നിർമിതബുദ്ധിയ്ക്ക് തടയിടാൻ മനുഷ്യർ ശ്രമിക്കരുതെന്ന് ശതകോടീശ്വര വ്യവസായിയും എക്സ് എഐ സ്ഥാപകനുമായ ഇലോൺ മസ്ക്. ദി ഇക്കണോമിസ്റ്റിന്റെ എഡിറ്റർ ഇൻ ചീഫ് സാനി മിന്റൺ ബെഡ്‌ഡോസിന് നൽകിയ അഭിമുഖത്തിലാണ് മസ്ക് തന്റെ വീക്ഷണങ്ങൾ പങ്കുവെച്ചത്. നിർമിതബുദ്ധിയും റോബോട്ടുകളും വിനാശകരമായി മാറാനുള്ള സാധ്യത ഒട്ടുമില്ലെന്ന് പറയാനാവില്ലെങ്കിലും അതിന്റെ ശോഭനമായ വശങ്ങളിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിർമിതബുദ്ധിയുടെ വികസനം തടയാൻ ഒരു 'സ്റ്റോപ്പ് ബട്ടൺ' ഉണ്ടെങ്കിൽപ്പോലും നാം അത് അമർത്താൻ പാടില്ല, കാരണം എല്ലാവർക്കും അളവറ്റ സമൃദ്ധി നൽകുന്ന ഫലമായിരിക്കും ഇതുകൊണ്ട് ഉണ്ടാകാൻ ഏറ്റവും സാധ്യത എന്ന് അദ്ദേഹം പറയുന്നു.
ആഗോള ആണവയുദ്ധം പോലുള്ളവ സംഭവിച്ചില്ലെങ്കിൽ ഏകദേശം അഞ്ചുവർഷത്തിനുള്ളിൽ എ.ഐ. മനുഷ്യന്റെ ബുദ്ധിശക്തിയെ മറികടക്കുമെന്ന് മസ്ക് പ്രവചിക്കുന്നു. ഇത് ആർക്കും തങ്ങൾ ആഗ്രഹിക്കുന്ന എന്തും കൈവശമാക്കാൻ കഴിയുന്ന അത്ഭുതകരമായ സമൃദ്ധിയുടെ യുഗത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
എന്നാൽ മസ്ക് നിർമിതബുദ്ധിയെക്കുറിച്ച് മുമ്പ് നടത്തിയ പ്രവചനങ്ങൾ ഇത്ര ശുഭാപ്തിവിശ്വാസം നിറഞ്ഞതായിരുന്നില്ല. 2014-ൽ നിർമിതബുദ്ധി വികസിപ്പിക്കുന്നതിനെ പിശാചിനെ ആവാഹിക്കുന്നതിനോടാണ് അദ്ദേഹം ഉപമിച്ചത്. 2018-ൽ ഇത് ആണവായുധങ്ങളേക്കാൾ അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. 2025 മാർച്ച് മാസത്തിൽ പോലും ലോകത്തെ നശിപ്പിക്കുന്ന കൊലയാളി റോബോട്ടുകൾ ഉണ്ടാകാനുള്ള സാധ്യത 10 മുതൽ 20 ശതമാനം വരെയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എഐ മനുഷ്യരാശിയെ ഇല്ലാതാക്കാനുള്ള ഈ 10-20% സാധ്യതയെ ഇപ്പോഴും വിശ്വസിക്കുന്നുമുണ്ട്. ഈ മാറ്റങ്ങളെ തടയാൻ നമുക്ക് കഴിയില്ലെന്നും, മോശം ഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത പരമാവധി കുറയ്ക്കാൻ ശ്രമിക്കുക മാത്രമാണ് നമുക്ക് ചെയ്യാനാകുകയെന്നും മസ്ക് പറയുന്നു.
ഒരു ദശാബ്ദത്തിനുള്ളിൽ തന്നെ നിർമിതബുദ്ധിയുടെ പൂർണനിയന്ത്രണം മനുഷ്യർക്ക് നഷ്ടമാകാനിടയുണ്ടെന്നും തന്നേക്കാൾ ബുദ്ധിമാനായ ഒരു എഐയെ തനിക്ക് നിയന്ത്രിക്കാനാകുമെന്ന് ചിന്തിക്കുന്നത് അഹങ്കാരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം ഭീഷണികളെ മറികടക്കാൻ നിർമിതബുദ്ധിക്ക് നല്ല മൂല്യങ്ങൾ ഉണ്ടെന്നും, അവ മനുഷ്യരോട് കരുതൽ കാണിക്കുന്നുണ്ടെന്നും, മനുഷ്യർ സന്തോഷത്തോടെയും സമൃദ്ധിയോടെയും ജീവിക്കാൻ അവ ആഗ്രഹിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയാണ് നാം ചെയ്യേണ്ടത്. എഐ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മുൻനിര എഐ കമ്പനികളുടെ മേധാവികൾ പരസ്പരം നിരന്തരം ആശയവിനിമയം നടത്തണമെന്നും മസ്ക് നിർദേശിക്കുന്നു. ഈ വിഷയത്തിൽ ഗൂഗിൾ ഡീപ്മൈൻഡ് സിഇഒ ഡെമിസ് ഹസ്സാബിസുമായി അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു. മാറ്റങ്ങളെ തടയാനാകില്ലെന്നും അതിനാൽ ഈ യാത്ര ആസ്വദിക്കുക എന്നതാണ് തന്റെ തത്ത്വചിന്തയെന്നും അദ്ദേഹം പറയുന്നു.
Content Highlights: Tech billionaire Elon Musk stated that humanity should not stop AI development, predicting it will surpass human intelligence within five years and potentially bring an era of vast abundance, despite a 10-20% risk of catastrophic outcomes.
Published: 23 Jul 2026, 08:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented