
തിരുവനന്തപുരം: ഓൺലൈനിലൂടെ പുസ്തകം വായിച്ച് വരുമാനം നേടാമെന്ന വാഗ്ദാനം നൽകി സംസ്ഥാനത്ത് വൻ ഓൺലൈൻ തട്ടിപ്പ്. 106 പേരിൽനിന്നായി ഒന്നേകാൽ കോടി രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം വിതുര പോലീസ് സ്റ്റേഷനിലാണ് തട്ടിപ്പിന് ഇരയായവർ കൂട്ടമായി പരാതി നൽകിയത്.
എൻടിഎൽ ടാസ്ക് ആപ്പ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. വാട്സ്ആപ്പ് വഴി ആപ്പിന്റെ ലിങ്ക് അയച്ചുനൽകിയാണ് തട്ടിപ്പുകാരൻ ആളുകളെ പദ്ധതിയിലേക്ക് എത്തിച്ചിരുന്നത്. റഫറൽ വഴി കൂടുതൽ പേരെ ചേർത്താൽ കമ്മിഷനും ആപ്പിൽ വാഗ്ദാനം ചെയ്തിരുന്നു.
തട്ടിപ്പിൽ ആളുകളെ കുടുക്കുന്നത് ഇങ്ങനെ: ആദ്യം ലിങ്ക് വഴി കയറി പേര് രജിസ്റ്റർ ചെയ്യണം. പിന്നാലെ വിവിധ നിരക്കുകളിലുള്ള അംഗത്വ ഫീസ് അടച്ചുവേണം തുടങ്ങാൻ. 1,800 രൂപ മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിച്ചാണ് പലരും പദ്ധതിയിൽ ചേർന്നത്. രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ദിവസവും ഇ-ബുക്കുകൾ വായിക്കാനുള്ള ടാസ്ക് നൽകും. ഒരു പുസ്തകം വായിച്ച് പൂർത്തിയാക്കിയാൽ 25 രൂപ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
മറ്റുള്ളവരെ ചേർത്താൽ കമ്മീഷനിലൂടെ കൂടുതൽ തുക നേടാമെന്ന് തട്ടിപ്പുകാരൻ വിശ്വസിപ്പിച്ചു. എന്നാൽ പണം പിൻവലിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ബുധനാഴ്ച മാത്രമേ പണം പിൻവലിക്കാൻ സാധിക്കൂ എന്നായിരുന്നു വ്യവസ്ഥ. ആദ്യഘട്ടത്തിൽ ചിലർക്ക് പണം ലഭിക്കുകയും ചെയ്തതോടെ വിശ്വാസ്യത നേടാനും തട്ടിപ്പുകാർക്ക് സാധിച്ചു. പിന്നീട് പണം ലഭിക്കാതാവുകയും ആപ്പ് പ്രവർത്തനരഹിതമാവുകയും ചെയ്തതോടെയാണ് പരാതികൾ ഉയർന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കൂടുതൽ പേർ തട്ടിപ്പിനിരയായത്. മലപ്പുറം, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിലും സമാന പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. തട്ടിപ്പിന് പിന്നിൽ തിരുവനന്തപുരം തൊളിക്കോട് സ്വദേശി സനോഫർ ഉൾപ്പെടെ ആറ് പേർക്ക് പങ്കുണ്ടെന്ന് പരാതിക്കാർ ആരോപിക്കുന്നു.
തട്ടിപ്പിന് പിന്നിൽ വലിയൊരു സംഘം ഉണ്ടെന്നാണ് പോലീസ് നിഗമനം. തട്ടിപ്പിന്റെ വേരുകൾ യുകെയിലേയ്ക്കും നീളുമെന്ന് പോലീസ് പറയുന്നു. യുകെ കമ്പനിയുടെ പേരുപയോഗിച്ചാണ് തട്ടിപ്പുകാരൻ ആളുകളെ വിശ്വസിപ്പിച്ചത്. സംഭവത്തിൽ വിതുര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. സമാന രീതിയിലുള്ള ടാസ്ക് അധിഷ്ഠിത ഓൺലൈൻ തട്ടിപ്പുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ടെന്നും സൈബർ സെൽ മുന്നറിയിപ്പ് നൽകി.
Content Highlights: Scammers duped 106 people out of Rs 1.25 crore using the NTL Task App., Victims were promised money for reading e-books and referring others via WhatsApp., Initial small payouts built trust before the app went inactive and funds were blocked., Police suspect a larger network with potential UK connections and transferred the case to the cyber cell.
Published: 30 Aug 2026, 09:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented