അബുദാബി: യുഎഇയില്‍ വേഗത്തില്‍ തീയണയ്ക്കാന്‍ ഇനി ഡ്രോണുകളെത്തും. ജപ്പാനിലെ ഒസാക്കയില്‍നടക്കുന്ന എക്‌സ്പോ 2025-ലെ യുഎഇ പവിലിയനില്‍ അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയാണ് ലോകത്തിലെ ആദ്യ ജെറ്റ് പവേര്‍ഡ് അഗ്‌നിശമനഡ്രോണ്‍ പുറത്തിറക്കിയത്. 'സുഹൈല്‍' എന്ന് പേരിട്ടിരിക്കുന്ന ഡ്രോണ്‍ ഈവര്‍ഷംതന്നെ യുഎഇയില്‍ പ്രവര്‍ത്തനക്ഷമമാകും.
അഗ്‌നിശമനരംഗത്തെ വെല്ലുവിളികളെ നേരിടാന്‍ സുഹൈലിന് നിഷ്പ്രയാസം കഴിയും. സ്മാര്‍ട്ട് സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്ന സുഹൈല്‍ ഡ്രോണ്‍ തീപ്പിടിത്തമുണ്ടാകുമ്പോള്‍ മനുഷ്യന് എത്തിച്ചേരാന്‍സാധിക്കാത്തയിടങ്ങളില്‍ അതിവേഗത്തിലെത്തി അഗ്‌നിശമന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടും. ഉയര്‍ന്നശക്തിയുള്ള ജലപീരങ്കിയാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. നിര്‍മിതബുദ്ധിയുടെ പിന്തുണയോടെ ഡ്രോണ്‍ ദൗത്യം നിര്‍വഹിക്കും. ഇത് അഗ്‌നിശമനസേനാംഗങ്ങളുടെ അപകടസാധ്യത കുറയ്ക്കും. സാധാരണ അഗ്‌നിശമനപ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് വേഗവും ഫലപ്രാപ്തിയും കൂടുതലുണ്ടെന്നതാണ് ജെറ്റ് പവേര്‍ഡ് അഗ്‌നിശമനഡ്രോണുകളുടെ പ്രത്യേകത. തിരക്കേറിയപ്രദേശങ്ങള്‍, വ്യാവസായികമേഖലകള്‍, ബഹുനിലക്കെട്ടിടങ്ങള്‍, ജിപിഎസ് പ്രവര്‍ത്തിക്കാത്തയിടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പുതിയസംവിധാനം സഹായകരമാകും.
കൃത്യമായ മാപ്പിങ്, ലക്ഷ്യംകണ്ടെത്തല്‍, തടസ്സങ്ങള്‍ ഒഴിവാക്കല്‍ എന്നിവയ്ക്കായി അത്യാധുനികസംവിധാനവും ലിഡാര്‍ അടിസ്ഥാനമാക്കിയുള്ള ത്രീഡി സ്‌കാനിങ്ങും ഇതിലുണ്ടാകും. അപകടകരമായ ഘട്ടങ്ങളില്‍ അഗ്‌നിരക്ഷാസംഘത്തിന്റെ പ്രവര്‍ത്തനം വൈകുകയോ പ്രശ്‌നങ്ങള്‍ നേരിടുകയോചെയ്താല്‍ ഡ്രോണ്‍ ഉടനടി പിന്തുണനല്‍കും. അടിയന്തരസാഹചര്യങ്ങളില്‍ സുഹൈല്‍ ഡ്രോണ്‍ ഒരു വഴിത്തിരിവായിരിക്കുമെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ഡയറക്ടര്‍ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ സലേം അബ്ദുല്ല ബിന്‍ ബരാക് അല്‍ ദഹേരി പറഞ്ഞു.
പ്രവര്‍ത്തനാനുഭവത്തില്‍നിന്നാണ് അഗ്‌നിരക്ഷാഡ്രോണ്‍ എന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് അതോറിറ്റിയിലെ ഓട്ടോണമസ് സിസ്റ്റംസ് ആന്‍ഡ് എഐ കണ്‍ട്രോള്‍ ഡിവലപ്‌മെന്റിന്റെ പ്രോജക്ട് ഡയറക്ടര്‍ മേജര്‍ എന്‍ജിനിയര്‍ അലി ഹസന്‍ അല്‍ മദ്ഫായി വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഷാര്‍ജ സിവില്‍ ഡിഫന്‍സ് ബഹുനിലക്കെട്ടിടങ്ങളിലെ തീപ്പിടിത്തങ്ങള്‍ നേരിടാന്‍ 2025 മുതല്‍ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ സിവില്‍ ഡിഫന്‍സിലെയും യുഎഇ ആസ്ഥാനമായുള്ള ഫസ്റ്റ് ബില്‍ഡിങ് സര്‍വീസസിലെയും സാങ്കേതികസംഘം ചേര്‍ന്ന് ഡ്രോണ്‍ പരീക്ഷണം നടത്തുകയും ചെയ്തിരുന്നു.
Content Highlights: dubai launches worlds first firefighting drone
Published: 30 May 2025, 07:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented