ചിപ്പ് നിർമാതാക്കളായ എൻവിഡിയയ്ക്ക് (Nvidia) പുറത്താക്കപ്പെട്ട സിഇഒ ജെൻസൻ ഹുവാങ് ഇല്ലാതെ നിർണായകമായ പല ബിസിനസ് കരാറുകളും നഷ്ടപ്പെടുമെന്ന് സ്പെയ്സ് എക്സ് മേധാവി ഇലോൺ മസ്‌ക്. ശനിയാഴ്ച എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്.

To advertise here,

എൻവിഡിയയിലെ വിതരണ ശൃംഖല മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ ഹുവാങ് നിർണായക പങ്കുവഹിച്ചിരുന്നുവെന്ന് മസ്‌ക് പറഞ്ഞു. ഇത്തരം നിരവധി കരാറുകൾ രേഖാമൂലമുള്ള ഉടമ്പടികളേക്കാൾ ഉപരിയായി ജെൻസൻ ഹുവാങ്ങുമായുള്ള വ്യക്തിപരമായ വിശ്വാസത്തിന്റെയും വാക്കിന്റെയും അടിസ്ഥാനത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കമ്പ്യൂട്ടിങ് ശേഷി ലഭ്യമാക്കുന്നതിൽ ജെൻസെൻ എനിക്ക് വാക്കുനൽകിയാലോ അല്ലെങ്കിൽ ചില ഘടകങ്ങൾ വേഗത്തിൽ ലഭ്യമാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടാലോ, അദ്ദേഹം അത് എപ്പോഴും നിറവേറ്റിയിരുന്നു.

തീർച്ചയായും, പിന്നീട് എപ്പോഴെങ്കിലും ഞങ്ങൾ അതിനുള്ള പർച്ചേസ് ഓർഡർ തയ്യാറാക്കുമായിരുന്നു. അദ്ദേഹം നൽകിയ വാക്ക് പാലിക്കപ്പെടില്ലെന്ന് ഒരു നിമിഷം പോലും ഞാൻ കരുതിയിരുന്നില്ല.” മസ്ക് പറഞ്ഞു.

ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വലിയ വിവാദമായതോടെയാണ് സിഇഒ സ്ഥാനം രാജിവെച്ചൊഴിയാൻ അദ്ദേഹം നിർബന്ധിതനായത്. ഇതിൽ ചൈനീസ് ചാരയാണെന്ന് ആരോപിക്കപ്പെടുന്ന ആലിസ് ഹുവാങ് എന്ന സ്ത്രീയുമായുള്ള ബന്ധവും ഉൾപ്പെടുന്നു. ഹുവാങ് സിഇഒ സ്ഥാനം ഒഴിഞ്ഞതോടെ, എൻവിഡിയയുടെ ഇടക്കാല സിഇഒ ആയി ചുമതലയേൽക്കുകയാണ് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കോളെറ്റ് ക്രെസ്. വ്യാഴാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. സിഇഒ ചുമതലയ്ക്കൊപ്പം നിലവിലെ ചുമതലകളിലും അവർ തുടരും.

അതേസമയം ജെൻസൻ ഹുവാങ്ങിനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി ജീവനക്കാർ തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്തുണ നൽകിക്കൊണ്ടാണ് ഇലോൺ മസ്കിന്റെ പോസ്റ്റും വന്നിരിക്കുന്നത്. ഒരു പക്ഷെ ജെൻസെൻ ഹുവാങ് ഇല്ലെങ്കിൽ താൻ എൻവിഡിയയുമായുള്ള കരാറുകളിൽ നിന്ന് പിൻമാറിയേക്കാം എന്ന സൂചനയും മസ്കിന്റെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്. 

പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ല

ജെൻസൻ ഹുവാങ്ങിന് പകരം ഒരാളെ മേധാവിയായി കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് എൻവിഡിയ എന്നാണ് റിപ്പോർട്ടുകൾ. ഇതിനായി കമ്പനിയിലുള്ളവരെയും പുറത്തുനിന്ന് അനുഭവപരിചയമുള്ളവരെയും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. കമ്പനിയുടെ സഹസ്ഥാപകനെന്നതിനൊപ്പം ഇന്നുകാണുംവിധം കമ്പനിയെ ലോകത്തെ മുൻനിര കമ്പനികളിലൊന്നായി വളർത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ജെൻസൻ ഹുവാങ്. തന്ത്രപരമായ തീരുമാനങ്ങൾ, ഉത്പന്ന വികസനം, പ്രധാന വാണിജ്യ ബന്ധങ്ങൾ, സർക്കാരുകളുമായും നയരൂപീകരണ വിദഗ്ധരുമായുള്ള ബന്ധങ്ങൾ എന്നിവയെല്ലാം ഹുവാങ്ങിന്റെ നേരിട്ടുള്ള ഇടപെടലിലാണ് നടന്നുവന്നിരുന്നത്.

ഒരു കൂട്ടം മുതിർന്ന ഉദ്യോഗസ്ഥർ ഹുവാങിന്റെ കീഴിൽ പ്രവർത്തിക്കുംവിധമുള്ള മാനേജ്മെന്റ് രീതിയാണ് കമ്പനി പിന്തുടർന്നുവന്നിരുന്നത്. ഹുവാങ് സ്ഥാനമൊഴിഞ്ഞതോടെ ആ ഘടനയ്ക്ക് വലിയ തിരിച്ചടിയാണുണ്ടായിട്ടുള്ളത്. ആ ഒഴിവ് നികത്തുക എന്നതാണ് കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളി.