ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍-3 ചന്ദ്രനിലേക്കുള്ള പ്രയാണം ആരംഭിച്ചതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) ചെയര്‍മാന്‍ എസ്. സോമനാഥ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍നിന്ന് ചന്ദ്രയാന്‍-3 വിക്ഷേപണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. "ചന്ദ്രയാന്‍-3  പേടകത്തെ നമ്മുടെ പ്രിയപ്പെട്ട LVM 3 ഇതിനോടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു കഴിഞ്ഞു, വരുംദിവസങ്ങളില്‍ ചന്ദ്രന് സമീപത്തേക്ക് പേടകത്തിന് കൂടുതല്‍ മുന്നേറ്റം നടത്താനും ചന്ദ്രനിലെത്തിച്ചേരാനും സാധിക്കട്ടേയെന്ന് നമുക്ക് പ്രതീക്ഷിക്കാം", ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാകാന്‍ സാധിക്കട്ടെ എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

To advertise here,

ചന്ദ്രയാന്‍-3 പേടകത്തിനെ വിജയകരമായി ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ ചെയര്‍മാനും സംഘവും. "ചന്ദ്രയാന്‍-3 അതിന്റെ കൃത്യമായ ഭ്രമണപഥത്തിലെത്തി, ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചുകഴിഞ്ഞു. ബഹിരാകാശപേടകത്തിന്റെ ആരോഗ്യനിലയില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല", ഐഎസ്ആര്‍ഒ സംഘം അറിയിച്ചു.

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 വിക്ഷേപണത്തിന്റെ ഒന്നാംഘട്ടം വിജയകരമായതില്‍ ഐഎസ്ആര്‍ഒ സംഘത്തെ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് അഭിനന്ദിച്ചു.