നെക്‌സ്പീരിയയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഒരു ദീര്‍ഘകാല കരാറിലെത്താന്‍ ഇരു രാജ്യങ്ങള്‍ക്കും എത്രത്തോളം ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കുന്നതാണ് പരിഹാരം കാണാനാകാതെ നീണ്ടുപോകുന്ന തര്‍ക്കം.

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പരിഹരിക്കാനാകാതെ ചൈനയും നെതര്‍ലന്‍ഡ്സും തമ്മിലുള്ള തര്‍ക്കം. ഫോക്സ്വാഗണ്‍, ബിഎംഡബ്ല്യു, മെഴ്സിഡസ്, ജിഎം എന്നിവയുള്‍പ്പെടെയുള്ള കാര്‍ കമ്പനികളുടെ പ്രധാന വിതരണക്കാരായ ചിപ്പ് നിര്‍മ്മാതാക്കള്‍ നെക്‌സ്പീരിയയെ ചൊല്ലിയാണ് തര്‍ക്കം.
നെക്‌സ്പീരിയയെ ഡച്ച് സര്‍ക്കാര്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ബെയ്ജിങ്ങുമായി സഹകരിക്കുന്നതില്‍ നെതര്‍ലന്‍ഡ്സ് പരാജയപ്പെട്ടുവെന്നാണ് ചൈനയുടെ പുതിയ ആരോപണം. ഈ നിലപാട് വിതരണ ശൃംഖലയില്‍ കൂടുതല്‍ തടസങ്ങള്‍ ഉണ്ടാകുന്നതിന് കാരണമായേക്കാമെന്ന് ചൈനീസ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
നെക്‌സ്പീരിയയുടെ ചൈനീസ് മാതൃ കമ്പനിയായ വിങ്‌ടെക്കിനെ സംബന്ധിച്ച ആശങ്കകളെത്തുടര്‍ന്ന് സെപ്റ്റംബറിലാണ് ഡച്ച് സര്‍ക്കാര്‍ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തത്. തൊട്ടുപിന്നാലെ, ചൈനയില്‍ നിര്‍മ്മിച്ച നെക്‌സ്പീരിയ ഉല്‍പ്പന്നങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതില്‍ ഇളവുകള്‍ നേടാന്‍ യൂറോപ്യന്‍ ഓട്ടോമോട്ടീവ് വിതരണക്കാര്‍ തിരക്കുകൂട്ടിയതിന് പിന്നാലെയാണ് ബെയ്ജിങ്ങിന്റെ മുന്നറിയിപ്പ്. നെക്‌സ്പീരിയയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്താനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ചൈനീസ് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ചൈന നെതര്‍ലന്‍ഡ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രശ്‌നം പരിഹരിക്കാത്തത് ആഗോള സെമികണ്ടക്ടര്‍ വിതരണ ശൃംഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കും എന്നത് ഉറപ്പായ കാര്യമാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനയോ ആഗോള വ്യാവസായിക ലോകമോ ആ സാഹചര്യം ആഗ്രഹിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
നെക്‌സ്പീരിയയുടെ ഭൂരിഭാഗം ചിപ്പുകളും യൂറോപ്പിലാണ് നിര്‍മ്മിക്കുന്നതെങ്കിലും വിതരണത്തിന് മുമ്പ് ഏകദേശം 70 ശതമാനവും ചൈനയിലാണ് പാക്ക് ചെയ്യുന്നത്. ബെയ്ജിങ്ങിന്റെ കയറ്റുമതി നിയന്ത്രണങ്ങള്‍ മൂലമുണ്ടായ ചിപ്പ് ക്ഷാമം, യൂറോപ്പിലെ അസംബ്ലി ലൈനുകള്‍ നിര്‍ത്തിവെക്കാനും തൊഴിലാളികളെ നിര്‍ബന്ധിത അവധിയില്‍ വിടാനും ഇടയാക്കിയേക്കുമെന്ന ആശങ്കയുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ചര്‍ച്ച നടത്തി പ്രശ്‌നത്തിന് ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാകുമെന്നാണ് നെക്‌സ്പീരിയയുടെ ചിപ്പുകളെ ആശ്രയിക്കുന്ന വാഹന നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ഡച്ച്, ചൈനീസ് സര്‍ക്കാരുകള്‍ ഉള്‍പ്പെട്ട നെക്‌സ്പീരിയയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യാപാര മേധാവി മാരോസ് സെഫ്‌കോവിച്ച് അടുത്തിടെ പറഞ്ഞിരുന്നു. അതിനിടെ, നെക്‌സ്പീരിയയെച്ചൊല്ലിയുള്ള തര്‍ക്കത്തിന് ഒരു പരിഹാരം ചര്‍ച്ച ചെയ്യുമ്പോള്‍ നെതര്‍ലന്‍ഡ്സ് ഉഭയകക്ഷി ബന്ധങ്ങളും ചൈന-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര ബന്ധങ്ങളും കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനയുടെ വാണിജ്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
വന്‍തോതില്‍ ഓട്ടോമോട്ടീവ് ചിപ്പുകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് നെക്‌സ്പീരിയ. നെക്‌സ്പീരിയയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഒരു ദീര്‍ഘകാല കരാറിലെത്താന്‍ ഇരു രാജ്യങ്ങള്‍ക്കും എത്രത്തോളം ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കുന്നതാണ് പരിഹാരം കാണാനാകാതെ നീണ്ടുപോകുന്ന തര്‍ക്കം.
Content Highlights: China warns Netherlands over Nexperia chip dispute, risking global auto supply chain disruptions. EU & US involved. Find out more.
Published: 04 Nov 2025, 10:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented