
ബഹിരാകാശയാത്രികരുടെ ആരോഗ്യവും പ്രകടനവും മെച്ചപ്പെടുത്താനുള്ള പഠനങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് 5000 യൂറോ (ഏകദേശം 4.73 ലക്ഷം രൂപ) പ്രതിഫലം നല്‍കി ബഹിരാകാശ പര്യവേക്ഷണ സ്ഥാപനമായ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (European Space Agency-ESA). പഠനത്തില്‍ പങ്കെടുക്കാന്‍ പത്തുദിവസത്തേക്ക് അനങ്ങാതെ കിടക്കണമെന്നുമാത്രം. സാധാരണകിടക്കയിലെ സുഖകരമായ കിടപ്പാണെന്നു കരുതരുത്. ബാത്ടബ് പോലെ സജ്ജമാക്കിയ കട്ടിലില്‍ ജലം നിറച്ച് അതിനുമുകളില്‍ നനവിനെ പ്രതിരോധിക്കുന്ന തുണി വിരിച്ച് തയ്യാറാക്കിയ കിടക്കയിലാണ് കിടക്കേണ്ടത്. ബഹിരാകാശയാത്രയില്‍ ശരീരത്തിന് അനുഭവപ്പെടുന്ന ഭാരമില്ലായ്മ ഉള്‍പ്പെടെയുള്ളവയെ കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ക്കാണ് വ്യക്തികളെ പ്രതിഫലം നല്‍കി പരീക്ഷണത്തിന് വിധേയമാക്കുന്നത്.
ഫ്രാന്‍സിലെ ടൂലൂസിലുള്ള മീഡ്‌സ് സ്‌പേസ് ക്ലിനിക്കിലാണ് (Medes Space Clinic)പഠനം നടക്കുന്നത്. ബഹിരാകാശശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ നടക്കുന്ന സ്ഥാപനമാണ് മീഡ്‌സ് സ്‌പേസ് ക്ലിനിക്ക്. വിവാള്‍ഡി (Vivaldi) എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഗവേഷണത്തിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടമാണിപ്പോള്‍ നടന്നുവരുന്നത്. പത്ത് വോളണ്ടിയര്‍മാരാണ് പഠനത്തില്‍ പങ്കെടുക്കുന്നത്. വെള്ളത്തിനുമുകളില്‍ കൈകളും തലയും അല്‍പം ഉയര്‍ന്ന് മറ്റുസഹായങ്ങളില്ലാതെ പൊങ്ങിക്കിടക്കുന്നതിലൂടെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്നതിന് സമാനമായ അവസ്ഥയാണ് പരീക്ഷണത്തിലേര്‍പ്പെടുന്ന വോളണ്ടിയര്‍മാര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നത്.

പ്രാഥമികാവശ്യങ്ങള്‍ക്കായുള്ള ഇടവേളകളില്‍ വോളണ്ടിയര്‍മാരെ താല്‍ക്കാലികമായി ഒരു ട്രോളിയിലേക്ക് മാറ്റും. കിടക്കുന്ന വിധത്തിലുള്ള ശാരീരികനിലയില്‍ വ്യതിയാനം വരാതെയിരിക്കാനാണ് ട്രോളിയിലേക്ക് മാറ്റുന്നത്. ഭക്ഷണം കഴിക്കുന്നതിനായി വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു ബോര്‍ഡും തലയുയര്‍ത്തിവെക്കാന്‍ നെക്ക് പില്ലോയും നല്‍കും. പരീക്ഷണത്തില്‍ കഴിയുന്നവര്‍ അധികസമയവും ഒറ്റയ്ക്ക് കഴിയേണ്ട സാഹചര്യമുള്ളതിനാല്‍ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെടുന്നതിന് മൊബൈല്‍ ഫോണ്‍ കയ്യില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ട്.
ശരീരഭാരമില്ലാതെ കഴിയേണ്ടിവരുന്ന സാഹചര്യമായതിനാല്‍ പത്തുദിവസം കഴിഞ്ഞാല്‍ തുടര്‍ന്നുള്ള അഞ്ച് ദിവസം പൂര്‍വ്വസ്ഥിതിയിലേക്കുള്ള ശരീരത്തെ വീണ്ടെടുക്കലിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കേണ്ടതുണ്ട്. പിന്നീട് പത്തുദിവസത്തിനുശേഷം വീണ്ടും ക്ലിനിക്കിലെത്തി ആരോഗ്യസ്ഥിതി പരിശോധിക്കേണ്ടതുണ്ട്. ബഹിരാകാശ പരിതസ്ഥിതിയുമായി പൊരുത്തപ്പെടാന്‍ ശരീരം സ്വീകരിക്കുന്ന സംവിധാനത്തെ നിരീക്ഷിക്കുന്നതിനും മനസ്സിലാക്കുന്നതിനുമാണ് ഈ പരീക്ഷണം നടത്തുന്നത്. ബഹിരാകാശയാത്രികരുടെ ആരോഗ്യവും പ്രകടനവും മെച്ചപ്പെടുത്താന്‍ ഈ പഠനം സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

ഈ പഠനം കൂടാതെ തലയുടെ ഭാഗം താഴേക്ക് വരുന്ന വിധത്തില്‍ (കാലിന്റെ ഭാഗം ഉയര്‍ത്തി) കിടന്നുള്ള പഠനവും സമാന്തരമായി പത്തുപേരില്‍ നടത്തിവരുന്നുണ്ട്. വിവാള്‍ഡി III നായി 20നും 40നും ഇടയില്‍ പ്രായമുള്ള യോഗ്യരായ വോളണ്ടിയര്‍മാരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞ കൊല്ലമാണ് ആരംഭിച്ചത്. 1.65 മീറ്ററിനും 1.80 ഇടയില്‍ ഉയരമുള്ളവരും 20നും 26നും ഇടയില്‍ ശരീരഭാരസൂചിക (Body Mass Index- BMI)യുള്ളവരും അലര്‍ജിയോ ഭക്ഷണനിയന്ത്രണങ്ങളോ ഇല്ലാത്തവരെയാണ് പഠനത്തിനായി പരിഗണിച്ചത്.
Content Highlights: The European Space Agency (ESA) is paying €5000 to volunteers to spend 10 days in a waterbed
Published: 15 Mar 2025, 07:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented