
ഫോണ്‍കോള്‍ വഴിയുള്ള തട്ടിപ്പുകള്‍ സര്‍വസാധാരണമായ കാലമാണിത്. പലപ്പോഴും മുതിര്‍ന്ന പൗരന്മാരാണ് ഇതിന് ഇരകളാകുന്നതും. ഇത്തരത്തിലെത്തുന്ന തട്ടിപ്പുകാരെ പറ്റിക്കാന്‍ ഒരു ചാറ്റ്ബോട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് ടെലികോം അതികായന്മാരായ വിര്‍ജിന്‍ മീഡിയ ഒ2. എ.ഐയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഡെയ്സി എന്ന ചാറ്റ്ബോട്ടാണ് തട്ടിപ്പുകാരെ നേരിടുക. ഒരു ശരാശരി ബ്രിട്ടീഷ് അമ്മൂമ്മ എന്ന നിലയ്ക്കാണ് ഡെയ്സി, തട്ടിപ്പുകാരോട് ഇടപെടുന്നത്, അതുതന്നെയാണ് ഇതിന്റെ പ്രത്യേകതയും.
യു.കെയില്‍ സ്കാം കോളുകളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനയാണുണ്ടായിരിക്കുന്നത്. ഓരോ ആഴ്ചയും അഞ്ചില്‍ ഒരു ബ്രിട്ടീഷ് പൗരന് തട്ടിപ്പിനിരയാകുന്നുണ്ടെന്നാണ് കണക്ക്. 2024-ന്റെ ആദ്യപാദത്തില്‍ മാത്രം തട്ടിപ്പുകേസുകളില്‍ 33 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.
സാങ്കേതികവിദ്യയെയും തട്ടിപ്പുകളെയും കുറിച്ച് ധാരണയില്ലാത്ത, 'ഒന്ന് ശ്രമിച്ചാല്‍ കുഴിയില്‍ വീഴ്ത്താം' എന്ന് തട്ടിപ്പുകാര്‍ വിചാരിക്കുന്ന വിഭാഗമാണ് മുതിര്‍ന്ന പൗരന്മാര്. അതിനാല്‍തന്നെ പലപ്പോഴും ഇവരെ മാത്രം ലക്ഷ്യമിട്ടെത്തുന്ന തട്ടിപ്പുകാരുമുണ്ട്. ഇങ്ങനെ വരുന്ന തട്ടിപ്പുവീരന്മാരെ സംസാരത്തിലൂടെ വെറുപ്പിച്ച് ഓടിക്കുകയാണ് ഡെയ്സി മുത്തശ്ശിയുടെ ശൈലി എന്ന് വിര്‍ജിന്‍ മീഡിയ ഒ2-വിന്റെ ആന്റി ഫ്രോഡ് ടീം പറയുന്നു. തട്ടിപ്പുകാരന് വിളിക്കുമ്പോള്‍ തന്റെ പൂച്ചക്കുട്ടിയായ ഫ്ലഫിയെ കുറിച്ചും കുടുംബത്തെ കുറിച്ചും കൈത്തുന്നല്‍ ഹോബിയെ കുറിച്ചുമൊക്കെ ഡെയ്സി സംസാരിക്കും. സംസാരം പരമാവധി നീട്ടിക്കൊണ്ടുപോകുന്നതോടെ തട്ടിപ്പുകാര്‍ക്ക് വിജയകരമായ മറ്റൊരു തട്ടിപ്പ് നടത്താനുള്ള അവസരം ഇല്ലാതാക്കുകയാണ് ഈ ചാറ്റ്ബോട്ട് ചെയ്യുന്നത്.
'തട്ടിപ്പുകാര്‍ എന്നോട് സംസാരിക്കുന്നതിന്റെ തിരക്കിലാകുമ്പോള്‍ നിങ്ങളെ അവർക്ക് പറ്റിക്കാന്‍ കഴിയില്ല', ഈ ചാറ്റ് ബോട്ടിനേക്കുറിച്ച് കമ്പനി പുറത്തിറക്കിയ വീഡിയോയില്‍ ഡെയ്സി അമ്മൂമ്മ പറയുന്നു. നരച്ചമുടിയുള്ള കണ്ണടയും മുഖത്തുചുളിവുകളുമൊക്കെയുള്ള സുന്ദരി എ.ഐ. അമ്മൂമ്മയായാണ് ഡെയ്സി പ്രത്യക്ഷപ്പെടുന്നത്. സ്വന്തമായി നമ്പറുമുണ്ട്. ഡെയ്സിയുടെ നമ്പര്‍ തട്ടിപ്പുകാരുടെ കോണ്ടാക്ട് ലിസ്റ്റില്‍ തന്ത്രപരമായി ചേര്‍ക്കുകയാണ് ചെയ്യുന്നത്. തട്ടിപ്പുകാര്‍ വിളിക്കുമ്പോള്‍ എ.ഐയുടെ സഹായത്തോടെ ഡെയ്സി അവരുടെ സംസാരം, ടെക്സ്റ്റ് ആക്കി മാറ്റും. തുടര്‍ന്ന് ഇതിന് അനുസൃതവും അല്പംപോലും സംശയത്തിന് ഇടവരാത്തതുമായ വിധത്തില്‍ സുദീര്‍ഘസംഭാഷണത്തിന് തുടക്കം കുറിക്കുകയും ചെയ്യും.
സ്കാംബെയ്റ്റിങ് എന്ന തന്ത്രമാണ് ഡെയ്സി പ്രയോഗിക്കുന്നത്. ഇരയായേക്കുമെന്ന പ്രതീതി തട്ടിപ്പുകാരനില്‍ സൃഷ്ടിക്കുക. അതിലൂടെ തട്ടിപ്പുകാരന്റെ സമയം പാഴാക്കുകയും ശേഷം തട്ടിപ്പിന്റെ ശൈലി ഉള്‍പ്പെടെയുള്ളവ അധികൃതര്‍ക്ക് കൈമാറുകയും ചെയ്യും. സുദീര്‍ഘമായ സംഭാഷണത്തിലേക്കാണ് ഡെയ്സി തട്ടിപ്പുകാരനെ നയിക്കുക. എ.ഐ. ചാറ്റ്ബോട്ട് ആയതിനാല്‍ 24 മണിക്കൂറും ഏഴുദിവസവും ഡെയ്സി വര്‍ക്കിങ് മോഡിലായിരിക്കും.
ചാറ്റ്ബോട്ട് ആക്ടിവേറ്റ് ആകുന്നതോടെ സ്വന്തംനിലയ്ക്ക് ഡെയ്സി അമ്മൂമ്മ തട്ടിപ്പുകാരെ നേരിട്ടുതുടങ്ങും. നാല്പ്പതുമിനിട്ടുവരെ തട്ടിപ്പുകാരെ 'പോസ്റ്റാ'ക്കാനും ഈ എ.ഐ. ചാറ്റ്ബോട്ടിന് സാധിക്കും. തട്ടിപ്പുകാരെ സംബന്ധിച്ചിടത്തോളം വിലയേറിയ നൂറുകണക്കിന് മണിക്കൂറുകള്‍ ഇതിനകംതന്നെ ഡെയ്സി അമ്മൂമ്മ വിജയകരമായി പാഴാക്കിക്കളഞ്ഞിട്ടുണ്ടെന്ന് വിര്‍ജിന്‍ മീഡിയ ഒ 2 കമ്പനി പറയുന്നു.
Content Highlights: british telecom company introduces ai chatbot to chat with scammers
Published: 19 Nov 2024, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented