെറും ആറ് ശതമാനം മാത്രമാണ്. അതേസമയം ഇക്കാലയളവില്‍ ജെമിനി ആഗോളതലത്തില്‍ 30 ശതമാനം സജീവ ഉപഭോക്താക്കളെ നേടി. ജെമിനിയിലെ നാനോ ബനാന എന്ന പുതിയ ഇമേജ് ജനറേഷന്‍ ടൂളാണ് ഈ മുന്നേറ്റത്തിന് കളമൊരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിപണിയില്‍ ചാറ്റ് ജിപിടിയുടെ സ്ഥാനം പിടിച്ചെടുക്കാനുള്ള ഓട്ടത്തിലാണ് ജെമിനി എന്നാണ് സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. ഓപ്പണ്‍ എഐ സമീപകാലത്ത് പ്രഖ്യാപിച്ച മറ്റ് പദ്ധതികളെല്ലാം നിര്‍ത്തിവെച്ച് ഗാര്‍ലിക് എന്ന കോഡ് നാമത്തില്‍ പുതിയ എഐ മോഡല്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധകൊടുക്കുകയാണ് കമ്പനി. കോഡിങിലും, റീസണിങിലും ജെമിനിയെ വെല്ലുവിളിക്കുന്ന പതിപ്പാണ് ഓപ്പണ്‍ എഐയുടെ ലക്ഷ്യം.

എഐ രംഗത്തെ മത്സരത്തില്‍ ഒന്നാമത് ഓടിക്കൊണ്ടിരുന്ന കമ്പനിയാണ് ഓപ്പണ്‍ എഐ. ഇവര്‍ ഗൂഗിളിന്റെ ഭാവിയ്ക്ക് കടുത്ത ഭീഷണിയാകുമെന്ന് പ്രവചിക്കപ്പെട്ടുവെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം ഗൂഗിള്‍ ആ ധാരണ തിരുത്തി. ജെമിനിയിലൂടെ എഐ രംഗത്തെ സമഗ്രാധിപത്യം ഏറ്റെടുക്കാനുള്ള ശേഷി ഇതിനകം ഗൂഗിള്‍ കൈവരിച്ചുകഴിഞ്ഞിട്ടുണ്ട്. ജിപിടിയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനുള്ള ശേഷി ജെമിനിക്ക് ഉണ്ട് എന്നത് തന്നെ കാര്യം. അതിനെല്ലാമുപരി ജെമിനി എഐ സാങ്കേതികവിദ്യയുടെ ഫലപ്രദമായ വിന്യാസത്തിന് പിന്തുണ നല്‍കുന്ന വലിയൊരു ഇക്കോസിസ്റ്റം തന്നെ ഗൂഗിളിനുണ്ട് എന്നതാണ്. ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകള്‍, ടിവികള്‍, സെര്‍ച്ച് എഞ്ചിന്‍, വെബ് ബ്രൗസര്‍, ജിമെയില്‍ ഉള്‍പ്പെടെ ജനപ്രിയമായ ഗൂഗിളിന്റെ സേവനങ്ങള്‍ തുടങ്ങി ഒട്ടേറെ ജെമിനിയുടെ വിന്യാസത്തിന് മറ്റുള്ളവരെ ആശ്രയിക്കേണ്ട കാര്യം ഗൂഗിളിനില്ല. ഇത് ഗൂഗിളിനെ സംബന്ധിച്ച് മുന്‍തൂക്കമാണ്. ആന്‍ഡ്രോയിഡ് വഴിയുള്ള ജെമിനി ആപ്പിന്റെ വിതരണത്തിലൂടെ തന്നെ ആഗോളതലത്തില്‍ പ്രചാരം നേടാനാവും.

സെന്‍സര്‍ ടവര്‍  റിപ്പോര്‍ട്ട് പ്രകാരം പ്രധാന കണക്കുകള്‍ ഇങ്ങനെ:

 

പ്രതിമാസ സജീവ ഉപഭോക്താക്കള്‍ (MAU) - വര്‍ഷം തോറുമുള്ള വളര്‍ച്ച (YoY):

  • Perplexity → 370%
  • Claude → 190%
  • ChatGPT → 180%
  • Gemini → 170%

ഡൗണ്‍ലോഡുകള്‍ - വര്‍ഷം തോറുമുള്ള വളര്‍ച്ച (YoY):

  • Perplexity → 215%
  • Gemini → 190%
  • ChatGPT → 85%

മാര്‍ക്കറ്റ് ഷെയര്‍ മാറ്റം (2025 മേയ് - നവംബര്‍):

  • Gemini → +3% (വര്‍ധിച്ചു)
  • ChatGPT → -3% (കുറഞ്ഞു)

ഓഗസ്റ്റ് - നവംബര്‍ മാസങ്ങളിലെ MAU വളര്‍ച്ച:

  • Gemini → +30%
  • ChatGPT → +6% മാത്രം

ആപ്പില്‍ ഉപഭോക്താക്കള്‍ ചെലവഴിക്കുന്ന സമയം (പ്രതിദിന ശരാശരി):

  • ജെമിനി (നവംബര്‍ 2025) → 11 മിനിറ്റ് (+120% മാര്‍ച്ചിനെ അപേക്ഷിച്ച്)