ചൈനയുടെ ബഹിരാകാശ പരിപാടിയിലേക്ക് രണ്ട് പാകിസ്താൻ പൗരന്മാരായ സഞ്ചാരികളെ ആദ്യഘട്ടമെന്ന നിലയിൽ തിരഞ്ഞെടുത്ത് ചൈന. മുഹമ്മദ് സീഷൻ അലി, ഖുറം ദാവൂദ് എന്നിവരെയാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്ന് ചൈനയുടെ ബഹിരാകാശ ഏജൻസി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഇവർ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയെന്നും ഉടൻ പരിശീലനത്തിനായി ചൈനയിലേക്ക് പോകുമെന്നും ഏജൻസി അറിയിച്ചു.

To advertise here,

ഇവരിൽ ഒരാൾ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്കുള്ള ഭാവി ദൗത്യത്തിൽ പേലോഡ് സ്‌പെഷ്യലിസ്റ്റായി പങ്കാളിയായേക്കും. അതോടെ ചൈനയുടെ നിലയം സന്ദർശിക്കുന്ന ആദ്യ വിദേശ ബഹിരാകാശ സഞ്ചാരിയാകാനും സാധ്യതയുണ്ട്. 'പരിശീലനം വിജയകരമായി പൂർത്തിയാക്കുകയും ബന്ധപ്പെട്ട വിലയിരുത്തലുകൾ അനുകൂലമാകുകയും ചെയ്താൽ പേലോഡ് സ്‌പെഷ്യലിസ്റ്റ് എന്ന നിലയിൽ ദൗത്യ സംഘത്തിൽ ഒരാളെ ഉൾപ്പെടുത്തും. ചൈനീസ് ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ വിദേശ ബഹിരാകാശ സഞ്ചാരിയും അദ്ദേഹം ആയിരിക്കും' -ഏജൻസി പറയുന്നു.

ഈ ദൗത്യം നടന്നാൽ ഒരു പാകിസ്താൻ പൗരൻ ആദ്യമായിഭൂമിയുടെ ഭ്രമണപഥത്തിൽ എത്തും. ചൈനയുടെ ബഹിരാകാശ പരിപാടിയുടെ ഭാഗമായ'മാതൃകാപരമായ സംഭവം' ആയിരിക്കും ഇതെന്നുംഇരു രാജ്യങ്ങൾക്കിടയിൽ വളരുന്ന സഹകരണം വ്യക്തമാക്കുന്നതാണ് നീക്കങ്ങളെന്നും ഏജൻസി അവകാശപ്പെട്ടു.

2025 ഫെബ്രുവരിയിൽ ചൈനയുടെ ബഹിരാകാശ ഏജൻസിയും പാകിസ്താൻ സ്‌പേസ് ആൻഡ് അപ്പർ അറ്റ്‌മോസ്ഫിയർ റിസർച്ച് കമ്മീഷനും തമ്മിൽ ഒപ്പുവെച്ച ദ്വിരാഷ്ട്ര കരാറിനെ തുടർന്നാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബഹിരാകാശ സഞ്ചാരികളെ സംയുക്തമായി പരിശീലിപ്പിക്കുന്നതിനുള്ളതാണ് ഈ കരാർ.