ഡിജിറ്റല്‍ കല്യാണക്കത്തിന്റെ രൂപത്തിലും സൈബര്‍ തട്ടിപ്പ്. സാമൂഹിക മാധ്യമങ്ങളില്‍ അജ്ഞാത നമ്പരുകളില്‍നിന്നുള്ള കല്യാണ ക്ഷണക്കത്ത് ലഭിച്ചാല്‍ തുറക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ അരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. തുറന്നാല്‍ മാല്‍വേറുകളോ സ്‌പൈവേറുകളോ ഫോണില്‍ കടന്നുകൂടും. ഇതുപയോഗിച്ച് സൈബര്‍ തട്ടിപ്പുകാര്‍ വിവരങ്ങള്‍ ചോര്‍ത്തും. ചിലപ്പോള്‍ ഫോണും അവരുടെ വരുതിയിലാക്കും.

To advertise here,

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ കൈമാറാനും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സഹായിക്കുന്ന ആന്‍ഡ്രോയ്ഡ് പാക്കേജ് ഫയല്‍ (എ.പി.കെ.) ഫയലുകളടങ്ങിയതാകും ഇത്തരം കല്യാണക്കത്തുകള്‍. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നമ്മളറിയാതെ മാല്‍വേറുകളോ സ്‌പൈവേറുകളോ അപ്പോള്‍ത്തന്നെ ഫോണില്‍ കടന്നുകൂടാം. ചിലപ്പോള്‍ ഏതെങ്കിലും വ്യാജ വെബ്‌സൈറ്റിലേക്കാകും ഇത് നയിക്കുക. അവിടെനിന്ന് ചില ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. ഇങ്ങനെ ചെയ്യുന്നതോടെ ഫോണിലെത്തുന്ന മാല്‍വേറുകള്‍ വഴിയും വിവരങ്ങള്‍ ചോര്‍ത്തും.

ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പുറമേ ഓണ്‍ലൈന്‍ ബാങ്കിങ്, യു.പി.ഐ. സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ യൂസര്‍ നെയിം, പാസ്വേഡ് തുടങ്ങിയവയും തട്ടിപ്പ് സംഘത്തിന് ലഭിക്കും. ഇതുപയോഗിച്ചും പണം തട്ടും. ഫോണില്‍ ശേഖരിച്ചിട്ടുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ നമ്പരുകളും ഇവര്‍ ശേഖരിക്കും. ഇതുപയോഗിച്ച് ഫോണിന്റെ ഉടമയുടെ പേരില്‍ സുഹൃത്തുക്കളില്‍നിന്ന് പണം തട്ടാനും ശ്രമിക്കും.

സമ്മാനങ്ങളുടെ പേരിലും തട്ടിപ്പുകാരെത്തും

ക്രിസ്മസും പുതുവത്സരവുമാണ് വരുന്നത്. സമ്മാനങ്ങള്‍ ലഭിക്കുമെന്നും ആശംസാകാര്‍ഡാണെന്ന മട്ടിലുമൊക്കെ സാമൂഹികമാധ്യമങ്ങളിലൂടെ ലിങ്കുകള്‍ അയച്ച് ഇനി തട്ടിപ്പിന് ശ്രമമുണ്ടാകും. പ്രമുഖ സ്ഥാപനങ്ങളുടെയും മറ്റും പേരിലാകും ഇവ ലഭിക്കുക.

ഇത്തരം ലിങ്കുകള്‍ കിട്ടുന്നവര്‍ തട്ടിപ്പാണെന്നറിയാതെ അംഗങ്ങളായ ഗ്രൂപ്പുകളിലേക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ ഫോര്‍വേഡ് ചെയ്തുകൊടുക്കും. അങ്ങനെ അവരും തട്ടിപ്പിനിരയാകും.

ഇനി തട്ടിപ്പിനിരയായാല്‍ കഴിയുന്നതും വേഗം നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ടോള്‍ഫ്രീ നമ്പരായ 1930-ല്‍ വിവരമറിയിക്കുക. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.