ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് പണം ഈടാക്കുമെന്ന വാര്‍ത്ത തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. മൊബൈല്‍ / ലാന്‍ഡ് ലൈന്‍ നമ്പറുകള്‍ക്ക് ഫീസ് അവതരിപ്പിക്കണമെന്ന നിര്‍ദേശം ട്രായ് നല്‍കിയിട്ടുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും അത് പൂര്‍ണമായും തെറ്റാണെന്നും ട്രായ് പറഞ്ഞു. 

To advertise here,

രാജ്യത്തെ നമ്പറിങ് റിസോഴ്‌സുകളുടെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും യുക്തിസഹമായി വിനിയോഗിക്കുന്നതിനും വേണ്ടി പുതിയ ദേശീയ നമ്പറിങ് പ്ലാനിന് വേണ്ടിയുള്ള ശുപാര്‍ശകള്‍  കേന്ദ്ര ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് ടെലികോം ഐഡന്റിഫയേഴ്‌സ് (ടിഐ) വിഭവങ്ങളുടെ അലൊക്കേഷനേയും വിനിയോഗത്തേയും ബാധിക്കുന്ന ഘടകങ്ങള്‍ വിലയിരുത്തുന്നതിനാണ് നാഷണല്‍ നമ്പറിങ് പ്ലാനിന്റെ പുനരവലോകനവുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കിയതെന്നും ട്രായ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ട്രായ് അറിയിച്ചു. 

മൊബൈല്‍ നമ്പറുകള്‍, സിം കാര്‍ഡ് നമ്പറുകള്‍, ഐപി അഡ്രസ്, ഇലക്ട്രോണിക് സീരിയല്‍ നമ്പര്‍ ഉള്‍പ്പടെയുള്ള ഉപഭോക്താവിനെ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന അക്കങ്ങള്‍, അടയാളങ്ങള്‍ എന്നിവയെയാണ് ടെലികോം ഐഡന്റിഫയറുകള്‍ (ടിഐ) എന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ ഇതിന്റെ പൂര്‍ണ നിയന്ത്രണം ടെലികോം വകുപ്പിനാണ്. 

ടെലികമ്മ്യൂണിക്കേഷന്‍ ഐഡന്റിഫയറുകള്‍ ഒരു നിശ്ചിത പരിധിക്കപ്പുറം ഉപയോഗിക്കാതിരുന്നാല്‍ ടെലികോം കമ്പനികളില്‍ നിന്ന് പണമീടാക്കുന്നതുമായി ബന്ധപ്പെട്ടും എത്ര തുക ഈടാക്കണം എന്നത് സംബന്ധിച്ചും വ്യവസായ രംഗത്ത് നിന്നുള്ള അഭിപ്രായങ്ങള്‍ ട്രായ് ജൂണ്‍ ആറിന് പുറത്തിറക്കിയ ഡിസ്‌കഷന്‍ പേപ്പറില്‍ തേടിയിരുന്നു. 

ടെലിക്കമ്മ്യൂണിക്കേഷന്‍ വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ആകര്‍ഷകമായ ഫോണ്‍ നമ്പറുകള്‍ അധികതുകയ്ക്ക് വില്‍ക്കുന്നതും പരമാവധി വരുമാനം നേടാനായി അവ ലേലത്തിന് വെക്കുന്നതും ടിഐ വിഭവങ്ങളുടെ ഉപയോഗത്തിലെ കാര്യക്ഷമതയില്ലായ്മയായി ട്രായ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രവണതകള്‍ വിഭവങ്ങളുടെ പൂഴ്ത്തിവെപ്പിന് വഴിവെക്കുന്നുവെന്നും ട്രായ് ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് നമ്പറിങ് വിഭവങ്ങള്‍ക്ക് നിശ്ചിത തുക ഈടാക്കണമെന്ന നിര്‍ദേശം ട്രായ് മുന്നോട്ട് വെക്കുന്നത്. ഈ നിർദേശമാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്.